പ്രളയക്കെടുതിയിൽ ഇടുക്കിയിൽ മരണം 55 . കാണാതായത് 7 പേരെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത് 20040 പേര്‍

കാലവര്‍ഷത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കും : മന്ത്രി എം എം മണി

0

ഇടുക്കി : പ്രളയക്കെടുതിയിൽ ഇടുക്കിയിൽ മരണം 55 ആയി . കാണാതായത് 7 പേരെ ജില്ലയിലെ വിവിധ ക്യാമ്പുകളിലായി 20040 പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയന്നത്. ദേവികളും താലൂക്കിലെ 8 ക്യാമ്പുകളിലായി 546 പേരും പീരുമേട്ടെ 10 ക്യാമ്പുകളിലായി 1201 പേരും തൊടുപുഴയിലെ മൂന്നുക്യാമ്പുകളിലായി 81 പേരും ഉടമ്പന്‍ചോലയിലെ 8 ക്യാമ്പുകളിലായി 426 പേരും ഇടുക്കിയിലെ 69 ക്യാമ്പുകളിലായി 17786 പേരും കഴിയുന്നു.

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിനൊപ്പം വഴിത്തല ശാന്തിഗിരി കോളേജ് വിദ്യാര്‍ത്ഥികളുംവെള്ളിയാമറ്റം പഞ്ചായത്തിലെ മേത്തൊട്ടിയില്‍ ഉരുള്‍പൊട്ടിയ മേഖലകളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തിന് സഹായഹസ്തവുമായി വഴിത്തല ശാന്തിഗിരി കോളേജ് വിദ്യാര്‍ത്ഥികളും എത്തിച്ചേര്‍ന്നു. തുടര്‍ച്ചയായ ചെറുതും വലുതുമായ 37 ഉരുള്‍പൊട്ടലുകളാണ് മേത്തൊട്ടി പ്രദേശങ്ങളില്‍ ഉണ്ടായത്. പടിഞ്ഞാറന്‍ മേത്തൊട്ടിയില്‍ 19 കുടുംബങ്ങളെയും കിഴക്കേ മേത്തൊട്ടിയില്‍ 33 കുടുംബങ്ങളെയും ഉള്‍പ്പെടെ 170 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചത്.

മഴയ്ക്ക് ശമനമായതിനെതുടര്‍ന്ന് ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് എത്തിയ നേടിയേറ്റ് അപ്പച്ചന്റെയും തരകനാല്‍ ബാലകൃഷ്ണന്റെയും വീടുകളാണ് പ്രോഗ്രാം ഓഫീസര്‍ ജെയിംസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള 100 അംഗ എന്‍. എസ്. എസ് വോളന്റിയേഴ്‌സും 7 അധ്യാപകരും ചേര്‍ന്ന് പുനരധിവാസ പ്രവര്‍ത്തനം നടത്തി വാസയോഗ്യമാക്കിയത്. കുടുംബശ്രീ യൂണിറ്റുകളിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായപ്രവര്‍ത്തനങ്ങള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി. മേത്തൊട്ടി പ്രിയദര്‍ശിനി ക്ലബ്ബിലെയും ചെറുപുഷ്പം യംഗ്സ്റ്റര്‍ ക്ലബ്ബിലെയും യുവാക്കളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

