കത്‍വ; പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് മന്‍മോഹന്‍ സിങ്

0

 ഡൽഹി : കത്‍വ പീഡന കൊലപാതക കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഭരണാധികാരികൾ അനുയായികൾക്ക് കൃത്യമായ സന്ദേശങ്ങൾ നൽകണം. പ്രധാനമന്ത്രി മൗനം തുടർന്നാൽ അത് കുറ്റവാളികൾ മുതലെടുക്കുമെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മന്‍മോഹന്‍ സിങ് പറഞ്ഞു.

കത്‍വ, ഉന്നാവോ പീഡനക്കേസുകളില്‍ പ്രധാനമന്ത്രി വൈകിയെങ്കിലും പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മന്‍മോഹന്‍ സിങിന്റെ വിമര്‍ശം. താന്‍ മൗനിയായ പ്രധാനമന്ത്രിയാണെന്നടക്കം വിമര്‍ശിച്ചവര്‍ സ്വന്തം കാര്യത്തിൽ അത് പ്രാവർത്തികമാക്കണം. അനുയായികൾക്ക് കൃത്യമായ സന്ദേശങ്ങൾ നൽകണം. കത്‍വ സംഭവം മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഗൌരവത്തോടെ കൈകാര്യം ചെയ്യണമായിരുന്നു. ബിജെപിയില്‍ നിന്നുണ്ടായ സമ്മര്‍ദമാകാം തടസമായത്. നിര്‍ഭയ സംഭവത്തിന് ശേഷം യുപിഎ സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്ത് ശക്തമായ നടപടി സ്വീകരിച്ചിരുന്നു എന്നും മന്‍മോഹന്‍ സിങ് ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതിനിടെ ഇരു കേസുകളിലും നീതി തേടിയുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. ഭരണകൂട മൗനവും ഇടപെടലും ഇത്തരം സംഭവങ്ങള്‍ക്ക് പിറകിലുണ്ടെന്ന് കത്‍വ സന്ദർശിച്ച ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. കേസ് നടത്തിപ്പിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുമെന്നും ബക്കർവാൾ സമുദായത്തിന്റെ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ കാണുമെന്നും ഇടി മുഹമ്മദ് ബഷീർ എംപി അറിയിച്ചു.

You might also like

-