പ്രൊഫഷണല്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്

0

പട്ടികവര്‍ഗ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്: സംസ്ഥാനതല വിതരണം മന്ത്രി ബാലന്‍ നിര്‍വഹിച്ചു
പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന പട്ടികജാതി-പട്ടികവര്‍ഗ, പിന്നോക്കക്ഷേമവകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് മൊത്തം 225 വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം ലാപ്‌ടോപ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രതേ്യകിച്ച് കുട്ടികളുടെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ ഈ ജനവിഭാഗത്തെ സാമൂഹ്യമായും സാമ്പത്തികമായും സാംസ്‌കാരികമായും മുന്നിലെത്തിക്കുവാന്‍ കഴിയൂ. ഈ ജനതയ്ക്ക് മുന്നേറാനുള്ള ഏക ആയുധം വിദ്യാഭ്യാസമാണ്. ഈ തിരിച്ചറിവോടെതെയാണ് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഓരോ നടപടിയും സ്വീകരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായത് കൊണ്ടുമാത്രം ഗോത്രവിഭാഗങ്ങള്‍ക്ക് ഗുണം ലഭിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനും സമീപത്ത് താമസിക്കുന്നതിനും ഭക്ഷണം ലഭിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഉണ്ടാകണം. അതിനാല്‍ പട്ടിക വര്‍ഗവിഭാഗക്കാരുടെ എം.ആര്‍.എസുകള്‍, ഹോസ്റ്റലുകള്‍ എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കുവാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. കിഫ്ബി മുഖേന പട്ടികവര്‍ഗ വിഭാഗത്തിനായി 100 കോടിയുടെയും പട്ടികജാതി വിഭാഗത്തിനായി 155 കോടി രൂപയുടെയും പുതിയ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിക്കഴിഞ്ഞു. രണ്ട് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍, അഞ്ച് പ്രീ-മെട്രിക് ഹോസ്റ്റലുകള്‍, രണ്ട് എം.ആര്‍.എസുകള്‍, ഒരു യൂത്ത് ഹോസ്റ്റല്‍, രണ്ടു വൊക്കേഷണല്‍ ട്രെയ്‌നിംഗ് സെന്ററുകള്‍ എന്നിവ പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമായി നിര്‍മ്മിക്കും. പ്രീമെട്രിക് ഹോസ്റ്റലില്‍ ഒരെണ്ണം കാസര്‍കോട് ജില്ലയിലെ ബേഡഡുക്കയിലാണ്.
പട്ടികവിഭാഗങ്ങള്‍ക്കുള്ള പദ്ധതികളില്‍ മുന്തിയ പരിഗണനയാണ് വിദ്യാഭ്യാസത്തിന് നല്‍കുന്നത്. ഈ വര്‍ഷത്തെ ബജറ്റില്‍ വിദ്യാഭ്യാസത്തിന് എസ്‌സിപി യില്‍ 464 കോടി രൂപയും ടിഎസ്പിയില്‍ 119 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. എഞ്ചിനീയറിംഗ് കോളേജുകളില്‍ പ്രവേശനം നേടി പരീക്ഷ പാസാകാതെ പുറത്തുപോകുന്ന എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ഇരുപതിനായിരത്തോളം വരുമെന്നാണ് കണക്ക്. ഇവര്‍ക്ക് റെമെഡിയല്‍ കോഴ്‌സും പ്രത്യേക സഹായവും നല്‍കി പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കുന്നതിന് ഒരു പ്രത്യേക സ്‌കീം ഈ വര്‍ഷം ആരംഭിക്കും. പട്ടികകവിഭാഗം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 50 ശതമാനം വര്‍ധിപ്പിച്ചു. വീണ്ടും 25 ശതമാനം കൂടി വര്‍ധിപ്പിക്കും. പട്ടികവിഭാഗക്കാരുടെ നൈപുണ്യ വികസനത്തിന് പ്രത്യേക പദ്ധതിയായി 42 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

You might also like

-