പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ പുനര്‍നിര്‍മ്മിക്കു :പിണറായി

വിദഗ്ധ ഏജന്‍സിയെക്കൊണ്ട് പെട്ടെന്ന് പഠനം നടത്തിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം നടത്താനാണ് തീരുമാനം.

0

ശബരിമല തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ ഭാഗമായ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ പുനര്‍നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഇതിനുവേണ്ടി മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കും. വിദഗ്ധ ഏജന്‍സിയെക്കൊണ്ട് പെട്ടെന്ന് പഠനം നടത്തിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം നടത്താനാണ് തീരുമാനം. യോഗത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവരും പങ്കെടുത്തു. വെള്ളപ്പൊക്കത്തില്‍ പമ്പയിലെ അടിസ്ഥാനസൗകര്യങ്ങളാകെ തകര്‍ന്നിരിക്കുകയാണെന്ന് യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചു. പമ്പാനദി വഴിമാറി ഒഴുകിയതു കാരണം ഒരു പാലം തീര്‍ത്തും മൂടിപ്പോയി. പമ്പയിലെ നടപ്പന്തല്‍ നശിച്ചു. പമ്പയിലെ മണപ്പുറം ടോയ് ലെറ്റ് കോംപ്ലക്സ് ഇടിഞ്ഞുപൊളിഞ്ഞു. പാര്‍ക്കിംഗ് സ്ഥലങ്ങളെല്ലാം ഇല്ലാതായി. പോലീസ് സ്റ്റേഷന്‍റെ ഒരു ഭാഗവും ഇടിഞ്ഞു. ചുറ്റുപാടുമുളള റോഡുകളെല്ലാം തരിപ്പണമായി. പൊതുമരാമത്ത് വകുപ്പിന്‍റെ 1115 കി.മീ റോഡുകളാണ് തകര്‍ന്നത്. പമ്പയിലെ ആശുപത്രിയും ഉപയോഗിക്കാന്‍ പറ്റാത്ത നിലയിലാണ്. പമ്പ് ഹൗസും തകരാറിലായി. മൂന്നു പാലങ്ങള്‍ സമയബന്ധിതമായി നിര്‍മ്മിക്കുന്നതിന് സൈന്യത്തെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നവംബറിലാണ് ശബരിമല സീസണ്‍ തുടങ്ങുന്നത്. അതിനു മുമ്പ് അടിസ്ഥാന സൗകര്യങ്ങളെല്ലാം പുനഃസ്ഥാപിക്കാനാണ് തീരുമാനം. ചീഫ് സെക്രട്ടറി ടോം ജോസ്, ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാര്‍, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍, നിയമവകുപ്പ് സെക്രട്ടറി ഹരീന്ദ്രനാഥ്, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എ.ഡി.ജി.പി. അനന്തകൃഷ്ണന്‍, കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്. പിളള, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി. വേണു, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് പി.കെ. കേശവന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

You might also like

-