ഗവര്‍ണ്ണറുടെ സെനറ്റ് നാമനിര്‍ദ്ദേശം ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കേരള സര്‍വകലാശാലയിലെ നാല് എബിവിപി പ്രവര്‍ത്തകരുടെ നിയമനത്തിന് സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേയുണ്ട്. നന്ദകിഷോര്‍, അരുണിമ അശോക് എന്നീ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ഹര്‍ജിക്കാര്‍
കോഴിക്കോട് | ഗവർണ്ണർ സർക്കാർ പോർ തുടരുന്നതിനിടെ കേരള, കലിക്കറ്റ് സര്‍വകലാശാലകളിലെ ഗവര്‍ണ്ണറുടെ സെനറ്റ് നാമനിര്‍ദ്ദേശം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള സര്‍വകലാശാലയിലെ നാല് എബിവിപി പ്രവര്‍ത്തകരുടെ നിയമനത്തിന് സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേയുണ്ട്. നന്ദകിഷോര്‍, അരുണിമ അശോക് എന്നീ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ഹര്‍ജിക്കാര്‍.സിന്‍ഡിക്കറ്റ് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം എന്‍ ആസിഫ് നല്‍കിയ ഹര്‍ജി.
കേരളയിലെ സര്‍ക്കാര്‍ നോമിനികളായി നിയമിക്കപ്പെട്ട മൂന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്ത് മുന്‍ കുസാറ്റ് വൈസ് ചാന്‍സലര്‍ നല്‍കിയ ഹര്‍ജിയും ഇതിനൊപ്പം പരിഗണിക്കും. സിന്‍ഡിക്കറ്റ് അംഗങ്ങളായ അഡ്വ. ജി മുരളീധരന്‍, ഡോ. ജെ എസ് ഷിജുഖാന്‍, മുന്‍ എംഎല്‍എ ആര്‍ രാജേഷ് എന്നിവരുടെ നിയമനമാണ് ചോദ്യം ചെയ്തത്.
കലിക്കറ്റ് സര്‍വകലാശാല സെനറ്റ് നാമനിര്‍ദ്ദേശം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് കേരള സര്‍വകലാശാല കേസിന് പിന്നാലെ പരിഗണിക്കും. സെനറ്റ് നാമനിര്‍ദ്ദേശം റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ മാനദണ്ഡങ്ങളും കീഴ്വഴക്കവും മറികടന്ന് പക്ഷപാതപരമായ നിയമനം നടത്തിയെന്നാണ് ആക്ഷേപം. ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.