വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സത്യപ്രതിജ്ഞാ തിയതി പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ

0

കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സത്യപ്രതിജ്ഞാ തിയതി പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ. കര്‍ണാടകയില്‍ ബിജെപി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും 17 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു. ശിക്കാരിപുരയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയായാണ് യെദ്യൂരപ്പ മത്സരിക്കുന്നത്.

ഇന്ന് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച് സത്യപ്രതിജ്ഞാ തിയതി വരെ യെദ്യൂരപ്പ പരാമര്‍ശിച്ചത്. 15 ന് തെരഞ്ഞെടുപ്പ് ഫലം വരുന്നതിനൊപ്പം താന്‍ ഡല്‍ഹിയിലേക്ക് പറക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും യെദ്യൂരപ്പ പറഞ്ഞു. മോദിയെയും മറ്റു നേതാക്കളെയും 17 ന് നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. 224 അംഗ നിയമസഭയില്‍ ബിജെപിക്ക് 145 മുതല്‍ 150 സീറ്റുകള്‍ വരെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് താന്‍ സംസ്ഥാനത്താകെ മൂന്നു തവണ പര്യടനം നടത്തിയെന്നും നൂറു ശതമാനം വിജയപ്രതീക്ഷയാണുള്ളതെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ ജനങ്ങള്‍ മടുത്തുകഴിഞ്ഞു. എല്ലാവരും നിരാശയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നത് വെറും സ്വപ്നം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുറന്നടിച്ചു.

You might also like

-