വാക്‌സിൻ ക്ഷാമം രൂക്ഷം.. പതിനെട്ടുകഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷൻ മുടങ്ങി
കർണാടകം, ഗോവ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, യുപി, ജാർഖണ്ഡ്, തെലങ്കാന, ആന്ധ്ര, ഒഡിഷ, ഡൽഹി, ഛത്തീസ്‌ഗഢ്, രാജസ്ഥാൻ, തമിഴ്‌നാട്, ജമ്മു -കശ്‌മീർ തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശനിയാഴ്‌ചമുതൽ വാക്‌സിൻ നൽകിത്തുടങ്ങില്ലെന്ന് പ്രഖ്യാപിച്ചു
ഡൽഹി:പതിനെട്ടുകഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷൻ ശനിയാഴ്‌ചമുതൽ ആരംഭിക്കുമെന്ന കേന്ദ്ര പ്രഖ്യാപനം നടപ്പാകില്ല. വാക്‌സിൻ ലഭ്യമല്ലാത്തതിനാല്‍ കുത്തിവയ്പ്പ് ഉടനുണ്ടാകില്ലെന്ന് ബിജെപി ഭരണ സംസ്ഥാനങ്ങളടക്കം പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികളിലും ഈ വിഭാഗത്തിന് വാക്‌സിനേഷൻ ശനിയാഴ്‌ച തുടങ്ങില്ല.
സംസ്ഥാനങ്ങൾക്ക് വാക്‌സിൻ ലഭിച്ചുതുടങ്ങാൻ ആഴ്‌ചകൾ കാത്തിരിക്കേണ്ടിവരും. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഓർഡർ ചെയ്‌തിട്ടുണ്ടെങ്കിലും എപ്പോൾ കൈമാറുമെന്ന് നിർമാതാക്കൾ അറിയിച്ചിട്ടില്ല. കർണാടകം, ഗോവ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, യുപി, ജാർഖണ്ഡ്, തെലങ്കാന, ആന്ധ്ര, ഒഡിഷ, ഡൽഹി, ഛത്തീസ്‌ഗഢ്, രാജസ്ഥാൻ, തമിഴ്‌നാട്, ജമ്മു -കശ്‌മീർ തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശനിയാഴ്‌ചമുതൽ വാക്‌സിൻ നൽകിത്തുടങ്ങില്ലെന്ന് പ്രഖ്യാപിച്ചു. രണ്ടരകോടി യുവജനങ്ങളാണ് ഇതുവരെ വാക്സിനായി രജിസ്റ്റര്‍ ചെയ്തത്.
കേന്ദ്രം നൽകിയ ഒരു കോടി ഡോസ് വാക്‌സിൻമാത്രമാണ് സംസ്ഥാനങ്ങളുടെ പക്കൽ ശേഷിക്കുന്നത്. മൂന്നുദിവസങ്ങൾക്കകം 19.81 ലക്ഷം ഡോസുകൂടി കൈമാറുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. പ്രതിദിനം ശരാശരി 30 ലക്ഷം ഡോസ് വാക്‌സിൻവീതം കുത്തിവച്ചാൽ നാലുദിവസത്തേക്കുള്ള വാക്‌സിൻമാത്രമാണ് രാജ്യത്താകെ ശേഷിക്കുന്നത്. കേരളത്തിന്റെ പക്കൽ കേന്ദ്ര കണക്ക് പ്രകാരം ശേഷിക്കുന്നത് 93,561 ഡോസ് വാക്‌സിൻമാത്രമാണ്.