പൊതുമേഖലാ ബാങ്കുകളുടെ ലയനം: പ്രതിഷേധിക്കാൻ യൂണിയനുകൾ, രണ്ട് ദിവസം ബാങ്ക് അടച്ചിട്ട് സമരം

ഈ മാസം 26, 27 തീയതികൾ പണിമുടക്ക് നടക്കുക. നവംബർ രണ്ടാം വാരം മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും എഐബിഒസി അറിയിച്ചു.

0

ദില്ലി: പത്ത് പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തിനെതിരെ സമരത്തിനൊരുങ്ങി ബാങ്കിംഗ് മേഖലയിലെ നാല് യൂണിയനുകൾ. ഈ മാസം 26, 27 തീയതികൾ പണിമുടക്ക് നടക്കുക. നവംബർ രണ്ടാം വാരം മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും എഐബിഒസി അറിയിച്ചു.

ഈ മാസം 20-ന് ബാങ്കിംഗ് സംഘടനകളുടെ നേത്യത്വത്തിൽ പാർലമെൻറ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ധനമന്ത്രി നിർമ്മലാ സീതാരാമന് ഭീമൻ ഹർജി സമർപ്പിക്കുമെന്നും യൂണിയൻ അറിയിച്ചു. ലയനത്തിന് എതിരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് സംഘടനകളുടെ തീരുമാനം. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ, ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്സ് കോൺ​ഗ്രസ്, നാഷണൽ ഓർ​ഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ് എന്നീ സംഘടനകളാണ് സമരത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.

തകർച്ചയിലേക്ക് നീങ്ങുന്ന സാമ്പത്തിക രംഗം തിരികെപ്പിടിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഓ​ഗസ്റ്റ് 30-ന് ബാങ്കുകൾ ലയിപ്പിക്കുന്നതെന്നാണ് ധനമന്ത്രി നിർമലാ സീതാരാമന്‍റെ വിശദീകരണം. ലാഭകരമല്ലാത്ത പൊതുമേഖലാ ബാങ്കുകളെ വമ്പൻ പൊതുമേഖലാ ബാങ്കുകളുമായാണ് ലയിപ്പിച്ചത്. പത്ത് പ്രധാനപൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്.

ഇന്ത്യൻ ബാങ്ക്, അലഹാബാദ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക് കോർപ്പറേഷൻ ബാങ്ക്, കനറാ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്‍റൽ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നീ ബാങ്കുകളെയാണ് ലയിപ്പിക്കുന്നത്.

ഇന്ത്യൻ ബാങ്കും അലഹാബാദ് ബാങ്കും ലയിപ്പിച്ച് ‌രാജ്യത്തെ ഏഴാമത്തെ വലിയ ബാങ്കിങ് ശൃംഖലയാക്കും. 8.08 ലക്ഷം കോടി രൂപയാകും ബാങ്കിന്‍റെ മൊത്തം ബാങ്കിംഗ് ബിസിനസ്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക് കോർപ്പറേഷൻ ബാങ്ക് എന്നിവയെ ലയിപ്പിച്ച് രാജ്യത്തെ അഞ്ചാമത്തെ വലിയ ബാങ്കിങ് ശൃംഖലയാകും. 14.6 ലക്ഷം കോടിയാകും ഈ ബാങ്കിന്‍റെ മൊത്തം വ്യാപാരം. കനറാ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവ ലയിച്ചാൽ അത് രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ പൊതുമേഖലാ ബാങ്കാകും. ആകെ മൊത്തം ബാങ്കിംഗ് വ്യാപാരം 15.2 ലക്ഷം കോടി രൂപയാകും.

പഞ്ചാബ് നാഷണൽ ബാങ്കും ഓറിയന്‍റൽ ബാങ്കും യുണൈറ്റഡ് ബാങ്കും ഒന്നിച്ചാൽ പഞ്ചാബ് നാഷണൽ ബാങ്കായിരിക്കും ആങ്കർ ബാങ്ക്. ഇന്ത്യയിലെ രണ്ടാമത്തെ ബാങ്കായി പുതിയ ബാങ്ക് മാറും. ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങി. 2017-ൽ രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകളുണ്ടായിരുന്നു.

കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ വിജയാ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിച്ചിരുന്നു. 2019 ഏപ്രിൽ ഒന്നുമുതലായിരുന്നു ലയനം നിലവിൽ വന്നത്. 2017-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിപ്പിച്ചിരുന്നു.

You might also like

-