മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ കാണാന്‍ അഭിഭാഷകനെ അനുവദിച്ച് സുപ്രീംകോടതി-

യുപി സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ പത്രപ്രവര്‍ത്തക യൂണിയന് സുപ്രീം കോടതി സമയം അനുവദിച്ചു. അടുത്ത ആഴ്ച കേസ് വീണ്ടും പരിഗണിക്കും.

0

ഡൽഹി :ഹാഥ്‌റസിലേക്കുള്ള യാത്രക്കിടെ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ കാണാന്‍ അഭിഭാഷകനെ അനുവദിച്ച് സുപ്രീംകോടതി.സിദ്ധിഖ് കാപ്പനെ കാണാന്‍ അഭിഭാഷകനെ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ഇത് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് രേഖപ്പെടുത്തി. തുടര്‍ന്നായിരുന്നു അനുമതി നല്‍കിയത്. വക്കാലത്ത് നാമ ഒപ്പിടാന്‍ വേണ്ടിയാണ് അനുമതി.

ഹാഥ്‌റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ ഒക്ടോബര്‍ അഞ്ചിന് അറസ്റ്റ് ചെയ്യപ്പെട്ടസിദ്ധിഖ് കാപ്പന് ഇതുവരെ അഭിഭാഷകനെ കാണാന്‍ സാധിച്ചിരുന്നില്ല. അറസ്റ്റിലായി 50 ദിവസങ്ങളാകാനിരിക്കെയാണ് സിദ്ധിഖിനെ കാണാന്‍ അഭിഭാഷകനെ സുപ്രീംകോടതി അനുവദിച്ചത്.നേരത്തെയും അഭിഭാഷകന് സിദ്ധിഖ് കാപ്പനെ കാണാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. എന്നാല്‍ ഹര്‍ജി നല്‍കിയ കേരളാ പത്ര പ്രവര്‍ത്തക യൂണിയന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ഇതിനെ എതിര്‍ത്തു.

തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ആശ്വാസകരമായ ഉത്തരവുണ്ടായില്ലെന്ന റിപ്പോര്‍ട്ടുകളിലായിരുന്നു പ്രതികരണം. പത്രപ്രവര്‍ത്തക യൂണിയന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും പോലീസും മറുപടി ഫയല്‍ ചെയ്തു.
മാധ്യമ പ്രവര്‍ത്തകനെന്ന വ്യാജേന ക്രമ സമാധാന പ്രശ്‌നം ഉണ്ടാക്കാനാണ് സിദ്ധിഖ് ഹാഥ്‌റസിലേക്ക് പോയത്. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

യുപി സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ പത്രപ്രവര്‍ത്തക യൂണിയന് സുപ്രീം കോടതി സമയം അനുവദിച്ചു. അടുത്ത ആഴ്ച കേസ് വീണ്ടും പരിഗണിക്കും.കേസുമായി ബന്ധപ്പെട്ട് കോടതി നടപടികള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി.

You might also like

-