തൊടുപുഴ എം ല്‍ എ പി ജെ ജോസഫിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ശാന്തിഗിരി കോളേജ് എന്‍ എസ്സ് എസ്സ് വിദ്യാര്‍ഥികള്‍ വെള്ളിയാമറ്റം പഞ്ചായത്തിലെ !മേത്തൊട്ടിയില്‍ എത്തിയത്. തൊടുപുഴ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഉച്ച ഭക്ഷണം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം മോനിച്ചന്‍, ബ്ലോക്ക് മെമ്പര്‍ മാര്‍ട്ടിന്‍ മാത്യു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മോഹന്‍ദാസ് പുതുശ്ശേരി, അക്കാമ്മ മാത്യു, ജിന്‍സി സജി മുന്‍ പഞ്ചായത്ത് അംഗങ്ങളായ അശോക് കുമാര്‍ കൈക്കല്‍,എന്‍ എസ് എസ് പ്രസിഡണ്ട് എം സി തങ്കപ്പന്‍, സി ഡി എസ് മെമ്പര്‍ നീതു ഷിനോജ്, ജോയി വട്ടത്തകിടിയേല്‍, എ ഡി എസ് മെമ്പര്‍മാരായ ഓമന നേടിയേറ്റു, സുധ സോമന്‍, രവീണ ബിനു, ഗീതാ ശിവന്‍ എന്നിവര്‍ ദുരിതാശ്വാസ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പ്രളയബാധിതര്‍ക്കായി സൈക്കോ സോഷ്യല്‍ പിന്തുണ: അവബോധ രൂപീകരണ ശില്പശാല സംഘടിപ്പിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെയും ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ പ്രളയബാധിതര്‍ക്കായുള്ള ‘സൈക്കോ സോഷ്യല്‍ കെയര്‍ ഫോര്‍ ഫ്‌ളഡ് അഫക്റ്റഡ് ‘ എന്ന പരിപാടിയുടെ ഭാഗമായി അവബോധ രൂപീകരണ ശില്പശാല സംഘടിപ്പിച്ചു. ഓഗസ്റ്റ് 23, 24 തിയതികളിലായി തൊടുപുഴ മിനി സിവില്‍ സ്‌റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി നടക്കുന്നത്. ജില്ലയില്‍ നിന്നുള്ള സ്‌കൂള്‍ കൗണ്‍സിലേഴ്‌സ്, ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിട്യൂഷനില്‍ നിന്നുള്ള കൗണ്‍സിലേഴ്‌സ്, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ചിട്ടുള്ള പരിപാടി ബാംഗ്ലൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് (നിംഹാന്‍സ് )ലെ സൈക്കാട്രിക് സോഷ്യല്‍ വര്‍ക്ക് വിഭാഗമാണ് സംഘടിപ്പിച്ചത്.

തൊടുപുഴ തഹസില്‍ദാര്‍ വിനോദ് രാജ് ഉദ്ഘാടനം ചെയ്ത പരിപാടി ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സോഫി ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ലിസി തോമസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ. ജെയ്‌സണ്‍, ജില്ലാതല പ്രോഗ്രാം ഓഫീസര്‍ നിഷ, അനീഷ് വി. വി എന്നിവര്‍ പ്രസംഗിച്ചു. ബാംഗ്ലൂര്‍ നിംഹാന്‍സ് സൈക്കാട്രിക് സോഷ്യല്‍ വര്‍ക്ക് വിഭാഗം ബിനോ തോമസ്, വസുന്ധര എസ് നായര്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു. കുട്ടികളെ സംരക്ഷിക്കുന്നവരുടെ കര്‍ത്തവ്യങ്ങള്‍, ദുരന്തം അനുഭവിക്കുന്നവര്‍ക്കായുള്ള മാനസിക സാമൂഹിക സഹായം, മാനസിക സാമൂഹിക പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ ഉപയോഗിക്കേണ്ട മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ച് ക്ലാസുകള്‍ എടുത്തു. ദുരന്തബാധിതര്‍ക്ക് സൈക്കോ സോഷ്യല്‍ പിന്തുണ നല്‍കുന്നതിനായി കൗണ്‍സിലര്‍മാരെ മേഖല തിരിച്ച് നിയോഗിക്കുകയും ചെയ്തു. ഇന്ന് സന്നദ്ധസേവകര്‍ക്കുള്ള പരിശീലന പരിപാടിയും നടക്കും.

കാലവര്‍ഷത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കും : മന്ത്രി എം എം മണി.


കാലവര്‍ഷകെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി സംരക്ഷിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി.അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.വീട് നഷ്ടപ്പെട്ടവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പെടുത്തി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കി വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു മന്ത്രി എംഎം മണി അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചത്.അടിമാലിയില്‍ നിലവില്‍ ഒരു ദുരിതാശ്വാസ ക്യാമ്പാണ് പ്രവര്‍ത്തിക്കുന്നത്. വീടും സ്ഥലവും ഇല്ലാതെ വാടക വീടുകളില്‍ കഴിഞ്ഞ് വരുന്നവരും നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസം തുടരുകയാണ്. വാടകക്ക് താമസിച്ചു വന്നിരുന്ന വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുരിതം പരിഹരിക്കാന്‍ ശ്രദ്ധയോടെയും കരുതലോടെയുമുള്ള തീരുമാനങ്ങള്‍ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി അറിയിച്ചു. ക്യാമ്പിലെത്തിയ മന്ത്രിയെ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ തങ്ങളുടെ സങ്കടങ്ങളും അറിയിച്ചു. പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാമെന്ന് മന്ത്രി കുടുംബങ്ങള്‍ക്ക് ഉറപ്പു നല്‍കി.വീടും സ്ഥലവും ഇല്ലാത്തവരെ താല്‍ക്കാലികമായി പാര്‍പ്പിക്കാന്‍ ഉതകുന്ന പഞ്ചായത്തിലെ മറ്റിടങ്ങള്‍ കണ്ടെത്താന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.40 പേരാണ് ഇപ്പോള്‍ അടിമാലിയിലെ ക്യാമ്പില്‍ കഴിഞ്ഞ് വരുന്നത്.പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മറ്റ് ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടായിരുന്നവരെല്ലാം വീടുകളിലേക്ക് മടങ്ങി പോയിരുന്നു.

