മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു
ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. ഡല്‍ഹിയിലെ ചികിത്സയ്ക്ക് ശേഷം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാം
ഡൽഹി :ഭീകര വിരുദ്ധ അനിയമം ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതി എപ്രില്‍ 28നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് തള്ളിയായിരുന്നു സുപ്രിംകോടതി ഇടപെടല്‍. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. ഡല്‍ഹിയിലെ ചികിത്സയ്ക്ക് ശേഷം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാം.കിടക്ക ലഭ്യമാക്കാന്‍ ഉത്തരവിടണമെന്ന സോളിസിറ്റര്‍ ജനറലിന്റെ ആവശ്യം ബെഞ്ച് തള്ളിയിരുന്നു.
യുപി സര്‍ക്കാര്‍ ഇടപെട്ട് കിടക്ക ലഭ്യമാക്കണമെന്നും സ്വാഭാവിക ജാമ്യത്തിനായി കീഴ്കോടതിയെ സമീപിക്കാനും ആയിരുന്നു നിര്‍ദേശം. ചികിത്സയ്ക്ക് ശേഷം കാപ്പനെ മഥുര ജയിലിലേക്ക് തിരികെ അയയ്ക്കണം. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹേബിയസ് കോര്‍പസ് ഹര്‍ജിയും സുപ്രിംകോടതി തീര്‍പ്പാക്കിയിരുന്നു.
കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി കഴിഞ്ഞ ദിവസ്സം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് ബാധിതനായ സിദ്ദിഖ് കാപ്പന്‍ ഉത്തര്‍പ്രദേശിലെ മഥുര കെ.എം. മെഡിക്കല്‍ കോളജില്‍ ദുരിതത്തിലാണെന്ന് ഭാര്യ റൈഹാനയ്ക്ക് വേണ്ടി ഹാജരായ അഡ്വ വില്‍സ് മാത്യൂസ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കാപ്പനെ കട്ടിലില്‍ കെട്ടിയിട്ടിരിക്കുകയാണ്. ശൗച്യാലയത്തില്‍ പോകാന്‍ സാധിക്കുന്നില്ലെന്നും, ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും അഭിഭാഷകന്‍ അറിയിച്ചിരുന്നു.