ഔറംഗാബാദിലെ സംഘര്‍ഷത്തില്‍ 17 വയസ്സുകാരൻ കൊല്ലപ്പെട്ടത് പോലീസ് വെടിവയ്പ്പിൽ

0

ഔറംഗാബാദിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട രണ്ട് പേരില്‍ ഒരാള്‍ മരിച്ചത് വെടിയേറ്റെന്ന് കണ്ടെത്തി. 17 വയസ്സുകാരനെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വെടിയേറ്റാണ് കുട്ടി മരിച്ചതെന്നാണ് സൂചന.ഔറംഗാബാദില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വെള്ളിയാഴ്ച മുതലാണ് സംഘര്‍ഷം ആരംഭിച്ചത്. അക്രമം രൂക്ഷമായപ്പോള്‍ പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തേണ്ടി വന്നുവെന്നാണ് പോലീസ് പറയുന്നത്. ഒപ്പം ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ടിയര്‍ ഗ്യാസ് ഉപയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ രണ്ട്‌പേര്‍ കൊല്ലപ്പെട്ടിരുന്നു. 17 വയസ്സുകാരനും 65 വയസ്സായ ആളുമായിരുന്നു മരിച്ചത്. ഇതില്‍ 17 വയസ്സുകാരന്‍ കൊല്ലപ്പെട്ടത് വെടിയേറ്റാണെന്ന് പിന്നീട് കണ്ടെത്തി.

പോലീസ് നടത്തിയ വെടിവെപ്പിലാണ് കുട്ടി മരിച്ചതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ മറുപടി പറയാന്‍ കഴിയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷം പ്രതികരിക്കാമെന്നും പോലീസ് വ്യക്തമാക്കി. സംഘര്‍ഷത്തിനിടെ കടയില്‍ ഉറങ്ങുകയായിരുന്ന 65 വയസ്സുകാരന്‍ പുക ശ്വസിച്ചാണ് മരിച്ചത്. അക്രമികള്‍ തീ കൊളുത്തിയപ്പോള്‍ ഇയാള്‍ കടയില്‍ അകപ്പെട്ട് പോവുകയായിരുന്നു.

സംഘര്‍ഷത്തില്‍ നൂറ് കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് അനുമാനം. അനധികൃത ജലവിതരണം അധികൃതര്‍ വിച്ഛേദിച്ചതിന്റെ പശ്ചാത്തലത്തിലാണ് സംഘര്‍ഷം ഉണ്ടായത്. സ്ഥലത്ത് ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമായതായി പോലീസ് വ്യക്തമാക്കി.

You might also like

-