കേന്ദ്രസർക്കാരിനെതീരെ ആഞ്ഞടിച്ച് സുപ്രിം കോടതി

വാക്സീന്‍ ഉത്പാദിപ്പിക്കുന്നതിന് കമ്പനികൾക്ക് നൽകിയ പണം പൊതുഫണ്ടുപയോഗിച്ചാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ വാക്സീന്‍ പൊതു ഉല്‍പ്പന്നമാണ്. നിരക്ഷരര്‍ എങ്ങനെ കോവിന്‍ പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്യുമെന്നും സുപ്രീംകോടതി ചോദിച്ചു.

0

ഡൽഹി :കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തെ അതിനിശിതമായി ചോദ്യം ചെയ്ത് സുപ്രീംകോടതി.മുഴുവന്‍ വാക്സീനും എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി. വാക്സീന്‍ ഉത്പാദിപ്പിക്കുന്നതിന് കമ്പനികൾക്ക് നൽകിയ പണം പൊതുഫണ്ടുപയോഗിച്ചാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ വാക്സീന്‍ പൊതു ഉല്‍പ്പന്നമാണ്. നിരക്ഷരര്‍ എങ്ങനെ കോവിന്‍ പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്യുമെന്നും സുപ്രീംകോടതി ചോദിച്ചു.

ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാൻ എന്താണ് കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി?. ചികിത്സാനിരക്ക് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ആണോ..?. പുതിയ വകഭേദം ആർ.ടി.പി.സി.ആർ പരിശോധനകളിൽ തെളിയുന്നില്ല. ലക്ഷണങ്ങൾ ഇല്ലാത്തവരെ പ്രവേശിപ്പിക്കാന്‍ വലിയ തുക ഈടാക്കുന്നു. ഗുജറാത്തിൽ ആംബുലൻസിൽ വരാത്തവരെ ആശുപത്രികളില്‍ കയറ്റുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടുന്നവര്‍ക്കെതിരെയുള്ള നടപടി കോടതിയലക്ഷ്യമാണ്.വിവരങ്ങള്‍ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

വാക്‌സിനു പുറമെ ഓക്‌സിജൻ, അവശ്യമരുന്നുകൾ തുടങ്ങി കോവിഡുമായി ബന്ധപ്പെട്ടുള്ള സർക്കാരിന്റെ നയങ്ങളെയും നടപടികളെയുമെല്ലാം ചോദ്യശരങ്ങളുനനയിച്ചു കോടതി .കോവിഡുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചത്. വാക്‌സിൻ, ഓക്‌സിജൻ, മറ്റ് അവശ്യ മരുന്നുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളാണ് കോടതി സർക്കാരിനു മുന്നിൽ ഉയർത്തിയത്. ഓക്‌സിജൻ ലഭ്യതയുമായി ബന്ധപ്പെട്ട് റിയൽടൈം വിവരങ്ങൾ കൈമാറുന്നതിന് എന്തു സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നതെന്നു ചോദിച്ചുകൊണ്ടായിരുന്നു വിമര്‍ശനങ്ങളുടെ തുടക്കം. ഇതിന് ഏതെങ്കിലും തരത്തിലുള്ള സോഫ്റ്റ്‌വെയറുകൾ സജ്ജീകരിച്ചിട്ടുണ്ടോ? നിരക്ഷരായവർക്ക് എങ്ങനെയാണ് വാക്‌സിൻ നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത്? ഇന്റർനെറ്റ് ഉപയോഗിക്കാത്തവരുടെ വാക്‌സിനേഷന് എന്തു സംവിധാനമാണുള്ളത്.

വാക്‌സിൻ ലഭിക്കുന്നതിന് കോവിൻ പോർട്ടലിൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതിനാലാണ് ഇതു ചോദിക്കേണ്ടിവരുന്നതെന്നും കോടതി പറഞ്ഞു. ശ്മശാന തൊഴിലാളികളെ നിലവിൽ എങ്ങനെ വാക്‌സിനേറ്റ് ചെയ്യാനാണ് പദ്ധതിയിടുന്നതെന്നും കോടതി ചോദിച്ചു.
പൊതു മുതൽ ഉപയോഗിച്ച് സർക്കാരിന്റെ ധനസഹായത്തോടെയാണ് വാക്‌സിൻ നിർമിക്കുന്നത്. അങ്ങനെയാകുമ്പോൾ വാക്‌സിൻ സ്വാഭാവികമായും പൊതുമുതലായി പരിഗണിക്കപ്പെടേണ്ടതാണ്. എന്നിരിക്കെ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും രണ്ടു തരത്തിലുള്ള വില ഈടാക്കാൻ കമ്പനികൾക്ക് അനുമതി നൽകുന്നത് എന്തിനാണ്? എന്തിനാണ് ഇത്തരത്തിൽ രണ്ടുവില? ചില സംസ്ഥാനങ്ങൾക്ക് പരിഗണന നൽകാനും ചിലരെ അവഗണിക്കാനും കമ്പനികൾക്ക് അവസരം നൽകുന്ന ഒരു സാഹചര്യം ഇതിലൂടെ ഉണ്ടാകില്ലേ.. രണ്ടു തരത്തിൽ വിതരണം ചെയ്യുന്നതിനു പകരം വാക്‌സിൻ പൂർണമായും കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്ന രീതി എന്തുകൊണ്ട് അവലംബിച്ചുകൂടാ എന്നും കോടതി സർക്കാരിനോട് ചോദ്യമായുന്നയിച്ചു.

പാറ്റന്റ് നിയമത്തിലെ 92-ാം ഉപവകുപ്പ് അനുസരിച്ച് ഉടമയുടെ അനുമതിയില്ലാതെ തന്നെ അവശ്യമരുന്നുകളുടെ നിർമാണത്തിലേക്ക് കൂടുതൽ ആളുകളെ കൊണ്ടുവരുന്ന നടപടിയിലേക്ക് കേന്ദ്രത്തിന് എന്തുകൊണ്ട് കടന്നുകൂടാ? അടിയന്തര സാഹചര്യത്തിൽ അത്തരമൊരു നടപടിക്ക് നിയമത്തിൽ വകുപ്പുണ്ട്. അത് എന്തുകൊണ്ട് പ്രയോഗിച്ചുകൂടാ? ഇതേക്കുറിച്ച് കേന്ദ്രം ആലോചിച്ചിട്ടുണ്ടോ എന്നും ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബെഞ്ച് ആരാഞ്ഞു. കേന്ദ്രത്തിന്‍റെ വാക്സിന്‍ നയത്തെ ചോദ്യം ചെയ്ത് കേരളം സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും സൌജന്യമായി വാക്സിന്‍ വിതരണം ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.

You might also like

-