രക്ഷാപ്രവര്‍ത്തനങ്ങളില്‍ വീഴ്ച; രക്ഷാദൗത്യം സൈന്യത്തെ ഏല്‍പ്പിക്കണം ചെന്നിത്തല
കേരളം ഒരുമിച്ച് കൈകോര്‍ത്തിട്ടും ജനങ്ങളെ രക്ഷപ്പെടുത്താന്‍ എന്തുകൊണ്ടാണ് ഇതുവരെ സാധിക്കാത്തതെന്നത് വലിയ ചോദ്യ ചിഹ്നമാണെന്നും ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് രക്ഷാദൗത്യം പൂര്‍ണ്ണമായും സൈന്യത്തെ ഏല്‍പ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
തിരുവനന്തപുരം : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം ഒരുമിച്ച് കൈകോര്‍ത്തിട്ടും ജനങ്ങളെ രക്ഷപ്പെടുത്താന്‍ എന്തുകൊണ്ടാണ് ഇതുവരെ സാധിക്കാത്തതെന്നത് വലിയ ചോദ്യ ചിഹ്നമാണെന്നും ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് രക്ഷാദൗത്യം പൂര്‍ണ്ണമായും സൈന്യത്തെ ഏല്‍പ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷം നേരത്തെ മുതല്‍ തന്നെ ആവശ്യപ്പെടുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇതുവരെ സൈന്യത്തെ വിളിച്ചില്ല എന്ന ചോദ്യവും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ചെന്നിത്തല ഉന്നയിച്ചു. തന്റെ ആവശ്യത്തെ മുഖ്യമന്ത്രി പൂര്‍ണ്ണമായും പുച്ഛിച്ചു തള്ളുകയായിരുന്നുവെന്ന ആരോപണവും പ്രതിപക്ഷനേതാവ് ഉന്നയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല പൂര്‍ണ്ണമായും സൈന്യത്തെ ഏല്‍പ്പിക്കണം.കളക്ടര്‍മാരുടെയും തഹസില്‍ദാര്‍മാരുടെയും വില്ലേജ് ഓഫീസര്‍മാരുടെയും പ്രവര്‍ത്തനം മതിയാവില്ലെന്ന് അറിയുന്നതു കൊണ്ടാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. സൈന്യത്തെ കൂടുതല്‍ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുടിവെള്ളവും ഭക്ഷണവുമില്ലാതെ പതിനായിരക്കണക്കിന് ആളുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. അതിദയനീയ സാഹചര്യം സംസ്ഥാനത്തുണ്ടായിട്ടും ആയിരക്കണക്കിന് ആളുകള്‍ സഹായത്തിനായി അപേക്ഷിച്ചിട്ടും ജനപ്രതിനിധികള്‍ക്ക് നിസ്സഹായരായി നില്‍ക്കാനെ കഴിയുന്നുള്ളു. കുടുങ്ങിക്കിടക്കുന്നവരുടെ വിദേശത്തുനിന്നുള്ള ബന്ധുക്കളുടെ നിരവധി കോളുകളാണ് വരുന്നത്. ഈ സഹായ അഭ്യര്‍ത്ഥനകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കാത്തത് വേദനാജനകമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.