കൂട്ടബലാത്സംഗത്തിന‌ും ആസിഡാക്രമണത്തിനും ഇരയാകുന്നവർക്ക‌് പത്തുലക്ഷം രൂപവരെ നഷ്ടപരിഹാരം; ശുപാർശ  സുപ്രീംകോടതി അംഗീകരിച്ചു.

0

ന്യൂഡൽഹി: കൂട്ടബലാത്സംഗത്തിന‌് ഇരയാകുന്നവർക്ക‌് അഞ്ചുലക്ഷം രൂപ മുതൽ പത്തുലക്ഷം രൂപവരെ നഷ്ടപരിഹാരം ഉറപ്പാക്കും. ലൈംഗികാതിക്രമത്തിനും ആസിഡാക്രമണത്തിനും ഇരയാകുന്നവർക്ക‌് നഷ്ടപരിഹാരം നൽകുന്നതുസംബന്ധിച്ച‌് നാഷണൽ ലീഗൽ സർവീസ‌് അതോറിറ്റി (നൽസ) സമർപ്പിച്ച ശുപാർശ വെള്ളിയാഴ‌്ച സുപ്രീംകോടതി അംഗീകരിച്ചു.

രാജ്യത്താകമാനം ഇത‌് ബാധകമായിരിക്കുമെന്ന‌് ജസ‌്റ്റിസ‌് മദൻ ബി ലോക്കൂറും ജസ‌്റ്റിസ‌് ദീപക‌് ഗുപ‌്തയും ഉൾപ്പെടുന്ന ബെഞ്ച‌് വ്യക്തമാക്കി. ഇരകൾക്ക‌് ലഭ്യമാക്കേണ്ട കുറഞ്ഞ തുകയാണ‌് സ‌്കീമിൽ നിർദേശിക്കുന്നതെന്നും ഇതിൽ കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിന‌് തടസ്സമില്ലെന്നും കോടതി വിശദമാക്കി.

ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനും ഇരയാകുന്നവർക്ക‌് നാലുലക്ഷം രൂപ മുതൽ ഏഴുലക്ഷം രൂപവരെ നൽകാനാണ‌് ശുപാർശ. ആസിഡ‌് ആക്രമണത്തിന്റെ ഇരകൾക്ക‌് എട്ടുലക്ഷം രൂപവരെ നഷ്ടപരിഹാരം നൽകാനാണ‌് നിർദേശം. ഇതടക്കം വിവിധ തരത്തിലുള്ള അതിക്രമങ്ങൾക്ക‌് ഇരയാകുന്ന സ‌്ത്രീകൾക്ക‌് ഉറപ്പാക്കേണ്ട നഷ്ടപരിഹാരത്തുക സ‌്കീമിൽ വ്യക്തമാക്കിയിട്ടുണ്ട‌്.

സുപ്രീംകോടതിയുടെ നിർദേശപ്രകാരം പുതുക്കിയ സ‌്കീമിന്റെ കരട‌് വെബ‌്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും സംസ്ഥാന സർക്കാരുകളുടെയും മറ്റ‌് കക്ഷികളുടെയും നിർദേശങ്ങൾ സ്വീകരിക്കുകയുംചെയ‌്തെന്ന‌് നൽസ ഡയറക്ടർ എസ‌് എസ‌് രതി സുപ്രീംകോടതിയിൽ പറഞ്ഞു.

ഇത്തരത്തിൽ ലഭിച്ച 14 നിർദേശങ്ങൾ സ‌്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട‌്. ഒമ്പത‌് സംസ്ഥാനങ്ങൾക്ക‌് മാത്രമാണ‌് നിർഭയ ഫണ്ട‌് ലഭിച്ചതെന്നും കേന്ദ്രസർക്കാർ ഇതിനുമേൽ അടയിരിക്കുകയാണെന്നും അമിക്കസ‌് ക്യൂറിയായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ‌്സിങ‌് കോടതിയിൽ പറഞ്ഞു. നിർഭയ ഫണ്ടിനെക്കുറിച്ച‌് ജൂലൈയിൽ ചർച്ചചെയ്യാമെന്ന‌് കോടതി അറിയിച്ചു

You might also like

-