അമേരിക്കയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുന്ന പുതിയ നീക്കം.

0

വിസ നിയന്ത്രണം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം അമേരിക്കയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുന്ന പുതിയ നീക്കം. കോള്‍ സെന്റര്‍ ജോലികള്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ബില്ല് കഴിഞ്ഞ ദിവസം അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. ഇത് പാസായാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ആയിരക്കണക്കിന് പേര്‍ തൊഴില്‍ രഹിതരാവും.

ഓഹായോയില്‍ നിന്നുള്ള സെനറ്റര്‍ ഷെറോഡ് ബ്രൗണാണ് ബില്ല് അവതരിപ്പിച്ചത്. നിലവില്‍ അമേരിക്കയിലെ ഒട്ടുമിക്ക കമ്പനികളുടെയും കോള്‍ സെന്ററുകള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്നാണ് ഷെറോഡ് ബ്രൗണിന്റെ ആവശ്യം. അമേരിക്കയിലുള്ള ഒരു ഉപഭോക്താവ് ഏതെങ്കിലും ഒരു കമ്പനിയുടെ കോള്‍ സെന്ററിലേക്ക് വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നയാള്‍ ഏത് രാജ്യത്ത് നിന്നാണ് സംസാരിക്കുന്നതെന്ന് ആദ്യം ഉപഭോക്താവിനെ അറിയിക്കണം. ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍ അമേരിക്കയില്‍ തന്നെയുള്ള ഒരു ഏജന്റിന് കോള്‍ കൈമാറണമെന്നാണ് ബില്ലിലെ ആവശ്യം. ഇത് നടപ്പായാല്‍ പുറം രാജ്യങ്ങളിലെ കോള്‍ സെന്ററുകള്‍ക്ക് കരാര്‍ നല്‍കുന്നത് അവസാനിപ്പിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ നിര്‍ബന്ധിതമാകും. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് പേരുടെ തൊഴില്‍ നഷ്ടമായിരിക്കും ഇതിന്റെ ഫലം.

പ്രവര്‍ത്തനലാഭമാണ് കോള്‍ സെന്ററുകള്‍ വിദേശത്തേക്ക് കരാര്‍ നല്‍കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. കോള്‍ സെന്റര്‍ ജോലികള്‍ പുറം രാജ്യങ്ങളിലേക്ക് കരാര്‍ നല്‍കുന്ന കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും  ബില്ലിലുണ്ട്. അമേരിക്കയില്‍ തന്നെ കോള്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. കോൾസെന്ററുകളിലൂടെ മാത്രം ഇന്ത്യ പ്രതിവർഷം 2800 കോടി ഡോളര്‍വരുമാനമുണ്ടാക്കുന്നുവെന്നും ബില്ല് അവതരിപ്പിച്ചുകൊണ്ട് ഷെറോഡ് ബ്രൗൺ പറഞ്ഞു.

You might also like

-