.മഴക്കെടുതി ഇരുട്ടിലാക്കിയ മേഖലകളില്‍ വെളിച്ചമെത്തിക്കാന്‍ വൈദ്യുതി വകുപ്പ് ജീവനക്കാര്‍

മഴക്കെടുതിയില്‍ ഇരുട്ടിലായി പോയ മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള അക്ഷീണ പ്രയത്‌നത്തിലാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍. കെ എസ് ഇ ബി കട്ടപ്പന സബ് ഡിവിഷനു കീഴിലുള്ള കട്ടപ്പന, അണക്കര ,വണ്ടന്‍മേട് തൂക്കുപാലം എന്നീ സെക്ഷനുകളുടെ പരിധിയിലുള്ള എല്ലാ കണക്ഷനുകളിലും വൈദ്യുതി എത്തി. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പോസ്റ്റുകളും ലൈനുകളും പൂര്‍ണ്ണമായും തകര്‍ന്ന ഉടുമ്പന്‍ചോല സെക്ഷനിലെ 40 വീടുകളില്‍ വൈദ്യുതി എത്തിക്കാനുള്ള പരിശ്രമത്തിലാണ് ജീവനക്കാരെന്നും രണ്ട് മൂന്ന് ദിവസങ്ങള്‍ക്കകം ഈ ഭാഗത്തെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാകുമെന്നും കെ എസ് ഇ ബി കട്ടപ്പന അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എസ് സലിം കുമാര്‍ പറഞ്ഞു. നെടുങ്കണ്ടം സെക്ഷനു കീഴില്‍ 14 ഓളം കക്ഷനും ഇരട്ടയാര്‍ സെക്ഷനു കീഴില്‍ നാലെണ്ണവും ഉരുള്‍പൊട്ടലില്‍ പൂര്‍ണ്ണമായും വീടുള്‍പ്പെടെ തകര്‍ന്ന് വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്. ഇവിടെ വീടുകള്‍ പുനര്‍നിര്‍മ്മിച്ച ശേഷം മാത്രമേ പോസ്റ്റുകളിട്ട് പുതിയ ലൈന്‍ വലിച്ച് കണക്ഷന്‍ നല്കുവാനാകൂ.
നെടുങ്കണ്ടം സെക്ഷന്‍ പരിധിയിലുള്ള മഞ്ഞപ്പാറ, മാവടി, കാരിക്കോട്, കല്‍കൂന്തല്‍ ,ഉപ്പാറ മേഖലകളിലും ഇരട്ടയാര്‍ സെക്ഷന്‍ പരിധിയിലെ ഇടിഞ്ഞമല ,ഈട്ടിത്തോപ്പ്, ഈറ്റക്കാനം മേഖലകളിലും മഴക്കെടുതിയില്‍ തകര്‍ന്നു പോയ പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചും മറ്റും ജീവന ക്കാര്‍ ദിവസങ്ങളോളം രാപകല്‍ വ്യത്യാസമില്ലാതെ പരിശ്രമിച്ചാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കട്ടപ്പന കെ എസ് ആര്‍ ടി സി ഡിപ്പോ , വെള്ളയാംകുടിക്ക് സമീപമുള്ള കൊങ്ങിണിപ്പടവ് മേഖലകളില്‍ വൈദ്യുതിയെത്തിക്കല്‍ ദുഷ്‌കരമായിരുന്നു. മഴക്കെടുതി ആരംഭിച്ചപ്പോള്‍ മുതല്‍ ലീവ് പോലും ക്യാന്‍സല്‍ ചെയ്ത് എല്ലാ സെക്ഷനുകളിലെയും ജീവനക്കാര്‍ 24 മണിക്കൂറും ജോലിയില്‍ വ്യാപൃതരാണ്. ഓരോ സെക്ഷനു കീഴിലും 25ഓളം ജീവനക്കാര്‍ വീതം വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ റൂട്ടുകളില്‍ ജോലി ചെയ്തുവരുന്നു. കട്ടപ്പന ഡിവിഷനു പരിധിയിലുള്ള ഒരു ലക്ഷത്തോളം കണക്ഷനില്‍ ഇരുപതിനായിരത്തോളം ഗാര്‍ഹിക കണക്ഷനുകളിലും അത്രത്തോളം തന്നെ ഗാര്‍ഹികേതര കണക്ഷനുകളിലും ഈ മഴക്കെടുതിയില്‍ വൈദ്യുതി തടസപ്പെട്ടിരുന്നു. ജീവനക്കാരുടെ കഠിന പരിശ്രമത്തിലും നാട്ടുകാരുടെ സഹകരണം കൊണ്ടും വളരെ പെട്ടെന്നു തന്നെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാന്‍ സാധിച്ചതായി കട്ടപ്പന അസി.എക്‌സ്.എന്‍ജിനീയര്‍ അറിയിച്ചു.

