ആന്ധ്രാപ്രദേശിന് പ്രത്യേക പദവി, തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു

0

ദില്ലി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നാരോപിച്ച് തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു. നരേന്ദ്രമോദി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. ടിഡിപി പോളിറ്റ് ബ്യൂറോ ഏകകണ്ഠമായാണ് മുന്നണി വിടാനുള്ള തീരുമാനമെടുത്തത്.
സംസ്ഥാനത്തിന്‍റെ പ്രത്യേക പരിഗണന വിഷയത്തില്‍ ടിഡിപി-ബിജെപി പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതയെ തുടര്‍ന്ന് കേന്ദ്രമന്ത്രിമാർ രാജിവച്ചിരുന്നു. എന്‍ഡിഎ മന്ത്രിസഭയില്‍ ടിഡിപി അംഗങ്ങളായിരുന്ന ഗജപതി രാജു, വൈഎസ് ചൗധരി എന്നിവരായിരുന്നു രാജിവച്ചത്
രാജിക്ക് ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അനുനയത്തിന് ശ്രമിച്ചെങ്കിലും ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. സമ്മര്‍ദ്ദ തന്ത്രമെന്ന നിലയിലായിരുന്നു കേന്ദ്രമന്ത്രിമാരെ ടിഡിപി പിന്‍വലിച്ചത്. എന്നാല്‍ ആന്ധ്ര്യയ്ക്ക് പ്രത്യേക സംസ്ഥാന പദവിയടക്കമുള്ള വിഷയങ്ങളില്‍ അനുകൂല നിലപാടെടുക്കാന്‍ കഴിയില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി ആവര്‍ത്തിച്ചതോടെയാണ് ടിഡിപി മുന്നണി വിട്ടത്.
കേന്ദ്ര ബജറ്റിൽ അവഗണന നേരിട്ടത് മുതൽ തുടങ്ങിയ ടിഡിപി- ബിജെപി അസ്വാരസ്യങ്ങളാണ് മുന്നണി വിടുന്നതിലേക്കെത്തിച്ചത്. ആന്ധ്രയ്ക്ക് സംസ്ഥാന പദവി നൽകുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ അറിയിച്ച് ജെയ്റ്റ്ലി സംസ്ഥാനത്തിന് കൂടുതൽ ഫണ്ട് അനുവദിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും അനുനയത്തിന് ടിഡിപി തയ്യാറായില്ല.
വൈഎസ്ആര്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി ആന്ധ്രയില്‍ ഉരുത്തിരിഞ്ഞ പുതിയ സാഹചര്യങ്ങളും പാര്‍ട്ടിയുടെ കടുത്ത തീരുമാനത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. ബിജെപിയുടെ അക്കൗണ്ടില്‍ പെട്ട പ്രധാന സംസ്ഥാനമാണ് ഇപ്പോള്‍ കൈവിട്ടു പോകുന്നത്. യുപിയിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ടിഡിപിയുടെ മുന്നണി വിടലും വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ക്ഷീണമാകും.

You might also like

-