ജനകീയ സർക്കാർ മൂന്നാം വർഷത്തിലേക്ക് ആരൊക്കെ മറച്ചുവെയ്ക്കാൻ  ശ്രമിച്ചാലും  ഈ  വികസനമുന്നേറ്റം തുടരും

0

ആരൊക്കെ മറച്ചുവെയ്ക്കാൻ  ശ്രമിച്ചാലും
ഈ  വികസനമുന്നേറ്റം തുടരും…………- എം.വി ജയരാജൻ

സമഗ്ര വികസനം ലക്ഷ്യമിട്ട് ശരിയായദിശയിൽ കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ രണ്ടുവർഷം പൂർത്തിയാക്കിയിരിക്കുന്നു. വികസനത്തിന്റെ, പ്രതിബദ്ധതയുടെ, ജനക്ഷേമത്തിന്റെ രണ്ടുവർഷം. അടിസ്ഥാന സൗകര്യവികസനത്തിന് പ്രാധാന്യം നൽകിയ സർക്കാർ കാർഷികം, പരിസ്ഥിതി, സാമൂഹ്യ പെൻഷൻ  തുടങ്ങി എല്ലാ മേഖലകളിലും  ജനപക്ഷത്തു നിന്ന് തീരുമാനമെടുത്തു. അഴിമതി ഏറെക്കുറെ  അവസാനിപ്പിക്കാൻ കഴിഞ്ഞു. സമാധാനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കുറ്റവാളികളെ കണ്ടെത്തുന്നതിനും ശിക്ഷിപ്പിക്കുന്നതിനും സാധിച്ചു.  മെട്രോ പൂർത്തിയായി.ദേശീയപാത , ജലപാത, കണ്ണൂർ വിമാനത്താവളം തുടങ്ങി വികസനത്തിന്റെ  വലിയമുന്നേറ്റമാണ് എൽ.ഡി.എഫ് ഭരണത്തിന്റെ രണ്ടാണ്ട് നാടിന് സമ്മാനിച്ചത്.

കേരളത്തിലാദ്യമായി, മെയ് 2 ന് റിസൾട്ട് അറിയാനെത്തുമ്പോൾ തന്നെ  വിദ്യാർത്ഥികൾക്ക് അടുത്ത അധ്യയനവർഷത്തേക്കുള്ള  യൂണി ഫോമും പുസ്തകവും വിതരണം ചെയ്തു. വിദ്യാലയങ്ങൾക്ക് അന്താരാഷ്‌ട്ര നിലവാരം ഉൾപ്പടെ ഉറ പ്പാക്കുന്ന  സമഗ്ര വിദ്യാഭ്യാസ പരിഷ്ക്കരണ യജ്‌ഞം,ഭാവിയിൽ  കുടിവെള്ളം  പ്രതിസന്ധിയിലാവാതിരിക്കാനുള്ള കിണര്‍ റീ-ചാര്‍ജ്ജിംഗ്, ജലവും മണ്ണും കൃഷിയും സംരക്ഷിക്കുന്ന  ഹരിതകേരളം പദ്ധതി നടപ്പാക്കി. വനവിസ്തൃതി  വികസിച്ചു. രോഗീ സൗഹൃദം വിഭാവനം ചെയ്യുന്ന ആർദ്രം പദ്ധതിനടപ്പാക്കി. നഷ്ടത്തിലായിരുന്ന 13 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കി. നേരത്തെ 132 കോടി നഷ്ടത്തിലായിരുന്നു. എന്നാൽ ഇപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങൾ 04 കോടി ലാഭത്തിലായി.കെ.എസ്.ആർ.ടി.സി ലാഭത്തിലേക്ക് നീങ്ങുന്ന സ്ഥിതിയുണ്ടായി. ഐ.ടി അനുബന്ധ മേഖലകളിലുള്ള വലിയ വളർച്ച ദൃഷ്‌ടാന്തമായി. 65 പുതിയ കമ്പനികൾ വന്നു. 20 % സോഫ്റ്റ് വെയർ കയറ്റുമതി ചെയ്യാനായി.പുതിയ ടെക്‌നോസിറ്റി 400 ഏക്കറിൽ ആരംഭിച്ചു.

