മറുകണ്ടം ചാടിയവരെ തിരിച്ചെത്തിക്കാൻ നീക്കം, മന്ത്രി പദം വാഗ്ദാനം

നിലവിലെ സാഹചര്യത്തില്‍ രാജിവച്ച എല്ലാവരേയും തിരിച്ചെത്താക്കാമെന്ന് പാര്‍ട്ടിയിലെ പല നേതാക്കളും കരുതുന്നില്ല. മാത്രമല്ല എല്ലാവരുടേയും ആവശ്യങ്ങള്‍ അംഗീകരിച്ച് വിട്ടുവീഴ്ച ചെയ്താല്‍ വൈകാതെ കൂടുതല്‍ എംഎല്‍എമാര്‍ രാജിനാടകവുമായി വരുമെന്നും കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം കരുതുന്നു.

0

ബെംഗളൂരു: എം എൽ എ മാരുടെ രാജിയെത്തുടർന്നുള്ള ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ പതനം ഒഴിവാക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി നേതാക്കള്‍. രാജിവച്ച എംഎല്‍എമാരുമായി കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ രാജിവച്ച എല്ലാവരേയും തിരിച്ചെത്താക്കാമെന്ന് പാര്‍ട്ടിയിലെ പല നേതാക്കളും കരുതുന്നില്ല. മാത്രമല്ല എല്ലാവരുടേയും ആവശ്യങ്ങള്‍ അംഗീകരിച്ച് വിട്ടുവീഴ്ച ചെയ്താല്‍ വൈകാതെ കൂടുതല്‍ എംഎല്‍എമാര്‍ രാജിനാടകവുമായി വരുമെന്നും കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം കരുതുന്നു.

അതിനാല്‍ രാജി പ്രഖ്യാപിച്ച 14 പേരില്‍ നാലോ അഞ്ചോ പേരെയെങ്കിലും തിരിച്ചെത്തിക്കുക എന്ന സാധ്യതയാണ് കോണ്‍ഗ്രസ് മുഖ്യമായും പരിശോധിക്കുന്നത്. വിമത എംഎല്‍എമാരിലെ മുതിര്‍ന്ന നേതാവായ രാമലിംഗ റെഡ്ഡിയെ തിരിച്ചു ചാടിക്കാനാണ് പ്രധാനമായും നീക്കം നടക്കുന്നത്. തനിക്ക് മന്ത്രിസ്ഥാനം വേണം എന്നാണ് രാമലിംഗ റെഡ്ഡിയുടെ ആവശ്യം. ബെംഗളൂരു നഗരവികസന വകുപ്പ് തന്നെ കിട്ടണമെന്നും രാമലിംഗ റെഡ്ഡി വ്യക്തമാക്കിയിട്ടുണ്ട്.
രാമലിംഗ റെഡ്ഡിയെ അനുനയിപ്പിച്ചാല്‍ അദ്ദേഹത്തിന്‍റെ മകളായ സൗമ്യ റെഡ്ഡിയേയും അനുയായികളായ രണ്ടോ മൂന്നോ എംഎല്‍എമാരേയും കൂടി തിരികെ എത്തിക്കാം എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

അതേസമയം താന്‍ ബിജെപിയില്‍ ചേരുമെന്നും ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ ഗൗഡ പാട്ടീല്‍ പറഞ്ഞു. ജെഡിഎസിലെ കുടുംബാധിപത്യത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് വിമത ജെഡിഎസ് എംഎല്‍എ നാരായണ്‍ ഗൗഡയും വ്യക്തമാക്കി.

പ്രതാപ ഗൗഡയും നാരായൺ ഗൗഡയും ഇപ്പോള്‍ മുംബൈയിലേക്ക് പോയവരാണ്. ഇവരടക്കം പത്ത് എംഎല്‍എമാരാണ് മുംബൈയില്‍ ഉള്ളത്. ഇവര്‍ താമസിക്കുന്ന ഹോട്ടലില്‍ 12 മണിക്ക് എംഎല്‍എമാരുടെ യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്. വ്യാഴാഴ്ച വരെ ഹോട്ടലില്‍ എംഎല്‍എമാര്‍ക്ക് മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ചയാണ് കര്‍ണാടക നിയമസഭയുടെ സമ്മേളനം ആരംഭിക്കുന്നത്. രാജിവച്ച മറ്റു മൂന്ന് എംഎല്‍എമാര്‍ ബെംഗളൂരുവില്‍ തുടരുകയാണ്.

