ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതിയായ സ്വപ്ന സുരേഷിനെ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന വനിത പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെയും ഉന്നതർക്കെതിരെ മൊഴി നൽകാൻ സമ്മർദ്ധമുണ്ടായെന്ന മറ്റൊരു പ്രതി സന്ദീപ് നായർ കോടതിക്ക് അയച്ച കത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു എഫ്ഐആര്‍

0

കൊച്ചി :സ്വർണക്കടത്ത് കേസ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കി. വിചാരണ കോടതി വിശദാംശങ്ങൾ പരിശോധിക്കണമെന്നും ഹൈക്കോടതി. ക്രൈംബ്രാഞ്ചിന്റെ എഫ്ഐആർ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും കോടതി കണ്ടെത്തി. ക്രൈം ബ്രാഞ്ച് എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണന്‍ നൽകിയ ഹരജികള്‍ അനുവദിച്ചാണ് ഹൈക്കോടതി നടപടി.നിയമവശം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം

ക്രൈംബ്രാഞ്ച് സ്വമേധയാ എടുത്തതും ആലപ്പുഴ സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലുമായി രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആര്‍ കോടതി റദ്ദാക്കി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതിയായ സ്വപ്ന സുരേഷിനെ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന വനിത പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെയും ഉന്നതർക്കെതിരെ മൊഴി നൽകാൻ സമ്മർദ്ധമുണ്ടായെന്ന മറ്റൊരു പ്രതി സന്ദീപ് നായർ കോടതിക്ക് അയച്ച കത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു എഫ്ഐആര്‍

മൂന്ന് ദിവസത്തെ മണിക്കുറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ഇന്ന് വിധി പറഞ്ഞത്. സന്ദീപ് നായരുടെ പരാതിയ്ക്ക് പിറകിൽ ക്രൈംബ്രാ‌ഞ്ച് ആണന്നായിരുന്നു ഇ ഡിയുടെ വാദം. ഇഡിയ്ക്കെതിരെ വ്യാജ തെളിവ് ഉണ്ടാക്കുകയും നിയമ നടപടികളെ ദുരുപയോഗം ചെയ്യുകയുമാണ് ക്രൈംബ്രാഞ്ച് ചെയ്യുന്നത്. ക്രൈംബ്രാ‌ഞ്ച് എഫ്ഐആർ അസാധാരണ പ്രതിസന്ധിയുണ്ടാക്കിയെന്നും ഇ ഡി കോടതിയെ അറിയിച്ചിരുന്നു.
കള്ളപ്പണ കേസിൽ ഇടപെടാനുള്ള ശ്രമം മാത്രമാണ് ഉദ്യോഗസ്ഥർക്കെതിരായ കേസിന് പിന്നിലെന്നാണ് ഇഡിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. ഇ ഡി നിരപരാധികളെ കേസിൽ പെടുത്താൻ ശ്രമിക്കുന്നത് അതീവ ഗൗരവമായി കാണണം എന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ രണ്ട് എഫ്ഐആര്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വ്യക്തമാക്കിയ കോടതി രണ്ട് എഫ്ഐആറും റദ്ദാക്കി. വിചാരണ കോടതി പരാതി പരിഗണിക്കണമെന്ന് വ്യക്തമാക്കി. മുഴുവന്‍ രേഖകളും വിചാരണ കോടതിക്ക് മുദ്രവെച്ച കവറില്‍ കൈമാറണമെന്നും കോടതി നിര്‍ദേശം നല്കി.

You might also like

-