കോഴിക്കോട് വൻകഞ്ചാവ് വേട്ട 8പേര് പിടിയിൽ 9 കിലോ കഞ്ചാവെകണ്ടെടുത്തു

0

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ കഞ്ചാവ് വില്‍പനക്കാരേയും ഉപയോഗിക്കുന്നവരേയും പിന്തുടര്‍ന്ന് സ്പഷ്യല്‍ സ്‌ക്വാഡ്. കോഴിക്കോട് നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ എ ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡംഗങ്ങളും നോര്‍ത്ത് അസി. കമ്മീഷണര്‍ ഇ പി പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡംഗങ്ങളും ആന്റി ഗുണ്ടാസ്‌ക്വാഡ് അംഗങ്ങളും കോഴിക്കോട് ജില്ലയിലെ എക്‌സൈസ് സംഘവും ചേര്‍ന്ന് മൂന്നു ദിവസത്തിനുള്ളില്‍ ഒമ്പതു പേരെയാണു പിടികൂടിയത്. രാപ്പകല്‍ ഭേദമന്യേ കഞ്ചാവ് ശൃംഖലയുടെ പിന്നാലെയുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികളെല്ലാം പിടിയിലായത്. ഇവരെ കൂടാതെ ഇതരസംസ്ഥാനത്തു നിന്നും കഞ്ചാവ് എത്തിച്ചു നല്‍കുന്നവരെ കുറിച്ചും സ്‌പെഷ്യല്‍ സ്‌ക്വാഡംഗങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ മൊത്തവിതരണക്കാരായ കൂടുതല്‍ പേരെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് ഉപയോഗിക്കുന്ന സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെ കുറിച്ചും പോലീസ് വിവരം ശേഖരിക്കുന്നുണ്ട്. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന ചില്ലറവില്‍പനക്കാരെയും പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
മൊത്ത വിതരണക്കാരായ തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ചില്ലറ വില്‍പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന തമിഴ്‌നാട് മധുര സ്വദേശികളായ കുമാര്‍ (34), സതീഷ് (38) എന്നിവരെ 8.300 ഗ്രാം കഞ്ചാവുമായാണ് വെള്ളയില്‍ പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും കഞ്ചാവു വാങ്ങിച്ചു നഗരപരിധിയില്‍ ചില്ലറ വില്‍പന നടത്തുന്ന കുഞ്ഞാവ എന്ന ദിനേശന്‍ (40) നെ 1.700 ഗ്രാം കഞ്ചാവുമായാണ് കസബ പോലീസ് പിടികൂടിയത് . തിങ്കളാഴ്ച ദക്ഷിണേന്ത്യയില്‍ ഉടനീളം കഞ്ചാവ് വില്‍ക്കുന്ന അമീര്‍ഖാനെ കോഴിക്കോട്ടെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. കൂടാതെ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി കൊണ്ടുവന്ന നാലു കിലോ കഞ്ചാവുമായി ബേപ്പൂര്‍ സ്വദേശികളായ ചെറുപുരയ്ക്കല്‍ അബ്ദുള്‍ ഗഫൂര്‍(39), മച്ചിലകത്ത് ഹനീഫ(51) എന്നിവരേയും കല്ലായി കോയവളപ്പ് നജീബ് (32)നേയും ബേപ്പൂര്‍ പോലീസും മാറാട് പോലീസും പിടികൂടിയിരുന്നു. കോയമ്പത്തൂര്‍, കാസര്‍ഗോഡ്, ഉപ്പള എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് നഗരത്തില്‍ എത്തിച്ചു സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്തുന്ന ഒളവണ്ണ കോയമ്പുറത്ത് മോഹനനെ എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്. രണ്ടേമുക്കാല്‍ കിലോ കഞ്ചാവുമായി ചെറുവണ്ണൂര്‍ കൊളത്തറ സ്വദേശി സിദ്ദീഖ് ഷമീര്‍ എന്ന അട്ടുവിനേയും എക്‌സൈസ് സംഘം പിടികൂടിയത് തിങ്കളാഴ്ചയാണ്.