അതേസമയം എംഎല്‍എമാരുമായി സംസാരിച്ചു വരികയാണെന്നും കാര്യങ്ങള്‍ കൈവിട്ടു പോയിട്ടില്ലെന്നും കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍പറ‍ഞ്ഞു. പാര്‍ട്ടി ചട്ടങ്ങളും അച്ചടക്കവും നിലനിര്‍ത്തി സര്‍ക്കാരിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ കാര്യങ്ങളിലും വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമുണ്ടാവും

എംഎല്‍എമാരില്‍ ചിലര്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാല്‍ രാജി പിന്‍വലിക്കാം എന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സോമശേഖർ, മുനിരത്ന, ബൈരതി ബസവരാജ്‌ എന്നിവരാണ് ഈ നിലപാട് ചര്‍ച്ചയ്ക്കെത്തിയ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗയെ മുഖ്യമന്ത്രിയാക്കണം എന്ന നിര്‍ദേശം വേറെ ചിലര്‍ എംഎല്‍എമാരും മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാല്‍ എംഎല്‍എമാരുടെ ഈ ആവശ്യത്തെയെല്ലാം സംശയത്തോടെയാണ് കോണ്‍ഗ്രസ് നോക്കി കാണുന്നത്.

സഖ്യം തകര്‍ക്കുന്നതിന് വേണ്ടി ബിജെപിയാണ് ഈ ഉപാധി എംഎല്‍എമാരെ കൊണ്ടു മുന്നോട്ട് വച്ചതെന്ന് കോണ്‍ഗ്രസ് കരുതുന്നു. ആ കെണിയില്‍ വീഴരുതെന്ന അഭിപ്രായം കോണ്‍ഗ്രസിനകത്ത് തന്നെയുണ്ട്. നടപ്പാക്കാന്‍ സാധിക്കാത്ത ചില നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുന്നോട്ടു വച്ചിട്ടുണ്ടെന്ന് ദില്ലിയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു. അതേ സമയം ചില എംഎല്‍എമാരുടെ നിര്‍ദേശങ്ങളും പരാതികളും ന്യായമാണെന്നും അതിനെ ഗൗരവത്തോടെ പാര്‍ട്ടി കാണുന്നുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.

ഇപ്പോള്‍ രാജിവച്ച എംഎല്‍എമാരില്‍ പലരും കോണ്‍ഗ്രസ് നേതൃത്വുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഇവര്‍ മറുകണ്ടം ചാടിപ്പോയതിന്‍റെ അമ്പരപ്പ് നേതാക്കള്‍ക്ക് ഇനിയും മാറിയിട്ടില്ല. പുറത്തേക്ക് പോയ 14 പേരില്‍ രാമലിംഗ റെഡ്ഡിയടക്കം നാലോ അഞ്ചോ പേരെ തിരികെയെത്തിക്കാന്‍ കോണ്‍ഗ്രസ് സജീവമായി ശ്രമിക്കുന്നത് ഈ സാഹചര്യത്തിലാണ്. സര്‍ക്കാരിനെ വീഴ്ത്താനുള്ള നീക്കം പരാജയപ്പെട്ടാല്‍ പിന്നെ രാജിവച്ച എംഎല്‍എമാരും മടങ്ങിയെത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.

രാഹുല്‍ ഗാന്ധി രാജിവച്ച ഒഴിവില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനായി ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകളിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. ഇതില്‍ പ്രധാനിയായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് കൂടുതല്‍ സാധ്യതയുള്ളവരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. രാജിവച്ച എംഎല്‍എമാരില്‍ ചിലര്‍ ഖാര്‍ഗ്ഗയെ മുഖ്യമന്ത്രിയാക്കണം എന്ന് ആവശ്യപ്പെട്ടതോടെ ഖാര്‍ഗ്ഗെയോട് അടിയന്തരമായി ബെംഗളൂരുവിലെത്താന്‍ എഐസിസി നേതാക്കള്‍ നിര്‍ദേശിക്കുകയായിരുന്നു.

