കുടിവെള്ള പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണം: ജലവിഭവ മന്ത്രി

0

* വരള്‍ച്ച: മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രി ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി

    നിര്‍മാണത്തിലുള്ള കുടിവെള്ള പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് കുടിവെള്ള വിതരണം നടത്തണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വരള്‍ച്ചയെ അഭിമുഖീകരിക്കുന്നതിനുള്ള മുന്‍കരുതല്‍ സംബന്ധിച്ചും ശുദ്ധജലവിതരണം, ജലസേചനം  എന്നീ കാര്യങ്ങളില്‍ നിലവിലെ സ്ഥിതിയും അഭിമുഖീകരിക്കേണ്ട വിവിധ പ്രശ്‌നങ്ങളും വിലയിരുത്തുന്നതിന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ റവന്യൂ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) വകുപ്പ് കേരള വാട്ടര്‍ അതോറിറ്റി, ജലസേചനം, ഭൂജലം, ജലനിധി വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും വിവിധ ജില്ലാ കളക്ടര്‍മാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ജലവിഭവ മന്ത്രി ഈ നിര്‍ദേശം നല്‍കിയത്.
ജലസേചന, കുടിവെളള സംഭരണികളിലെ ജലനിരപ്പ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ്. ഭൂജല വകുപ്പിന്റെ നിരീക്ഷണ കിണറുകളിലെ ജലനിരപ്പ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച്  മെച്ചപ്പെട്ടതാണെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷത്തെ ശരാശരിയെക്കാള്‍ കുറവാണെന്ന് യോഗം വിലയിരുത്തി.  ജല അതോറിറ്റിയിലെ കുടിവെളള സ്രോതസുകളിലെ ജല സാന്നിധ്യം ഉറപ്പാക്കുന്നതിനായി താത്കാലിക തടയണകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.  നദികളിലെ ജലനിരപ്പ് കുറയുന്നതു നിമിത്തമുണ്ടാകുന്ന ഓരുവെളളക്കയറ്റം പ്രതിരോധിക്കുന്നതിനും താത്കാലിക തടയണകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.   പെപ്പ്‌ലൈനുകള്‍ ദീര്‍ഘിപ്പിച്ചും അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കിയും പമ്പുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയും വേനല്‍ക്കാലത്തെ അഭിമുഖീകരിക്കുന്നതിനും ശുദ്ധ ജലപദ്ധതികള്‍ക്കുളള നിലവിലെ സ്രോതസുകള്‍ ഇല്ലാതാകുന്ന അവസ്ഥയില്‍ അതതു സ്ഥലങ്ങളില്‍ പകരം സ്രോതസുകള്‍ കണ്ടെത്തി കുടിവെളളമെത്തിക്കുന്നതിനും നടപടി സ്വീകരിച്ചതായി ജല അതോറിറ്റി അറിയിച്ചു.
വൈദ്യുതി കണക്ഷന്‍ വിഛേദിക്കുന്നത് സംബന്ധിച്ച് നിലവിലുളള  പ്രശനങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉദേ്യാഗസ്ഥരുമായും ചര്‍ച്ച നടത്തുമെന്ന്  ജലവിഭവ  മന്ത്രി അറിച്ചു.  ഭൂജല വകുപ്പിന്റെ കീഴിലുളള തകരാറിലായ 2978 കൈപ്പമ്പുകളും 197 മില്ലി വാട്ടര്‍ സപ്ലൈ സ്‌കീമുകളും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തും.  ജലസേചന കനാലുകള്‍ വൃത്തിയാക്കല്‍ അന്തിമഘട്ടത്തിലാണെന്നും വൃത്തിയാക്കിയ കനാലുകളിലൂടെ ജലവിതരണം  നടക്കുന്നതായും ഉദേ്യാഗസ്ഥര്‍ അറിയിച്ചു.
ജലക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങില്‍ വാട്ടര്‍ കിയോക്‌സുകള്‍ വഴി വെളളം എത്തിക്കുന്നതിനു റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലുളള നടപടികള്‍ വേഗത്തിലാക്കാനും യോഗത്തില്‍ തിരുമാനമായി. കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ കിയോക്‌സുകള്‍ പ്രവര്‍ത്തന സജ്ജമാണ്.  അന്ന് അനുമതി നല്‍കിയതില്‍ ബാക്കിയുളളവ സ്ഥാപിക്കുന്നതിനും  കൂടുതലായി ആവശ്യമുളളതിന് അനുമതി നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി. അത്യാവശ്യ സാഹചര്യങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍  ടാങ്കര്‍ ലോറി വഴി കുടിവെളളം വിതരണം ചെയ്യാനും യോഗം നിര്‍ദേശം നല്‍കി.  ജലനിധിയുമായി ബന്ധപ്പെട്ട കുടിവെളളമെത്തിക്കുന്ന കേന്ദ്രങ്ങളില്‍ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാനും അന്തിമഘട്ടത്തിലുളള പദ്ധതികള്‍ പൂര്‍ത്തിയാക്കാനും വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് ജലനിധിക്ക് വെളളം നല്‍കാനും നിര്‍ദേശം നല്‍കി.
ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ജലവിഭവ വകുപ്പ് എം.ഡി. എ ഷൈനാമോള്‍, ലാന്റ് റവന്യൂ കമ്മീഷണര്‍ എ.റ്റി.ജയിംസ്  റവന്യു, ജലവിഭവ ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

You might also like

-