ഉത്തരേന്ത്യയില്‍ ആഞ്ഞ് വീശിയ പൊടിക്കാറ്റില്‍ 70 ല്‍ അധികം മരണം.

0

ഉത്തരേന്ത്യയില്‍ കനത്ത നാശനഷ്ടം വിതച്ച് ആഞ്ഞ് വീശിയ പൊടിക്കാറ്റില്‍ 70 ല്‍ അധികം മരണം. ഉത്തര്‍പ്രദേശില്‍ 45 പേരും രാജസ്ഥാനില്‍ 24 പേരും ഉത്തരാഖണ്ഡില്‍ 2 പേരും മരിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കും. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കും മിന്നലിനുമൊപ്പം പൊടിക്കാറ്റ് ആഞ്ഞ് വീശിയത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ആഗ്ര, ബിജിനോര്‍, ഷഹരന്‍പൂര്‍, ബറേലി എന്നീ ജില്ലകളില്‍ കാറ്റ് കനത്ത നാശനഷ്ടം വിതച്ചു. ആഗ്രയില്‍ മാത്രം 36 പേര്‍ മരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.

രാജസ്ഥാനിലെ ഭരത്പൂര്‍ ധോല്‍പൂര്‍,ആല്‍വാര്‍, ബിക്കനീര്‍ എന്നിവിടങ്ങളിലും കാറ്റ് ആഞ്ഞ് വിശി. വീടുകള്‍ തകര്‍ന്നതാണ് മരണ സംഖ്യ ഉയരാന്‍ കാരണം. ധോല്‍പൂരില്‍ 40 മണ്‍വീടുകള്‍ മിന്നലില്‍ കത്തിനശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഇരു സര്‍ക്കാരുകളും 50,000 രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.

ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങിലും കാറ്റ് ആഞ്ഞുവീശി. രണ്ട് അന്താരാഷ്ട്ര സര്‍വ്വീസുകളടക്കം 14 വിമാന സര്‍വീസുകള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും തിരിച്ചുവിട്ടു. ദുരന്തത്തില്‍ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

You might also like

-