ചെറായ് ബീച്ചില്‍ ജലകായികവിനോദങ്ങള്‍ക്ക് തുടക്കം

0

കൊച്ചി: ചെറായി ബീച്ചില്‍ സാഹസിക ജല കായികവിനോദ(അഡ്വഞ്ചര്‍ വാട്ടര്‍ സ്‌പോര്‍ട്‌സ്)ങ്ങള്‍ക്ക് തുടക്കം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ ചെറായ് വാട്ടര്‍സ്‌പോര്‍ട്‌സാണ് സേവനദാതാവെന്ന നിലയില്‍ സാഹസിക കടല്‍ യാത്രകള്‍ ഉള്‍പ്പെടെ വിവിധ ഉല്ലാസപരിപാടികള്‍ സംഘടിപ്പിക്കുന്നത്.
വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ ഭാഗമായി കട്ടമരന്‍ യാത്രയുടെ ഉദ്ഘാടനം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നിര്‍വഹിച്ചു. കാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഉല്ലാസനൗകയിലേറി 20 മിനിറ്റോളം കളക്ടര്‍ കടല്‍യാത്ര നടത്തി. സാഹസിക വിനോദസഞ്ചാരത്തിന് പ്രോത്സാഹനം നല്‍കുകയെന്ന സംസ്ഥാന ടൂറിസം നയത്തിന്റെ ഭാഗമായാണ് ചെറായിയില്‍ ഇത്തരം സംരംഭങ്ങള്‍ക്ക് ഡി.ടി.പി.സി പിന്തുണ നല്‍കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനൊപ്പം സഞ്ചാരികള്‍ക്ക് നൂതനവും എന്നും ഓര്‍മയില്‍ നില്‍ക്കുന്നതുമായ വിനോദസഞ്ചാരാനുഭവം ലഭ്യമാക്കുകയെന്ന ലക്ഷ്യം കൂടി ഡി.ടി.പി.സിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറായി ബീച്ചിലെ ടൂറിസം പദ്ധതികളുടെ അവലോകനയോഗവും പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ടൂറിസം സംരംഭകരും യോഗത്തില്‍ പങ്കെടുത്തു.
ചെറായിയെ സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാന ബീച്ച് ഹബ്ബുകളിലൊന്നാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. ബീച്ചില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയുടെ ഭാഗമായി 50 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായിട്ടുണ്ട്. കെല്‍ മുഖേന ഡി.ടി.പി.സി ഈ പദ്ധതി നടപ്പാക്കും. ആറു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയില്‍ മാലിന്യ സംസ്‌കരണം, 10 മിനി ഹൈമാസ്റ്റ് വിളക്കുകള്‍, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്, സുരക്ഷാക്രമീകരണങ്ങള്‍, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രം തുടങ്ങിയവ ഉള്‍പ്പെടുന്നു.
ബീച്ച് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായി ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മുഖേന 4.50 കോടി രൂപയുടെ വികസനവും ചെറായിയില്‍ ലക്ഷ്യമിടുന്നു. പാര്‍ക്കിങ് ഏരിയ, ടോയ്‌ലറ്റ് സമുച്ചയം, കടമുറികള്‍, ലൈഫ് ഗാര്‍ഡ് ഷെല്‍ട്ടറുകള്‍ എന്നിവയും നടപ്പാക്കും. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ഭരണാനുമതി ലഭിച്ച തീരദേശ ഹൈവെ പദ്ധതിയും ചെറായി ബീച്ചിന്റെ വികസനത്തിന് സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍, ഡി.ടി.പി.സി നിര്‍വാഹക സമിതി അംഗം പി.ആര്‍. റെനീഷ്, സെക്രട്ടറി വിജയകുമാര്‍, ചെറായ് വാട്ടര്‍സ്‌പോര്‍ട്‌സ് പാര്‍ട്ണര്‍മാരായ ടി.പി. രാജീവ്, മെഷ് മനോഹരന്‍, ചെറായ് ടൂറിസം അസോസിയേഷന്‍, മുസിരിസ് ഹെറിറ്റേജ് ടൂറിസം കമ്പനി, കെല്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

You might also like

-