പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന്‍ കൊണ്ടൂരിന് വരവേല്‍പ്പ്

0

ന്യൂയോര്‍ക്ക്: ഹ്രസ്വ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിച്ചേര്‍ന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ് മാമന്‍ കൊണ്ടൂരിനു ന്യൂയോര്‍ക്ക് ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്. ഫൊക്കാന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, മാര്‍ത്തോമ്മ സഭ, വിവിധ മലയാളി സംഘടനകള്‍ തുടങ്ങിയവയുടെ പ്രതിനിധികളും, ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, ഫിലഡല്‍ഫിയ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പത്തനംതിട്ട ജില്ലക്കാരായ ഒട്ടേറെ സുഹൃത്തുക്കളും അഭ്യുദയകാംഷികളും കൊണ്ടൂരിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ജൂണ്‍ 5 മുതല്‍ ഫിലഡല്‍ഫിയായില്‍ നടക്കുന്ന ഫൊക്കാന ദേശീയ സമ്മേളനത്തിലും ഡാലസില്‍ നടക്കുന്ന മാര്‍ത്തോമ്മാ സഭയുടെ വടക്കേ അമേരിക്കാ – യൂറോപ്പ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിലും അദ്ദേഹം പങ്കെടുക്കും. കൂടാതെ പത്തോളം സംസ്ഥാനങ്ങളിലെ വിവിധ മലയാളി സംഘടനകള്‍ മുന്‍കൂട്ടി ക്രമീകരിച്ചിട്ടുള്ള പരിപാടികളും മലയാളി കൂട്ടായ്മകളും മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന സന്ദര്‍ശന പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശാലമായ സുഹൃത്ത് ബന്ധങ്ങള്‍ക്ക് ഉടമയായ കൊണ്ടൂര്‍ ഇതു രണ്ടാം തവണയാണ് അമേരിക്കന്‍ ഐക്യനാടുകള്‍ സന്ദര്‍ശിക്കുന്നത്.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് യൂത്ത് കോണ്‍ഗ്രസിന്റേയും കോണ്‍ഗ്രസിന്റേയും വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള ഇദ്ദേഹം പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ സ്വദേശിയാണ്. വിവിധ ട്രേഡ് യൂണിയനുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ കോണ്‍ഗ്രസ് നേതാവ് കേരള സംസ്ഥാന ഹൗസിങ് ഫെഡറേഷന്‍ വൈസ് ചെയര്‍മാന്‍ കൂടിയാണ്.

ജൂലൈ 25 ന് കേരളത്തിലേക്ക് മടങ്ങും. ഫൊക്കാന സീനിയര്‍ നേതാവായ ടി. എസ്. ചാക്കോ, ഓവര്‍സീസ് കോണ്‍ഗ്രസ് ഫിലഡല്‍ഫിയ സെക്രട്ടറിയും തിരുവല്ലാ മാര്‍ത്തോമ്മ കോളജ് യൂണിയന്‍ മുന്‍ ചെയര്‍മാനുമായിരുന്ന സന്തോഷ് ഏബ്രഹാം, വര്‍ഗീസ് കുര്യന്‍ തുടങ്ങിയവര്‍ സ്വീകരണത്തിനു നേതൃത്വം നല്‍കി.

You might also like

-