മരുന്ന് വിതരണത്തിലും രാഷ്ട്രീയക്കളി , ആയുഷ് 64 മരുന്നിന്റെ വിതരണം സേവാഭാരതിയ്ക്ക് നൽകിയ തീരുമാനം റദ്ദാക്കണം; പ്രധാനമന്ത്രിക്ക് ജോൺ ബ്രിട്ടാസിന്റെ കത്ത്
സേവാഭാരതി പ്രവർത്തകർ അങ്ങനെ വീടുതോറും കയറി ഈ മരുന്ന് വിതരണം ചെയ്യും. അതിനായി അവർക്ക് പ്രത്യേക പാസ് നൽകണമെന്നാണ് ബന്ധപ്പെട്ട പ്രാദേശിക ഏജൻസികളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.
തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയം വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്നായ ആയുഷ് – 64 ന്റെ വിതരണ ചുമതല ആർ എസ് എസ് സംഘപരിവാർ സംഘടനയായ സേവാ ഭാരതിയ്ക്ക് നൽകിയതിനെതിരെ സിപിഎം. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. ഇന്നലെയാണ് മരുന്നിന്റെ വിതരണ ചുമതല സേവാഭാരതിയ്ക്ക് നൽകികൊണ്ട് കേന്ദ്ര ആയുർവേദ കൗൺസിൽ ഉത്തരവിറക്കിയത്.
വിദ്യാഭ്യാസ-ആരോഗ്യ മേഖലയിൽ ആർഎസ്എസിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യംവെച്ച് കൊണ്ടാണ് പോഷക സംഘടനയായ സേവാഭാരതിയ്ക്ക് മരുന്നിന്റെ വിതരണ ചുമതല നൽകിയതെന്ന് ബ്രിട്ടാസ് കത്തിലൂടെ ആരോപിക്കുന്നു . മലേറിയക്ക് വേണ്ടി വികസിപ്പിച്ച ആയുർവേദ കൂട്ടാണ് ഇതെങ്കിലും പ്രകടമായ ലക്ഷണങ്ങളില്ലാത്ത കൊറോണ രോഗികൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് നൽകാമെന്നാണ് ആയുഷിന്റെ തീരുമാനമെന്ന് കത്തിൽ പറയുന്നു. സേവാഭാരതി പ്രവർത്തകർ അങ്ങനെ വീടുതോറും കയറി ഈ മരുന്ന് വിതരണം ചെയ്യും. അതിനായി അവർക്ക് പ്രത്യേക പാസ് നൽകണമെന്നാണ് ബന്ധപ്പെട്ട പ്രാദേശിക ഏജൻസികളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. സേവാഭാരതിയ്ക്ക് ഔദ്യോഗിക പരിവേഷം നൽകുന്ന കേന്ദ്രമന്ത്രാലയത്തിന്റെ തീരുമാനം റദ്ദാക്കണമെന്നും ജോൺ ബ്രിട്ടാസ് കത്തിൽ ആവശ്യപ്പെട്ടു .
കേന്ദ്ര ആയുർവേദ ഗവേഷണ കൗൺസിലിന്റെ ഉത്തരവിൽ കേരളത്തിലെ വിതരണവും സേവാ ഭാരതി ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം രംഗത്ത് വന്നത്. സംസ്ഥാനത്ത് വിതരണത്തിനായുള്ള മരുന്ന് ചെറുതുരുത്തിയിലെ ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിലാണ് എത്തിച്ചിരുന്നത്. കൊറോണ പോസിറ്റീവ് സർട്ടിഫിക്കറ്റും ആധാർ കാർഡുമായി വരുന്ന രോഗികളുടെ ബന്ധുക്കൾക്ക് മെയ് 11 മുതൽ മരുന്നുകൾ നൽകി തുടങ്ങിയിരുന്നു.അതേസമയം പലയിടങ്ങളിലുംമരുന്നു വിതരണത്തിലും വർഗ്ഗി യ ചേരിതിരിവ് ഉണ്ടാക്കുന്നതായി മരുന്ന് വിതരണത്തിന്റെ മറവിൽ ബി ജെ പി യും സംഘപരിവാറും വർഗ്ഗിയ അജണ്ട നടപ്പാക്കുന്നതായും ആരോപണ മുയർന്ന സാഹചര്യത്തിലാണ് ബ്രിട്ടാസിന്റെ കത്ത് മരുന്ന് വിതരണം നിഷ്പക്ഷമാക്കാൻ സംസ്ഥാനത്തെ പ്രാഥമിക കേന്ദ്രങ്ങൾ വഴിയോ കുടുംബശ്രീ വഴിയോ നടത്തണമെന്നാണ് ആവശ്യം .