ഇംപീച്ച്‌മെന്റ് നോട്ടീസ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചേക്കും

0

 

ഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി തള്ളിയാല്‍ കോണ്‍ഗ്രസ് നേതൃത്വം സുപ്രീം കോടതിയെ സമീപിച്ചേക്കും. ഉപരാഷ്ട്രപതി നോട്ടീസ് തള്ളിയാല്‍ കോടതി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസുമായി മുന്നോട്ട് പോകുന്നതിന് സുപ്രീം കോടതിയെ തന്നെ സമീപിക്കുന്നത്.

അതിനിടെ ഉപരാഷ്ട്രപതിയുടെ തീരുമാനം വരുന്നത് വരെ കോടതി നടപടികളില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ മാറ്റി നിര്‍ത്താനുള്ള സമ്മര്‍ദ്ദ തന്ത്രവും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്. ഇംപീച്ച്‌മെന്റ് നടപടി നേരിട്ടിട്ടുള്ള മുന്‍ ജഡ്ജുമാരെ മാതൃകയാക്കി ദീപക് മിശ്ര തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നു. നോട്ടീസ് അനന്തമായി വൈകിപ്പിക്കാതെ ഉപരാഷ്ട്രപതി തീരുമാനം പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം. 71 പ്രതിപക്ഷ എപിമാര്‍ ഇംപീച്ച്‌മെന്റ് പ്രമേയ നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ട്. ഉപരാഷ്ട്രപതി അനുവദിച്ചാല്‍ മാത്രമേ ഇംപീച്ച്‌മെന്റ് നീക്കവുമായി പ്രതിപക്ഷത്തിന് മുന്നോട്ട് പോകാനാകൂ. ഉപരാഷ്ട്രപതിക്ക് തന്റെ തീരുമാനം വൈകിപ്പിക്കുകയോ നോട്ടീസ് തള്ളുകയോ ചെയ്യാം. അതേസമയം ഇംപീച്ച്‌മെന്റ് നീക്കത്തോട് പ്രതിപക്ഷ നിരയില്‍ തന്നെ യോജിപ്പില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ളവര്‍ ഇംപീച്ച്‌മെന്റ് നോട്ടീസില്‍ ഒപ്പിട്ടിട്ടില്ല.

അതേസമയം പ്രതിപക്ഷം നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് രാജ്യസഭാ സെക്രട്ടറിയേറ്റ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ പരിഗണിക്കുന്നതിന് മുന്‍പ് പ്രതിപക്ഷം മാധ്യമങ്ങള്‍ക്ക് പകര്‍പ്പ് നല്‍കിയത് ചട്ടലംഘനമാണെന്ന് രാജ്യസഭാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

You might also like

-