രാജിവച്ചവര്‍ക്കെല്ലാം മന്ത്രിസ്ഥാനം നല്‍കാം എന്നാണ് ബിജെപിയുടെ വാഗ്ദാനമെന്ന് സമവായ ചര്‍ച്ചകളില്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് പറഞ്ഞത്. എന്നാല്‍ ഇത് വിശ്വസിക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ സന്ദര്‍ശനത്തിലായിരുന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ഇന്ന് വൈകിട്ടോടെ ബെംഗളൂരുവില്‍ തിരിച്ചെത്തും. നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ എന്ത് തരം നിലപാട് അദ്ദേഹമെടുക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പന്ത്രണ്ടാം തീയതിയാണ് കര്‍ണാടക നിയമസഭയുടെ അടുത്ത സമ്മേളനം ആരംഭിക്കുന്നത്. എംഎല്‍എമാര്‍ നല്‍കിയ രാജിക്കത്ത് പരിശോധിച്ച് ചൊവ്വാഴ്ച തീരുമാനമറിയിക്കും എന്നാണ് സ്പീക്കറുടെ ഓഫീസ് അറിയിച്ചത്. സ്പീക്കര്‍ കാര്യങ്ങള്‍ വൈകിപ്പിക്കും എന്നത് മുന്‍കൂട്ടി കണ്ടാണ് രാജിവച്ച എംഎല്‍എമാരില്‍ ചിലര്‍ രാജിക്കത്തിന്‍റെ പകര്‍പ്പുമായി ഗവര്‍ണറെ കണ്ടത്. ഇതോടെ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമായി.
നിലവില്‍ രാജിവച്ച എംഎല്‍എമാര്‍ക്ക് പുറമേ വിമത പക്ഷത്തുള്ള ജെഎന്‍ ഗണേഷ്, ബി.നാഗേന്ദ്ര എന്നീ എംഎല്‍എമാര്‍ കൂടി ചൊവ്വാഴ്ച രാജിവച്ചേക്കും എന്ന വാര്‍ത്തകളുണ്ട് അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ സഭയില്‍ ന്യൂപക്ഷമാവും.

ഒരു ബിഎസ്.പി എംഎല്‍എയുടേയും ഒരു സ്വതന്ത്രന്‍റേയും പിന്തുണയും കൂടി നേടിയാണ് ജെഡിഎസ് -കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ബിജെപി അവിശ്വാസപ്രമേയം കൊണ്ടു വന്നാല്‍ ഈ രണ്ടു പേരും ഭരണമുന്നണിക്കൊപ്പം നില്‍ക്കുമോ എന്ന ആശങ്കയും ശക്തമാണ്. അങ്ങനെ വന്നാല്‍ നിയമസഭയിലെ ജെഡിഎസ്-കോണ്‍ഗ്രസ് അംഗസംഖ്യ ബിജെപിയേക്കാള്‍ താഴെ പോകും. നിയസഭാ സമ്മേളനം ആരംഭിക്കുന്ന ആദ്യദിവസം തന്നെ ബിജെപി അവിശ്വാസപ്രമേയം കൊണ്ടു വരും എന്നുറപ്പാണ്. അതിനെ അതിജീവിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് കണ്ടാല്‍ കുമാരസ്വാമി രാജിവയ്ക്കാനും സാധ്യതയേറെയാണ്.

ഈ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടു പോകാന്‍ തന്നെ വളരെ കഷ്ടപ്പെടുന്നു എന്ന് പറഞ്ഞ് പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ കുമാരസ്വാമി ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ വന്‍തോല്‍വിയുടെ കൂടി പശ്ചാത്തലത്തില്‍ എന്ത് നിലപാട് ഇനി സ്വീകരിക്കും എന്ന് കണ്ടറിയണം. എന്തായാലും നിര്‍ണായകമായ ഈ പ്രതിസന്ധി ഘട്ടത്തില്‍ ജെഡിഎസ് നേതൃത്വത്തെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. അനുനയനീക്കങ്ങളുടെ ഭാഗമായി ഡികെ ശിവകുമാര്‍ ബെംഗളൂരുവിലെ എച്ച്ഡി ദേവഗൗഡയുടെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.

ഇതിനിടെ സ്പീക്കറെ മുന്‍നിര്‍ത്തി വിമതഎംഎല്‍എമാരെ നേരിടാനുള്ള സാധ്യതകളും കോണ്‍ഗ്രസ് പരിശോധിക്കുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. കര്‍ണാടകയ്ക്ക് സമാനമായ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന തമിഴ് നാട്ടില്‍ സ്പീക്കറുടെ തീരുമാനങ്ങളുടേയും നയങ്ങളുടേയും ബലത്തിലാണ് എഐഎഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത്. അതേ മാതൃക കര്‍ണാടകയില്‍ പിന്തുടരാനുള്ള വഴിയാണ് കോണ്‍ഗ്രസ് അറ്റകൈ എന്ന നിലയില്‍ നോക്കുന്നത്.

ഇത്രയും എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവച്ചതിനാല്‍ അതിനെ കൂറുമാറ്റമായി കണ്ട് സ്പീക്കര്‍ക്ക് നടപടിയെടുക്കാന്‍ സാധിക്കും എന്ന നിയമോപദേശം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലഭിച്ചതായി സൂചനയുണ്ട് . രാജിവച്ച എംഎല്‍എമാര്‍ കൂറുമാറിയതായി സ്പീക്കര്‍ പ്രഖ്യപിച്ചാല്‍ ഇവര്‍ അയോഗ്യരാവും. ഇതോടെ അടുത്ത ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധിക്കില്ല.

You might also like

-