എം777 ഹവിറ്റ്സർ പീരങ്കി വീണ്ടും പരീക്ഷണം പൊഖ്റാനിൽ

0

മുപ്പതുവര്ഷത്തിന് ശേഷം ഇന്ത്യൻ സേനയ്ക്കായി ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ നിർമ്മിത പീരങ്കി എം777 ഹവിറ്റ്സർ വീണ്ടും പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യ.അമേരിക്കൻ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പൊഖ്റാനിലാണ് ഇന്ന് ഹവിറ്റ്സറിന്റെ പരീക്ഷണം നടക്കുക.ആറുമാസം മുൻപ് പരീക്ഷണത്തിനിടയിൽ ബാരൽ പൊട്ടിത്തെറിച്ച് അപകടമുണ്ടായതിനെ തുടർന്ന് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പ് വരുത്തിയിട്ടുണ്ട്.

സൈന്യത്തിലേക്ക് എടുക്കുന്നതിനു മുന്നോടിയായി രാജസ്ഥാനിലെ പൊഖ്റാനിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ രണ്ടിനു നടത്തിയ പരിശോധനയ്ക്കിടെയാണ് പീരങ്കി പൊട്ടിത്തെറിച്ചത്.തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പീരങ്കിയിൽ ഉപയോഗിക്കുന്നതിനായി ഓർഡിനൻസ് ഫാക്ടറി ബോർഡ് (ഒഎഫ്ബി) വിതരണം ചെയ്ത ഷെല്ലുകളാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയത്.സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.പീരങ്കി നിർമിച്ച അമേരിക്കൻ കമ്പനിയായ ബിഎഇ, ഇന്ത്യൻ സൈന്യം എന്നിവരാണ് അന്വേഷണം നടത്തുന്നത്.

ആദ്യ പരീക്ഷണത്തിൽ നടന്ന പിഴവുകൾ പൂർണ്ണമായും ഇല്ലാതാക്കിയാണ് ഇത്തവണത്തെ പരീക്ഷണം.ഭാരക്കുറവാണ് എം 777 പീരങ്കികളുടെ പ്രത്യേകത. സാധാരണ പീരങ്കികൾ റോഡ് മാർഗം കൊണ്ടു പോവുകയാണെങ്കിൽ ഇവ ഹെലികോപ്റ്ററിൽ കൊണ്ടുപോകാൻ കഴിയും.

30 കിലോമീറ്ററാണു പീരങ്കികളുടെ ദൂരപരിധി. കഴിഞ്ഞവർഷം നവംബർ 30നാണ് ഇന്ത്യയും യുഎസും തമ്മിൽ 5,000 കോടി രൂപയുടെ 145 എം– 777 ലഘുപീരങ്കികൾ വാങ്ങാനുള്ള കരാർ ഒപ്പുവച്ചത്.പീരങ്കികൾ വാങ്ങുന്നതിൽ 25 എണ്ണം അമേരിക്കയിൽ നിർമിച്ച് ഇന്ത്യയിലെത്തിക്കും. ബാക്കി 120 എണ്ണം മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യയിൽത്തന്നെ നിർമിക്കും.ചൈനീസ് അതിർത്തിയിലെ ഉയരം കൂടിയ സ്ഥലങ്ങളിലെ സൈനിക ദൗത്യങ്ങൾക്ക് പ്രയോജനപ്പെടുത്തുംവിധത്തിലുള്ളതാണ് ഹവിറ്റ്സർ.മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യ ഇത്തരത്തിലുള്ള ഉപകരണങ്ങൾ സേനക്കായി വാങ്ങുന്നത്.ഇന്നത്തെ പരീക്ഷണം വിജയിയിച്ചാൽ അധികം വൈകാതെ ഹവിറ്റ്സർ ഇന്ത്യൻ സേനയുടെ ഭാഗമാകും.

You might also like

-