കോണ്‍ഗ്രസുമായി സഖ്യമില്ല. സിപിഐ എം കരട് പ്രമേയം ,

0

ഡല്‍ഹി: കോണ്‍ഗ്രസിനു ബിജെപിയുടെ അതേ വര്‍ഗസ്വഭാവമാണെന്നും അത് വൻകിട ബൂർഷ്വാ – ജന്മി വർഗ താല്പര്യങ്ങളുടെ സംരക്ഷകരാണെന്നും സിപിഐഎം പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയം പറയുന്നു. ഹൈദരാബാദില്‍ഏപ്രില്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷട്രീയ പ്രമേയം പാർട്ടിക്കുള്ളിൽ ചർച്ചക്ക് വച്ചു.

ആര്‍എസ്എസുമായി അടിസ്ഥാനപരമായി ബന്ധപ്പെട്ടിരിക്കുന്ന ബിജെപി യാണ് മുഖ്യ ശത്രുവെന്നു വ്യക്തമാക്കുന്ന പ്രമേയം ഹിന്ദുത്വ ശക്തികളെ ഒറ്റപ്പെടുത്താനും ജനവിരുദ്ധ സാമ്പത്തിക നയത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാനും കേന്ദ്ര സർക്കാരിനെ പരാജയപ്പെടുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. അധികാരസ്ഥാനങ്ങളില്‍ ആര്‍എസ്എസുകാരെ നിയമിച്ച ബിജെപി വര്‍ഗീയ അജണ്ട നടപ്പാക്കുകയാണെന്നും പ്രമേയം ആരോപിക്കുന്നു.

മുഖ്യശത്രുവായ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോയില്ലെന്നു രാഷട്രീയ പ്രമേയം പറയുന്നു. ബിജെപി വിരുദ്ധ വോട്ടുകൾ സമാഹരിക്കാൻ ഉതകുന്ന വിധം യുക്തമായ തന്ത്രങ്ങൾ മെനയുമെന്നു എട്ടു പോയിന്റുകളുള്ള രാഷ്ട്രിയ നയം വ്യക്തമാക്കുന്നു.

ബിജെപിയും കോണ്‍ഗ്രസും ഒരേ വര്‍ഗസ്വഭാവമുള്ള പാര്‍ട്ടികളാണ്, എന്നാല്‍ ഫാസിസ്റ്റ് ബൂര്‍ഷ്വാ പാര്‍ട്ടിയായ ബിജെപിയാണ് മുഖ്യശത്രു. ഭരണത്തിന്റെ തണലിൽ ബിജെപി രാജ്യത്ത് വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയാണ്. ബൂര്‍ഷ്വാ, കുത്തകകളെ സഹായിക്കുന്ന നയമാണ് കോണ്‍ഗ്രസിന്റെയും. അതിനാല്‍ തന്നെ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി യാതൊരുവിധ തിരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ ഇല്ല, കരട് വ്യക്തമാക്കി. രാഷ്ട്രീയമായും സംഘടനാപരമായും തകര്‍ന്ന കോണ്‍ഗ്രസ് വര്‍ഗീയതയെ നേരിടാന്‍ പ്രാപ്തരല്ലെന്നും കരട് പ്രമേയം കുറ്റപ്പെടുത്തുന്നു.

അതേസമയം പാര്‍ലമെന്റിനകത്ത് വിഷയാധിഷ്ടിതമായി പ്രതിപക്ഷപാര്‍ട്ടികളുമായി സര്‍ക്കാരിനെതിരെ സഹകരിക്കും. പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്തണമെന്നും കേന്ദ്രത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് ഇടത് കക്ഷികളെ ഒന്നിപ്പിക്കണമെന്നും കരട് പ്രമേയം പറയുന്നു.

You might also like

-