മുംബൈ ആക്രമണത്തിനു പിന്നിൽ പാക് ഭീകരരാണെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്.

0

ന്യൂഡൽഹി : മുംബൈ ആക്രമണത്തിനു പിന്നിൽ പാക് ഭീകരരാണെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാക് ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നവാസ് ഷെരീഫിന്റെ വെളിപ്പെടുത്തൽ. എന്തുകൊണ്ടാണ് മുംബൈ ആക്രമണത്തിന്റെ കോടതി നടപടികൾ പൂർത്തിയാക്കാത്തതെന്നും ഷെരീഫ് ചോദിച്ചു.

പാകിസ്ഥാനിൽ ഭീകര സംഘടനകൾ ഇപ്പോഴും സജീവമാണ് . ഈ ഭീകര സംഘടനകളെ അതിർത്തി കടന്ന് മുംബൈയിൽ ആക്രമണം നടത്തി 150 പേരെ വധിക്കാൻ അനുവദിക്കാൻ പാടുള്ളതാണോ ? എന്തുകൊണ്ടാണ് വിചാരണ നടപടികൾ പൂർത്തിയാക്കാൻ നമുക്ക് സാധിക്കാത്തത് ? അദ്ദേഹം ചോദിച്ചു.

7 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കാവുന്ന രാജ്യമാണ് പാകിസ്ഥാനെന്നും എന്നാൽ ഒരു രാജ്യത്ത് രണ്ടും മൂന്നും സമാന്തര സർക്കാരുണ്ടാകുമ്പോൾ ഇതൊക്കെ അപ്രാപ്യമാണെന്നും നവാസ് ഷെരീഫ് ചൂണ്ടിക്കാട്ടി. ഭീകരതയോടുള്ള പാക് സമീപനം അന്താരാഷ്ട്രതലത്തിൽ ഇപ്പോഴും സംശയ നിഴലിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭീകരതക്ക് എതിരാണ് തങ്ങളെന്ന് അഫ്ഗാനിസ്ഥാന് എല്ലാവരേയും വിശ്വസിപ്പിക്കാൻ കഴിഞ്ഞു. എന്നാൽ പാകിസ്ഥാന് അതിനു ഇതുവരെ കഴിഞ്ഞിട്ടില്ല . എന്തുകൊണ്ടാണിതെന്നും ഷെരീഫ് ചോദിച്ചു. ഹാഫിസ് സയിദ് , സഖി ഉർ റഹ്മാൻ ലഖ്വി തുടങ്ങിയ ലഷ്കർ ഭീകരർക്കെതിരെ നടപടിയെടുക്കാൻ പാകിസ്ഥാൻ മടി കാണിച്ചത് അന്താരാഷ്ട്രതലത്തിൽ വിമർശനത്തിന് ഇടയാക്കിയതിനെപ്പറ്റിയും നവാസ് ഷെരീഫ് പരോക്ഷമായി പരാമർശിച്ചു.

മുംബൈ ആക്രമണത്തിനു പിന്നിൽ പാക് ഭീകരരാണെന്ന ഇന്ത്യയുടെ ആരോപണം പാകിസ്ഥാൻ ഇക്കാലമത്രയും നിഷേധിച്ചിരുന്നു. ഈ വാദമാണ് നവാസ് ഷെരീഫിന്റെ തുറന്നു പറച്ചിലിലൂടെ പൊളിഞ്ഞത്.2008 നവംബറിൽ കടൽ വഴി മുംബൈയിലെത്തിയ പത്ത് ലഷ്കർ ഭീകരർ നടത്തിയ ആക്രമണ പരമ്പരയിൽ 166 പേരാണ് കൊല്ലപ്പെട്ടത് .മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

You might also like

-