മാൻഹാൾ ജോലിക്കായി റോബോട്ടുകളെ രംഗത്തിറക്കിയ മാറ്റംഇക്കാലയളവിലെ മറ്റൊരു വലിയ വികസനമാണ്. മാൻഹോളിൽ മനുഷ്യജീവിതം ഹോമിക്കപ്പെടുന്ന സ്ഥിതിമാറ്റിയെടുക്കാനും പകരം വികസിത രാഷ്ട്രങ്ങളിലെപ്പോലെ റോബോർട്ടുകളെക്കൊണ്ട് ഈ ജോലി ചെയ്യിക്കാനും സാധിച്ചു.പരിഷ്‌കൃത സമൂഹത്തിനനുസരിച്ചുള്ള  മാറ്റമായി ഇത് മാറി.  ആരോഗ്യമേഖലയിൽ വലിയ വികസനം കൊണ്ടുവന്നു. മെഡിക്കൽ കോളേജുകൾ നവീനവത്ക്കരിച്ചു. അഞ്ചുവർഷം കൊണ്ട് ദുരിതാശ്വാസ നിധിയിൽ നിന്നും കൊടുത്തത് 419 കോടിയാണെങ്കിൽ രണ്ടുവർഷം കൊണ്ട് എൽ.ഡി.എഫ് സർക്കാർ 393  കോടി അനുവദിച്ചു. ക്ഷേമ പെൻഷനുകൾ ഇരട്ടിയാക്കി. ചലച്ചിത്ര പുരസ്‌ക്കാര വിതരണം  ജ നകിയ മേളകളാക്കി. കായികരംഗത്തും മുന്നേറ്റം ഇക്കാലയളവിലുണ്ടായി. കാർഷികരംഗത്തെ ഇക്കാലയളവിലെ വികസനവും ആരും സമ്മതിക്കുന്നതാണ്. 25000 ഏക്കറിൽ പുതുതായി നെൽകൃഷി ആരംഭിച്ചു. ഗ്രോ ബാഗുകൾ ഉൾപ്പടെ അനുവദിച്ച് പച്ചക്കറി സ്വയം പര്യാപ്തതയ്‌ക്കായി സർക്കാർ നടപടി സ്വീകരിച്ചതും ഇക്കാലയളവിലെ നിശ്ശബ്ദവിപ്ലവം തന്നെയായി മാറി.

അടിസ്ഥാന വിഭാഗങ്ങൾക്ക് ഊന്നൽ കൊടുത്ത വികസനമാണ് മറ്റൊന്ന്. പട്ടികമേഖലയിലെ തുക ചെലവഴിക്കാതെ പാഴാക്കുന്ന സ്ഥിതി മാറി. ഇത്തവണ മുഴുവൻ തുകയും ചെലവഴിച്ചു.സ്ത്രീകളുടെ തൊഴിൽ മേഖലയായ  സ്‌കീം വർക്കേഴ്‌സിന്റെ വേതനം വർദ്ധിപ്പിച്ചു. ട്രാൻസ്ജൻഡേഴ്‌സിന് മെട്രോയിൽ തൊഴിൽ സംവരണം അടക്കം നയം രൂപികരിച്ചു. ചരിത്രത്തിലാദ്യമായി ദളിതനും പൂജാരിയാകാനുള്ള സാഹചര്യം കേരളത്തിലുണ്ടായി.ചുരുക്കത്തിൽ മൂഹ്യനീതി,ക്ഷേമം, സ്ത്രീ സുരക്ഷ, തൊഴിലില്ലായ്‌മ പരിഹരിക്കാനുള്ള നടപടികൾ, ഓഫീസുകളിൽ ഫയൽ കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കുന്നതിനുള്ള നടപടി, പ്രവാസിക്ഷേമം തുടങ്ങി ചെറുതും വലുതുമായ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ നാടിന് സമ്മാനിക്കാൻ ചുരുങ്ങിയകാലം കൊണ്ട് എൽ.ഡി.എഫ്  സർക്കാരിന് സാധിച്ചു.വർഗ്ഗിയ-ഫാസിസ്റ്റു ഭീകരത ഇരുൾ വീഴ്‌ത്തുന്ന ഇന്ത്യൻ സാഹചര്യത്തിൽ മതനിരപേക്ഷത ശക്തിപ്പെടുത്തുന്ന നയം സ്വീകരിച്ചുകൊണ്ടാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ മുന്നോട്ടുപോകുന്നത്.പ്രവർത്തന  മികവിന് 24 ദേശീയ-അന്തർദേശീയ പുരസ്‌ക്കാരങ്ങൾ പിണറായി സർക്കാരിന് ലഭിച്ചതുതന്നെ,ആര് വാർത്തയാക്കിയാലും ഇല്ലെങ്കിലും ഈ സർക്കാരിന്റെ പ്രവർത്തനം അംഗീകരിക്കപ്പെടുന്നു എന്നതിന്റെ വ്യക്തതയാണ്.

സി പി ഐ എം കേന്ദ്രകമ്മറ്റി അംഗവും മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രൈവറ്റ് സെക്കറട്ടറിയുമാണ് ലേഖകൻ

You might also like

-