നഴ്സുമാരുടെ മിനിമം വേതനം വര്‍ദ്ധിപ്പിക്കാൻ ഹൈക്കോടതി അനുമതി

0

കൊച്ചി: മിനിമം വേതനം വര്‍ദ്ധിപ്പിക്കുന്നതിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി,നഴ്സുമാരുടെ മിനിമം വേതനം വര്‍ദ്ധിപ്പിച്ച്‌ വിജ്ഞാപനമിറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി. ആവശ്യമാണെങ്കില്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി വേതനം സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാരിന് ചര്‍ച്ച നടത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി.

നഴ്സുമാരുടെ വേതനം സംബന്ധിച്ച്‌ അന്തിമ വിജ്ഞാപനം ഇറക്കിയതിന് ശേഷം ആവശ്യമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ നഴ്സുമാരുടെ മിനിമം വേതനം നിശ്ചയിക്കാന്‍ ഹൈക്കോടതി പ്രതിനിധികളുടെ മദ്ധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

കരട് വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നെങ്കിലും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നായിരുന്നു നഴ്സുമാരുടെ നിലപാട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

ഏപ്രില്‍ 15 വിഷുദിനത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനായിരുന്നു യുഎന്‍എയുടെ തീരുമാനം. ഇതിനുശേഷവും വേതനം സംബന്ധിച്ച കാര്യത്തില്‍ വിജ്ഞാപനമിറക്കിയില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും നഴ്സുമാരുടെ സംഘടന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

You might also like

-