മതവികാരം വ്രണപ്പെടുത്തി പ്രിയപ്രകാശനെതിരെ കേസ്സ്

0

ഹൈദരാബാദ്: രണ്ട് ദിവസം കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ വരെ വൈറലായ മലയാള സിനിമ അഡാര്‍ ലൗവിലെ പ്രണയഗാനം പുതിയ പ്രതിസന്ധിയില്‍. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് തെലങ്കാനയില്‍ ഒരു സംഘം മുസ്ലീം യുവാക്കള്‍ ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യര്‍ക്കെതിരെ ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിചിത്രത്തിലെ മാണിക്യമലരായ പൂവി…. എന്ന ഗാനം പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയതാണെന്ന്  യുവാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഗാനം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ ഇതിലെ പ്രവാചക വിരുദ്ധത വ്യക്തമായെന്നും ഇവരുടെ പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം പരാതി ലഭിച്ച കാര്യം സ്ഥിരീകരിച്ച ഹൈദരാബാദ് പൊലീസ് ഇക്കാര്യത്തില്‍ തുടര്‍ നടപടികളൊന്നും എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. പരാതിക്കാര്‍ ഇതുവരെ വീഡിയോയോ മറ്റു തെളിവുകളോ ഹാജരാക്കിയിട്ടില്ല അതിനാല്‍ തന്നെ പരാതിയില്‍ എഫ്.ഐ.ആറും ഇട്ടിട്ടില്ല- ഫലക്‌നുമ എസിപി സയ്യീദ്ദ് ഫായിയാസിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവസംവിധായകന്‍ ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന ഒരു അഡാര്‍ ലൗ കൗമാരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ചിത്രമാണ്. പ്രധാനവേഷങ്ങളില്‍ പുതുമുഖങ്ങളെത്തുന്ന സിനിമയില്‍ ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനമാണ് ആദ്യം വൈറലും ഇപ്പോള്‍ വിവാദത്തിലുമായിരിക്കുന്നത്. പി.എം.എ ജബ്ബാര്‍ എന്ന മാപ്പിളപ്പാട്ട് രചയിതാവ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുതിയ ഗാനം ഷാന്‍-വിനീത് ടീം പുതിയ ഈണത്തില്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഗാനത്തിലെ പ്രണയരംഗങ്ങളിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ സൈബര്‍ സെന്‍സേഷനായി മാറിയത്.