ഇടുക്കി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളെ മറ്റ് മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റിയ നടപടി മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചു
രണ്ട് ബാച്ചുകളിലായി പ്രവേശനം നേടിയ 100 കുട്ടികളുടെ ഭാവിയാണ് ഇതോടെ അവതാളത്തിലായത്. ഈ ഘട്ടത്തിലാണ് വിദ്യാര്‍ത്ഥികളെ സര്‍ക്കാരിന്‍റെ മറ്റ് മെഡിക്കൽ കോളജുകളിലേക്ക് മാറ്റിയത്.
ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളെ മറ്റ് മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റിയ നടപടി മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചു. ഇതോടെ ഇവരുടെ കോഴ്സിന്‍റെ അംഗീകാരം നഷ്ടമാകുമെന്ന ആശങ്ക ഇല്ലാതായി.
ജില്ല ആശുപത്രിയുടെ ബോര്‍ഡ് മാറ്റിയാണ് മാറ്റി മെഡിക്കല്‍ കോളജ് ആക്കിയത്. അടിസ്ഥാന സൗകര്യങ്ങളില്ല , അധ്യാപകരുമില്ല. ഇതായിരുന്നു ഇടുക്കി മെഡിക്കൽ കോളജിൻറെ അവസ്ഥ. ഇതോടെ മെഡിക്കല്‍ കൗണ്‍സിലിന്‍റെ അംഗീകാരം ഇല്ലാതായിരുന്നു. രണ്ട് ബാച്ചുകളിലായി പ്രവേശനം നേടിയ 100 കുട്ടികളുടെ ഭാവിയാണ് ഇതോടെ അവതാളത്തിലായത്. ഈ ഘട്ടത്തിലാണ് വിദ്യാര്‍ത്ഥികളെ സര്‍ക്കാരിന്‍റെ മറ്റ് മെഡിക്കൽ കോളജുകളിലേക്ക് മാറ്റിയത്.
എന്നാലിത് അംഗീകരിക്കാൻ ആദ്യം മെഡിക്കല്‍ കൗണ്‍സില്‍ തയാറായില്ല. ഇതോടെ അംഗീകാരം നഷ്ടമാകുമെന്ന അവസ്ഥയിലായിരുന്നു കുട്ടികള്‍. ഈ ആശങ്കയ്ക്കാണിപ്പോൾ പരിഹാരമായത്. അതേസമയം ഇടുക്കി മെഡിക്കല്‍ കോളജ് അടുത്ത വര്‍ഷം പ്രവർത്തനം തുടങ്ങാനാണ് സർക്കാര്‍ നീക്കം. ഇതിനായി മെഡിക്കല്‍ കൗണ്‍സിലിനെ സമീപിച്ചിട്ടുമുണ്ട്. എന്നാൽ പരിസ്ഥിതി ലോല പ്രദേശത്തെ നിര്‍മ്മാണത്തിനടക്കം അനുമതി കിട്ടാത്ത സാഹചര്യത്തില്‍ അത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നത് കണ്ടറിയണം.