എം.ശിവശങ്കറിന് നട്ടെല്ലിന് തകരാർ ആശുപത്രി ഉടൻ വിടില്ല , ഡോളർ കടത്തിയതിൽ പങ്കുണ്ടെന്നാണ് കസ്റ്റംസ്
അനധികൃതഡോളർ വിദേശത്തേക്ക് കടത്തിയതിൽ എം ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ . വിദേശത്തേക്ക് കടത്തിയത് 1.90 ലക്ഷം യുഎസ് ഡോളറാണ്
തിരുവനന്തപുരം :കസ്റ്റംസ് ചോദ്യംചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ എം.ശിവശങ്കര്‍ ആശുപത്രിയില്‍ തുടരും. കടുത്ത നടുവേദനയെന്ന് എം. ശിവശങ്കര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. പരിശോധനയില്‍ ഡിസ്ക് തകരാര്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖങ്ങളില്ല. എന്നാല്‍ മറ്റൊരു ആശുപത്രിയില്‍കൂടി പരിശോധനവേണമെന്നാണ് കസ്റ്റംസ് നിലപാട്.
അതേസമയം രാജ്യത്ത് നിന്ന് അനധികൃതഡോളർ വിദേശത്തേക്ക് കടത്തിയതിൽ എം ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ . വിദേശത്തേക്ക് കടത്തിയത് 1.90 ലക്ഷം യുഎസ് ഡോളറാണ്. ഈ ഡോളർ കിട്ടാൻ ബാങ്കുദ്യോഗസ്ഥരിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയ ശിവശങ്കറാണെന്നാണ് കസ്റ്റംസിന് വ്യക്തമായി കിട്ടിയ വിവരം.
വൻസമ്മർദ്ദം മൂലമാണ് ഡോളർ കൈമാറിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞതായുള്ള മൊഴിയും കസ്റ്റംസിന്‍റെ പക്കലുണ്ട്. ഈ പണമാണ് പിന്നീട് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് മുന്നിൽ വച്ച് കോൺസുലേറ്റിലെ ധനകാര്യവിഭാഗത്തിന്‍റെ ചുമതലയിലുണ്ടായിരുന്ന ഖാലിദിന് കൈമാറുന്നത്. ഖാലിദാണ് ഈ തുക വിദേശത്തേക്ക് കടത്തിയത്.
ഡോളർ ഇടപാടിൽ സ്വപ്നപ്രഭാസുരേഷ്, സന്ദീപ് നായർ, എം ശിവശങ്കർ എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് തവണ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ രണ്ട് തവണയും ശിവശങ്കർ ചോദ്യം ചെയ്യാനെത്തിയില്ല. ആരോഗ്യകാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. കൃത്യമായ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ പ്രതി ചേർക്കാമെന്ന നീക്കത്തോടെ മുന്നോട്ടുപോകുകയായിരുന്നു കസ്റ്റംസ്. ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ OR – Occurance Report കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യകോടതിയിൽ റജിസ്റ്റർ ചെയ്യുകയും ചെയ്തു. എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ അങ്ങനെ നിർണായകമായ വഴിത്തിരിവിലെത്തിയപ്പോഴാണ് അദ്ദേഹം ആശുപത്രിയിൽ അനാരോഗ്യം മൂലം പ്രവേശിപ്പിക്കപ്പെടുന്നത്. സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളർ അടക്കമുള്ള വിദേശനാണ്യം കടത്തിയ കേസിൽ എമിഗ്രേഷൻ വിഭാഗത്തിൽ നിന്നും കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ശിവശങ്കറിന്റെ വീട്ടിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പുതിയ കേസ് രജിസ്റ്റർ ചെയ്ത നോട്ടീസാണ് എം ശിവശങ്കറിന് നൽകിയത് . കസ്റ്റംസ് ആക്ടിലെ 108- പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് കേസിൽ ബന്ധമുണ്ടെന്ന് വിവരം ലഭിക്കുന്നവരെ വിളിച്ചുവരുത്താനുള്ള നോട്ടീസാണ് ശിവശങ്കറിന് നൽകിയത്. നോട്ടീസ് കൈപ്പറ്റിയ ശിവശങ്കർ നോട്ടീസിലെ വിവരങ്ങൾ കൊച്ചിയിലെ അഭിഭാഷകരുമായി ചർച്ച ചെയ്തു. ചോദ്യം ചെയ്യൽ നീട്ടിവയ്ക്കാൻ കഴിയുമോ എന്ന് വീണ്ടും ശിവശങ്കർ ഉദ്യോഗസ്ഥരോട് ആരാഞ്ഞു. ഇല്ല, വന്നേ തീരൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞതോടെ, അദ്ദേഹം വീട്ടിൽ നിന്ന് ഉദ്യോഗസ്ഥരോടൊപ്പം തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.