ഇന്ത്യന്‍ നൃത്ത ശില്‍പ്പങ്ങളുടെ മഹിമ വെളിവാക്കിയ കലാകാരിക്ക് 100ാം ജന്മദിനം

0

ഡല്‍ഹി: ഭാരതത്തിലെ നൃത്തശില്‍പ്പങ്ങളെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയ മൃണാളിനി സാരാഭായിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. മൃണാളിനിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ചാണ് ഗൂഗിള്‍ ഡൂഡില്‍ തയാറാക്കിയിരിക്കുന്നത്. സുദീപ്തി ടക്കറാണ് ഡൂഡില്‍ തയാറാക്കിയിരിക്കുന്നത്. ദര്‍പ്പണ അക്കാദമിയുടെ ഓഡിറ്റോറിയത്തില്‍ തന്റെ വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്യുന്നത് നോക്കി നില്‍ക്കുന്ന മൃണാളിനിയെ ആണ് ഗൂഗിളില്‍ ചിത്രീകരിച്ചിരിക്കുന്നത്.

1918 മെയ് 11ന് പാലക്കാട് വടക്കത്ത് തറവാട്ടില്‍ ഡോ.സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളായി ജനനം. കേരളത്തിലാണ് ജനിച്ചതെങ്കിലും സ്വിറ്റ്‌സര്‍ലണ്ടിലായിരുന്നു തന്റെ ചെറുപ്പകാലം ചിലവിട്ടത്. ഡല്‍ക്രോസ് സ്‌കൂളില്‍ നിന്നാണ് മൃണാളിനി നൃത്തത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിക്കുന്നത്. വെസ്റ്റേണ്‍ രീതിയിലുള്ള നൃത്ത ശൈലിയായിരുന്നു ഇത്. പിന്നീട് രവീന്ദ്ര നാഥ ടാഗോറിന്റെ കീഴില്‍ ശാന്തിനികേതനില്‍ പഠനം. അമേരിക്കന്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്‌സിലും പഠനം നടത്തി. ഭരതനാട്യം കഥകളി ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ കലാരൂപങ്ങളിലും മൃണാളിനി പ്രാവിണ്യം നേടി.

1942ല്‍ ഇന്ത്യന്‍ സ്‌പേസ് പ്രോഗ്രാമിന്റെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായിയെ വിവാഹം ചെയ്തു. കാര്‍ത്തികേയ സാരാഭായി, മല്ലിക സാരാഭായി എന്നിവരാണ് മക്കള്‍.

1948ല്‍ അഹമ്മദാബാദില്‍ ദര്‍പ്പണ അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് എന്ന സ്ഥാപനം ആരംഭിച്ചു. 18000ത്തോളം വിദ്യാര്‍ത്ഥികള്‍ ഇവര്‍ക്കു കീഴില്‍ നൃത്തം അഭ്യസിച്ചിരുന്നു. പദ്മശ്രീ, പദ്മ ഭൂഷണ്‍ ഉള്‍പ്പെടെയുള്ള ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 2016 ജനുവരി 21ന് 97ാം വയസിലാണ് മൃണാളിനി ലോകത്തു നിന്നും വിട പറഞ്ഞത്

You might also like

-