ബഹ്റൈനില്‍ നിയമക്കുരുക്ക് നാട്ടിലേക്ക് മടങ്ങാനാവാതെ മലയാളി വനിത ദുരിതത്തില്‍

 

ഒരുപാട് പ്രതീക്ഷകളുമായാണ് പലരും പ്രവാസ ലോകത്തെത്തുന്നത്. ചിലരുടെ സ്വപ്നങ്ങൾ സഫലമാകുമ്പോൾ മറ്റു ചിലരുടെ കിനാവുകളെല്ലാം മരുഭൂമിയിൽ വാടിക്കരിയുന്നു. ഇവരിലൊരാളായി നാട്ടിലേക്ക് മടങ്ങാൻ പോലും കഴിയാതെ നിസ്സഹായാവസ്ഥയിൽ കഴിയുകയാണ് ബഹ്റൈനിൽ ഒരു മലയാളി വനിത.
രോഗങ്ങൾ തളർത്തിക്കളഞ്ഞ ജീവിതം. സഹായിക്കാനും പരിചരിക്കാനും കൂടെ ആരുമില്ല. കൊച്ചി പള്ളുരുത്തി സ്വദേശിയായ റംലയുടെ പ്രവാസ ജീവിതം ബഹ്റൈനിൽ കൊച്ചുമുറിക്കകത്ത് ദുരിതമയമാണ്. കഴിഞ്ഞ 10 വർഷമായി ബഹ്റൈനിൽ വിവിധ ജോലികൾ ചെയ്ത് ജീവിച്ച ഇവർ രോഗങ്ങൾ ബാധിച്ചതോടെ കിടപ്പിലായി. വിസ ഇല്ലാതെ വിഷമിച്ചൊടുവിൽ റൺ എവേ കേസിൽ പെട്ടതോടെ നിയമക്കുരുക്കുകളിലും കുരുങ്ങി.

എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതി എന്നാണ് ഇപ്പോഴത്തെ ഏക ആഗ്രഹം. എന്നാൽ നിയമ പ്രശ്നങ്ങൾ അവസാനിക്കാതെ ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാവില്ല. എംബസിയുടെയും സുമനസ്സുകളുടെയും സഹായത്തോടെ പ്രശ്നങ്ങളിൽ നിന്ന് മോചനം നേടി നാട്ടിലുള്ള മകന്‍റെ അടുത്തെത്താൻ കഴിയും എന്ന പ്രതീക്ഷയിലാണിവർ.