വീട്ടുജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവും 5.25 ലക്ഷം രൂപ പിഴയും
പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ (7,8) പ്രകാരം മോൻസൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതിനു പുറമേ ഐപിസി 370 (പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞുവയ്ക്കൽ, ഐപിസി 342 (അന്യായമായി തടവിൽ പാർപ്പിക്കൽ), ഐപിസി 354 എ (സ്ത്രീക്കു നേരായ അതിക്രമം), ഐപിസി 376 (ബലാത്സംഗം), ഐപിസി 313 (സ്ത്രീയുടെ അനുമതിയില്ലാതെ ഗർഭം അലസിപ്പിക്കൽ), ഐപിസി 506 (ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു.
കൊച്ചി|വീട്ടുജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവും പിഴയും. പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയിരുന്നു. ജീവിതാവസാനം വരെ തടവും 5.25 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കുറ്റപത്രത്തിൽ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞതായും എറണാകുളം ജില്ലാ പോക്സോ കോടതി നിരീക്ഷിച്ചു. മോൻസനെതിരായി രജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യത്തെ വിധിയാണിത്.
കഴിഞ്ഞ ദിവസമാണ് കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായത്. മറ്റു കേസുകളിൽ മോൻസന് ജാമ്യം ലഭിച്ചെങ്കിലും ഈ കേസിൽ ജാമ്യം ലഭിച്ചിരുന്നില്ല. പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ (7,8) പ്രകാരം മോൻസൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതിനു പുറമേ ഐപിസി 370 (പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞുവയ്ക്കൽ, ഐപിസി 342 (അന്യായമായി തടവിൽ പാർപ്പിക്കൽ), ഐപിസി 354 എ (സ്ത്രീക്കു നേരായ അതിക്രമം), ഐപിസി 376 (ബലാത്സംഗം), ഐപിസി 313 (സ്ത്രീയുടെ അനുമതിയില്ലാതെ ഗർഭം അലസിപ്പിക്കൽ), ഐപിസി 506 (ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണു പ്രത്യേക കോടതി മോൻസനെതിരെ ചുമത്തിയിട്ടുള്ളത്.
2019ലാണ് കേസിനാസ്പദമായ സംഭവം. പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്ത് 17 വയസ്സുള്ള പെൺകുട്ടിയെ കലൂരിലെ വീട്ടിൽവച്ച് വീട്ടുവേലക്കാരിയുടെ മകളായ പതിനേഴുകാരിയെ ഒന്നിൽ കൂടുതൽതവണ പീഡിപ്പിച്ചെന്നാണ് കേസ്. കൊച്ചിയിലെ മറ്റൊരു വീട്ടിൽവച്ചും പീഡിപ്പിച്ചു. എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്.പുരാവസ്‌തു തട്ടിപ്പുകേസിൽ 2021ൽ മോൻസൺ അറസ്റ്റിലായശേഷമാണ് പെൺകുട്ടിയുടെ അമ്മ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. മോൻസണെ ഭയന്നാണ് പരാതി നൽകാതിരുന്നതെന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ ആർ റസ്റ്റമാണു കേസന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. മോൻസന്റെ മാനേജരായ ജോഷി ഒന്നാം പ്രതിയായ പോക്സോ കേസിൽ മോൻസൻ രണ്ടാം പ്രതിയാണ്.