കഴിഞ്ഞ ദിവസം പിടികൂടിയ കുമാറും സതീഷും വര്‍ഷങ്ങളായി കേരളത്തിലേക്ക് വലിയ അളവില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാനികളാണ്. ജില്ലയില്‍ കഞ്ചാവ് വില്‍പന നടത്തുന്ന പലര്‍ക്കും കുമാറാണ് എത്തിച്ചു നല്‍കുന്നതെന്നാണ് പോലീസിനു ലഭിച്ച വിവരം. സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തുന്ന ഇയാള്‍ വിശ്വസ്തര്‍ക്ക് മാത്രമാണ് ഇവ എത്തിച്ചു നല്‍കാറുള്ളത്. ആന്ധ്രാപ്രദേശില്‍ നിന്നും കഞ്ചാവ് മധുരയിലെത്തിക്കുകയും ആവശ്യാനുസരണം കേരളത്തില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്. ആവശ്യക്കാര്‍ ഇയാളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിനു ശേഷമാണ് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകളുള്ള മാരുതി ഒമ്‌നി വാഹനം ഉപയോഗിച്ചാണ് കഞ്ചാവ് കടത്തുന്നത്. ഒരു മാസത്തില്‍ രണ്ടു തവണ ഇയാള്‍ കേരളത്തിലെത്തുന്നുണ്ടെന്നു പോലീസിനു വിവരം ലഭിച്ചിരുന്നു.
കഞ്ചാവുമായി വരുമ്പോള്‍ കുമാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് മനസിലാക്കിയ പോലീസ് കഴിഞ്ഞ 10 ദിവസത്തോളമായി ഇയാളെ പിടികൂടുന്നതിനായി കാത്തിരിക്കുകയായിരുന്നു. ചൊവ്വാഴ്ച ഇയാള്‍ തമിഴ്‌നാട്ടില്‍ നിന്നും പുറപ്പെട്ടിട്ടുണ്ടെന്നു മനസിലാക്കിയ അന്വേഷണസംഘം കേരളത്തില്‍ പ്രവേശിച്ചത് മുതല്‍ ഇയാളെ പിന്തുടര്‍ന്നു. കുമാറിന്റെ വാഹനത്തില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം വെള്ളയില്‍ പോലീസിന് രഹസ്യ വിവരം നല്‍കുകയും തുടര്‍ന്ന് വെള്ളയില്‍ എസ് ഐ ജംഷീദിന്റെ നേതൃത്വത്തില്‍ വെള്ളയില്‍ പോലീസും ആന്റി ഗുണ്ടാ സ്‌ക്വാഡും നോര്‍ത്ത് ക്രൈം സ്‌ക്വാഡും ചേര്‍ന്ന് വെസ്റ്റ്ഹില്‍ ഭട്ട് റോഡ് ബീച്ച് പരിസരത്തു വച്ച് 8.300 ഗ്രാം കഞ്ചാവുമായി കുമാറിനെയും കൂട്ടാളിയായ സതീഷിനെയും പിടികൂടുകയുമായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കുമാറില്‍ നിന്നും സ്ഥിരമായി കഞ്ചാവു വാങ്ങാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗോവിന്ദപുരം പറമ്പില്‍തൊടി ദിനേശന്‍ (40) പിടിയിലായത്. കഞ്ചാവ് പിടികൂടുന്നതിനായി നഗരത്തില്‍ പെട്രോളിങും അതിനിടെ ശക്തമാക്കിയിരുന്നു. വില്‍പക്കായി ദിനേശന്‍ കഞ്ചാവ് കൊണ്ടുവരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസബ എസ് ഐ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം മാങ്കാവ് ജങ്ഷനില്‍ പരിശോധനക്കിടെ ദിനേശനെ കാണുകയായിരുന്നു. പോലീസിനെ കണ്ട ദിനേശന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും പിന്നീട് ഇയാളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. ഇയാളില്‍ നിന്നും 1.700 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. നഗരത്തില്‍ കഞ്ചാവ് വില്‍പന നടത്തുന്നതില്‍ പ്രധാനിയാണ് ഇയാളെന്ന് കസബ പോലീസ് അറിയിച്ചു. മയക്കുമരുന്നു കേസില്‍ 12 വര്‍ഷം ജയില്‍ ശിക്ഷയനുഭവിച്ചയാളാണ് ദിനേശന്‍ . കോഴിക്കോട് സിറ്റിയില്‍ വിവിധ സ്‌റ്റേഷനുകളിലായി എട്ടോളം കേസുകളിലെ പ്രതിയാണ്. മൂന്നു കേസുകളില്‍ വിചാരണ നേരിടുന്നതിനിടെയാണ് വീണ്ടും ദിനേശന്‍ പിടിയിലാവുന്നത്.

You might also like

-