സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് 25,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള മന്ത്രിസഭാ കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് ഈ നടപടി.

എണ്ണ, പ്രകൃതി വാതക മേഖലയില്‍ സ്വദേശിവത്കരണ ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഒമാന്‍ തീരുമാനം. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സ്വദേശികള്‍ക്കായി മൂവായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഒമാന്‍ സൊസൈറ്റി ഫോര്‍ പെട്രോളിയം സര്‍വിസസ് സി.ഇ.ഒ മുസല്ലം അല്‍ മന്‍തരി പറഞ്ഞു. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് 25,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള മന്ത്രിസഭാ കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് ഈ നടപടി.ഈ മേഖലയില്‍ രണ്ടായിരം തൊഴിലവസരങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. മന്ത്രിസഭാ കൗണ്‍സിലിന്റെ തീരുമാനപ്രകാരമുള്ള സ്വദേശിവത്കരണ നടപടികള്‍ക്ക് കഴിഞ്ഞ ഡിസംബര്‍ മുതലാണ് തുടക്കമായത്. ഡിസംബര്‍ മൂന്ന് മുതല്‍ ഫെബ്രുവരി 12 വരെ സമയത്തിനുള്ളില്‍ 10342 പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്. സ്വദേശിവത്കരണത്തിന് വേഗത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി അവസാനം പത്തുവിഭാഗങ്ങളിലെ 87 തസ്തികകള്‍ക്ക് താല്‍ക്കാലിക വിസാ നിരോധം ഏര്‍പ്പെടുത്തിയിരുന്നു.

സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരായ നടപടി സര്‍ക്കാര്‍ കടുപ്പിച്ച് തുടങ്ങിയിട്ടുമുണ്ട്. കുറഞ്ഞത് പത്തുശതമാനമാണ് സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണ തോത്. ഈ നിബന്ധന പാലിക്കാത്ത 199 സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെക്കുമെന്ന് കഴിഞ്ഞ ദിവസമാണ് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചത്. ഇതോടെ ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 16444 വിദേശി തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്