കാവിവൽത്കരണം , ഉത്കണ്ഠയുണ്ടെന്നും കമല്‍ ഹാസന്‍

0

ചെന്നൈ: തന്‍റെ രാഷ്ട്രീയത്തിന്‍റെ നിറം കറുപ്പാണെന്നും കാവിയെക്കുറിച്ച് ഉത്കണ്ഠയുണ്ടെന്നും കമല്‍ ഹാസന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദ്രവീഡിയരുടെ ശരീര നിറമാണ് കറുപ്പ് കൊണ്ട് പ്രതിനിധീകരിക്കുന്നതെന്നും കമല്‍ ഹാസന്‍ പറഞ്ഞു. അഭിനയം നിര്‍ത്തി പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന കമല്‍ ഹാസന്‍ ഈ മാസമാണ് രാഷ്ട്രീയ പാര്‍ട്ടിയും പാര്‍ട്ടിയുടെ നയപരിപാടികളും പ്രഖ്യാപിക്കുന്നത്.

ഇലക്ഷനില്‍ പരാജയപ്പെട്ടാല്‍ സിനിമയിലേക്ക് വീണ്ടും വരുമോയെന്ന ചോദ്യത്തിന് കമല്‍ ഹാസന്‍ പറഞ്ഞത് സത്യസന്ധമായ ജീവിതത്തിന് താന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും പരാജയപ്പെടുമെന്ന് ചിന്തിക്കുന്നില്ലെന്നുമാണ് .
തനിക്കൊരു രാഷ്ട്രീയ അസ്തിത്വം ഇല്ലെങ്കിലും 37 വര്‍ഷമായി സാമൂഹ്യ സേവന രംഗത്ത് ഉണ്ടെന്നും 10 ലക്ഷത്തോളം വിശ്വസ്തരായ പ്രവര്‍ത്തകരുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു. 37 വര്‍ഷമായി കൂടെയുള്ള പ്രവര്‍ത്തകര്‍ ചെറുപ്പക്കാരെ തങ്ങളുടെ വെല്‍ഫെയര്‍ മൂവ്മെന്‍റില്‍ പങ്കാളികകളാക്കുന്നുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
തനിക്ക് നാട്യങ്ങളില്ല. ബാങ്ക് അക്കൗണ്ട് വര്‍ധിപ്പിക്കാനല്ല ശ്രമം. തനിക്ക് സന്തോഷകരമായ പ്രശസ്തമായ ഒരു വിശ്രമ ജീവിതം നയിക്കാമായിരുന്നു. എന്നാല്‍ ഒരു അഭിനേതാവ് മാത്രമായി മരിക്കാന്‍ താല്‍പ്പര്യമില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ട് മരിക്കുമെന്ന് തനിക്ക് താന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു.