ശിവശങ്കര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു; എന്ന് കൂടുതൽ പരിശോധന
കാര്‍ഡിയാക് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച അദേഹത്തെ ഇന്ന് ആന്‍ജിയോഗ്രാമിനും എം.ആര്‍.ഐ സ്കാനിങ്ങിനും വിധേയമാക്കും
തിരുവനന്തപുരം :കസ്റ്റംസ് കസ്റ്റഡിയിൽ ഇരിക്കെ ദേഹാസ്വാസ്ഥ്യമുണ്ടായ എം. ശിവശങ്കര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു. ആന്‍ജിയോഗ്രാം ഉള്‍പ്പെടെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. ഡോക്ടര്‍മാരുടെ അഭിപ്രായം തേടിയ ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഓഫീസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. കസ്റ്റഡിക്ക് സമാനരീതിയില്‍ സ്വന്തം വാഹനത്തിന് പകരം കസ്റ്റംസ് വാഹാനത്തില്‍ കയറ്റി പുറപ്പെട്ടു. യാത്രാമധ്യേ ശാരീരിക അവശതകള്‍ അനുഭവപ്പെട്ടപ്പോൾ കസ്റ്റംസിന്റെ വാഹത്തില്‍ തന്നെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാര്‍ഡിയാക് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച അദേഹത്തെ ഇന്ന് ആന്‍ജിയോഗ്രാമിനും എം.ആര്‍.ഐ സ്കാനിങ്ങിനും വിധേയമാക്കും. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം, നാല് മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയില്‍ കാത്തുനിന്നു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. എന്‍.ഐ.എ ഉദ്യോഗസ്ഥരും വിവരങ്ങള്‍ ശേഖരിച്ചു.
കസ്റ്റംസിന് പുറമെ എന്‍.ഐ.എയും എന്‍ഫോഴ്്സ്മെന്റ് ഡയറക്ടറേറ്റുമായി പലതവണ ശിവശങ്കറിനെ ചോദ്യം ചെയ്തിട്ടുണ്ടങ്കിലും ആദ്യമായാണ് അദേഹത്തെ അന്വേഷണ ഏജന്‍സിയുടെ വാഹത്തില്‍ കൊണ്ടുപോകുന്നത്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നാണ് വിലയിരുത്തുന്നത്. ഇനി ആരോഗ്യസ്ഥിതി വിലയിരുത്തിയാവും തുടര്‍നടപടി. അതിനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്നും ആശുപത്രിയിലെത്തി വിവരം തേടും.