കർണ്ണാടകയിലേക്ക് കണ്ണുകൾ ! ആടിയൊഴുക്കിൽ ആരാകപ്പെടും?

0


ബംഗളുരു:  കർണ്ണാടകയിൽ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി കോണ്‍ഗ്രസ് ജെഡിഎസ് സഖ്യവും ബിജെപിയും ഗവര്‍ണറുടെ വസതിയിലെത്തി .തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് എന്ന നിലയില്‍ ബിജെപി നേതാവ് യെദ്യൂരപ്പയാണ് ആദ്യം ഗവര്‍ണര്‍ വജുഭായ് വാലയെ കണ്ടത്. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാ‍ഴ്ചത്തെ സമയം അനുവദിക്കണമെന്നും അപേക്ഷിച്ചു.യെദ്യൂരപ്പയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്‍റെ നേതാക്കളും ഗവര്‍ണറുടെ വസതിയിലെത്തി. സിദ്ദരാമയ്യ, കുമാരസ്വാമി, മല്ലികാര്‍ജുന്‍ ഗാര്‍ഗെ എന്നിവര്‍ ഒന്നിച്ചാണ് ഗവര്‍ണറെ കാണാനെത്തിയത്. സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന് ചൂണ്ടികാട്ടിയ അവര്‍ തങ്ങളെ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ല. കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം നിലപാട് അറിയിക്കാമെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ മോദിയുടെ അടുത്തസുഹൃത്തും ആര്‍എസ്എസ് നേതാവും ഗുജറാത്ത് മുന്‍മന്ത്രിയും സ്പീക്കറുമൊക്കെയുമായ വജുഭായ് വാല ബിജെപിക്ക് അനുകൂലമായി നിലകൊള്ളുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തിലെത്തി നില്‍ക്കെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ജി പരമേശ്വരയുടെ നേതൃത്വത്തിലെത്തിയ സംഘത്തെ ഗവര്‍ണര്‍ വാലാ മടക്കിയയച്ചിരുന്നത് ആരോപണത്തിന് അടിത്തറ പാകുന്നു .തിരഞ്ഞെടുപ്പിന്‍റെ പൂര്‍ണരൂപം വന്നശേഷം മാത്രമെ തീരുമാനം കൈകൊള്ളുവെന്ന് പറഞ്ഞിരുന്ന ഗവര്‍ണര്‍ നിലപാട് പൊടുന്നനെ മാറ്റി, തന്‍റെ വസതിയിലെത്തിയ യെദ്യൂരപ്പയെ അദ്ദേഹം ആവേശപൂര്‍വ്വം സ്വീകരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംസ്ഥാന ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാനുള്ള മോദിയുടെ നീക്കമായാണ് ഇതിനെ രാഷ്ട്രീയ വൃത്തങ്ങള്‍ കാണുന്നത്. യെദ്യൂരപ്പയെ കണ്ടശേഷം മാത്രമാണ് ഗവര്‍ണര്‍ ബിജെപി ജെഡിഎസ് നേതാക്കളെ കാണാന്‍ കൂട്ടാക്കിതു കുടിക്കാഴ്ച്ചക്കായ് സമയം അനുവദിച്ചത് .കാര്യങ്ങൾ അത്ര പന്തിയിലാണ് മനസിലാക്കിയ കോൺഗ്രസ്സ് ജാഗ്രതയോടെ കാര്യങ്ങൾ വീക്ഷിക്കുന്നത്

ജെഡിഎസിന്‍റെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടാക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പ് നല്‍കിയ കോണ്‍ഗ്രസ് ജെഡിഎസിന് നിരുപാധിക പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് രണ്ട് ഉപമുഖ്യമന്ത്രിമാരും 20 മന്ത്രിമാരും ഉണ്ടാകുന്ന നിലയിലാണ് ധാരണ. ജെഡിഎസിന് 14 മന്ത്രിമാരുണ്ടാകുമെന്ന കാര്യത്തിലും തത്വത്തില്‍ ധാരണയായിട്ടുണ്ട്.

ബിജെപി 104 സീറ്റുകളില്‍ മാത്രമാണ് വിജയിക്കുകയോ മുന്നിട്ട് നില്‍ക്കുകയോ ചെയ്യുന്നത്. 224 അംഗ നിയമസഭയില്‍ 222 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇത് പ്രകാരം കേവല ഭൂരിപക്ഷത്തിന് 112 സീറ്റുകളാണ് വേണ്ടത്. കോണ്‍ഗ്രസ് 78 സീറ്റുകളില്‍ വിജയിക്കുകയോ മുന്നിട്ട് നില്‍ക്കുകയോ ചെയ്യുകയാണ്. ജെഡിഎസ് ആകട്ടെ 37 സീറ്റുകളിലാണ് മുന്നേറ്റം നടത്തിയത്.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ലീഡ് നിലയില്‍ 122 സീറ്റില്‍ ബിജെപി എത്തിയെങ്കിലും പിന്നീട് 104 ആയി ചുരുങ്ങുകയായിരുന്നു. ഈ ഘട്ടത്തിലാണ് ബിജെപിയെ പുറത്തുനിര്‍ത്തുന്നതിനുള്ള തിരക്കുപിടിച്ചുള്ള രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് കളമൊരുങ്ങിയത്. കോണ്‍ഗ്രസ് നിരുപാധിക പിന്തുണ അറിയിച്ചതോടെ ജെഡിഎസും വഴങ്ങുകയായിരുന്നു.

You might also like

-