മഴക്കെടുതിയില്‍ തകര്‍ന്ന കല്ലാര്‍മുക്ക് അപ്രോച്ച് റോഡ് താല്ക്കാലികമായി യാത്രാ യോഗ്യമാക്കി

ഈട്ടിത്തോപ്പ് മേലേ ചിന്നാര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കല്ലാര്‍മുക്ക് പാലത്തിന്റെ പാതിയും അപ്രോച്ച് റോഡും മഴക്കെടുതിയില്‍ തകര്‍ന്നതോടെ വിവിധ പ്രദേശങ്ങളിലേക്കുള്ള ഏക യാത്രാമാര്‍ഗ്ഗമാണ് തടസപ്പെട്ടത്. അടിമാലി മേലേ ചിന്നാര്‍ ഈ ടിത്തോപ്പ് നത്തു കല്ല് പ്രധാന റോഡിന്റെ ഭാഗമാണിത്. കല്ലാര്‍മുക്ക് പാലത്തില്‍ നിന്നും പ്രധാന റോഡിലേക്കെത്തുന്ന അപ്രോച്ച് റോഡ് ഏകദേശം 50 മീറ്ററോളം ഇടിഞ്ഞു പോയി. ഇരുവശങ്ങളും കെട്ടി മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്തിരുന്ന പാലത്തിന്റെ ഒരു ഭാഗവും കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ഇതോടെ മേലേ ചിന്നാര്‍, ഈട്ടിത്തോപ്പ്, കല്ലാര്‍മുക്ക് മേഖലയിലെ ജനങ്ങള്‍ക്ക് ഇരുഭാഗങ്ങളിലേക്കും യാത്ര അസാധ്യമായി. ഇവിടെ നിന്നും അടിമാലി നെടുങ്കണ്ടം, തോപ്രാംകുടി, കട്ടപ്പന ഭാഗങ്ങളിലേക്കെത്താന്‍ മാര്‍ഗ്ഗമില്ലാതായി. തുടര്‍ന്നാണ് നൂറു കണക്കിന് നാട്ടുകാരുടെയും ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിന്റെയും ദിവസങ്ങളോളമുള്ള ശ്രമഫലമായി കാല്‍നടയാത്രയ്ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കടന്നു പോകാന്‍ വിധം ക്രമീകരിച്ചത്. .നൂറു കണക്കിന് മണല്‍ചാക്കുകള്‍ അടുക്കി മുകളില്‍ മണ്ണിട്ട് ഉറപ്പിച്ചാണ് ഇത്രയെങ്കിലും സഞ്ചാരയോഗ്യമാക്കിയത.് ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിലെ എന്‍സിസി കേഡറ്റുകളും ഈ ഉദ്യമത്തില്‍ പങ്കാളികളായി. മണ്ണുമാറ്റുവാനും മറ്റുമായി ഹിറ്റാച്ചിയും ടിപ്പറും ഗ്രാമ പഞ്ചായത്ത് വിട്ടു നല്കി. കഴിഞ്ഞ വര്‍ഷം പണി പൂര്‍ത്തീകരിച്ച ഗ്രാമീണ റോഡും പാലത്തിന്റെ പാതിയും പേമാരി തകര്‍ത്തെറിഞ്ഞ വിഷമത്തിലാണ് പ്രദേശവാസികള്‍. കാലവര്‍ഷക്കെടുതിയെ കൂട്ടായ പരിശ്രമത്തിലൂടെ അതിജീവിച്ചപ്പോള്‍ കല്ലാര്‍മുക്ക് ഗ്രാമവാസികള്‍ക്ക് അവരുടെ യാത്രാക്ലേശത്തിന് താല്കാലിക പരിഹാരമായി.

You might also like

-