ചെങ്ങറയിൽ വീണ്ടും ഭൂസമരം

0

പതനംതിട്ട :ഭൂരഹിതര്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചതോടെ ചെങ്ങറ ഭൂസമരം വീണ്ടും സജീവമാകുന്നു. വാസയോഗ്യമായ ഭൂമി, മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ എന്നിവ വേണമെന്ന് ആവശ്യപ്പെട്ടാണ് പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിന് മുന്നില്‍ സമരം പുരോഗമിക്കുന്നത്. ചെങ്ങറ പാക്കേജ് പ്രകാരം ഭൂമി ലഭിച്ചവരും സമര പാതയിലാണ്.

രണ്ട് വിഭാഗങ്ങളായി ചേരിതിരിഞ്ഞാണ് ചെങ്ങറ ഭൂസമരം ഇപ്പോള്‍ പുരോഗമിക്കുന്നത്. ടി ആര്‍ ശശി നേതൃത്വം നല്‍കുന്ന അംബേദ്കര്‍ ഗ്രാമ വികസന സൊസൈറ്റി പ്രവര്‍ത്തകര്‍ 12 ദിവസം മുമ്പ് കളക്ട്രേറ്റ് പടിക്കല്‍ ആരംഭിച്ച സത്യഗ്രഹ സമരം ഇപ്പോള്‍ അനിശ്ചിതകാല സമരമായി പരിണമിച്ചു. ളാഹ ഗോപാലനെ അനുകൂലിക്കുന്ന സാധുജന വിമോചന സംയുക്തവേദി പ്രവര്‍ത്തകരും സമാന്തരമായി സമര പാതയിലാണ്. ചെങ്ങറ നിവാസികള്‍ക്കായി ബാലാവകാശ കമ്മീഷന്‍ പട്ടികജാതി വികസന കമ്മീഷന്‍, സംസ്ഥാന ഗവര്‍ണര്‍ എന്നിവരുടെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് സൊസൈറ്റി പ്രവര്‍ത്തകരുടെ സമരം. സൊസൈറ്റി പ്രവര്‍ത്തകര്‍ ചെങ്ങറയില്‍ നിന്ന് ഇറക്കിവിട്ട സതീഷും കുടുംബവും നടത്തുന്ന രാപ്പകല്‍ സമരം 72 ദിവസം പിന്നിട്ടു. സാധുജന വിമോചന സംയുക്ത വേദിയുടെ പിന്തുണയോടെയാണ് സമരം. ചെങ്ങറ പാക്കേജില്‍ അനുവദിച്ച ഭൂമി വാസയോഗ്യമല്ലെന്നാരോപിച്ച് പുനരധിവസിപ്പിക്കപ്പെട്ടവരും സമര പാതയിലാണ്. ചെങ്ങറയില്‍ വികസന സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭൂസമരത്തെ സി പി എം ജില്ലാ നേതൃത്വം അംഗീകരിക്കുന്നില്ല. അതേസമയം പുനരധിവസിക്കപ്പെട്ടവരുടെ സമരത്തിന് സി പി ഐ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.

You might also like

-