കേന്ദ്രത്തിന്റെ വാക്‌സിൻ നയം ഇരട്ടത്താപ്പ് , വാക്‌സിൻ നയം പുനഃ പരിശോധിക്കണം സുപ്രിം കോടതി

18-44നും ഇടയിലുള്ളവര്‍ വാക്സീന് പണം നല്‍കണമെന്ന എന്ന നയം ഏകപക്ഷീയമാണ്. ബജറ്റില്‍ 35000 കോടി രൂപ വകയിരുത്തിയിട്ടും എന്തുകൊണ്ടു പണം ഈടാക്കാന്നുവെന്ന് വ്യക്തമാക്കണം. ബജറ്റ് തുകയുടെ വിനിയോഗം കേന്ദ്രം സമര്‍പ്പിക്കണം

0

ഡൽഹി :വാക്സീന്‍ നയത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. 18നും 44നും ഇടയിലുള്ളവര്‍ വാക്സീന് പണം നല്‍കണമെന്ന നയം ഏകപക്ഷീയവും വിവേചനപരവുമാണ്. വാക്സീന്‍ നയം പുനഃപരിശോധിക്കണമെന്ന് നിര്‍ദേശിച്ച കോടതി, കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വാക്സീന് ഇരട്ടവില നിശ്ചയിച്ചതിന്റെ ഭരണഘടനാസാധുത പരിശോധിക്കുമെന്ന് വ്യക്തമാക്കി. വാക്സീന്‍ സൗജന്യമായി നല്‍കുമോയെന്ന കാര്യത്തില്‍ സംസ്ഥാനങ്ങളും നിലപാട് അറിയിക്കണം. നയങ്ങള്‍ പൗരന്റെ അവകാശങ്ങളിലേക്ക് കടന്നുകയറുമ്പോള്‍ മൂകസാക്ഷിയായി നോക്കിനില്‍ക്കാനാവില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കേന്ദ്രത്തിന്റെ വാക്സീന്‍ നയത്തിനെതിരെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആഞ്ഞടിച്ചത്. 18-44നും ഇടയിലുള്ളവര്‍ വാക്സീന് പണം നല്‍കണമെന്ന എന്ന നയം ഏകപക്ഷീയമാണ്. ബജറ്റില്‍ 35000 കോടി രൂപ വകയിരുത്തിയിട്ടും എന്തുകൊണ്ടു പണം ഈടാക്കാന്നുവെന്ന് വ്യക്തമാക്കണം. ബജറ്റ് തുകയുടെ വിനിയോഗം കേന്ദ്രം സമര്‍പ്പിക്കണം. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വാക്സിനുകള്‍ക്ക് ഇരട്ടവില നിശ്ചയിച്ചത് തുല്യത ഉറപ്പാക്കുന്ന ഭരണഘടനയിലെ അനുച്ഛേദം 14 പ്രകാരം നിലനില്‍ക്കുമോയെന്ന് പരിശോധിക്കും.

വാക്സിൻ വാങ്ങിയതിന്‍റെ മുഴുവൻ വിശദാംശങ്ങളും നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതിആവശ്യപ്പെട്ടു . വാക്സിൻ വാങ്ങിയ തീയതി, അളവ്, വിതരണസമയം എന്നിവ വ്യക്തമാക്കണമെന്നാണ് നിര്‍ദേശം. ആദ്യ മൂന്നു ഘട്ടങ്ങളിൽ വാക്സിൻ നൽകിയ ആളുകളുടെ വിശദാംശങ്ങള്‍, വാക്സിൻ ലഭിക്കാതെ പോയവരുടെ കണക്ക് എന്നിവയും കൈമാറണം. നഗരം, ഗ്രാമം എന്നിങ്ങനെ തിരിച്ച് വാക്സിൻ ലഭിച്ചവരുടെ ശതമാനക്കണക്കും നല്‍കണം. രണ്ടാഴ്ചക്കകം സത്യവാങ്മൂലം സമ൪പ്പിക്കണമെന്നു കോടതി ഉത്തരവിട്ടു

വാക്സിനേഷന്‍ പ്രക്രിയ എന്തുകൊണ്ട് കേന്ദ്രത്തിന് സമ്പൂര്‍ണമായി ഏറ്റെടുത്തുകൂടാ, ഒറ്റവിലയ്ക്ക് വാക്സിന്‍ എന്തുകൊണ്ട് വിതരണം ചെയ്തുകൂടാ തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു

സംസ്ഥാനങ്ങള്‍ വാക്സീന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ നിലപാട് അറിയിക്കണം. കോവിഷീല്‍ഡ്, കോവാക്സീന്‍, സ്പുട്നിക് എന്നീ വാക്സീനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതിന്റെയും സംഭരിച്ചതിന്റെയും രേഖകള്‍ സമര്‍പ്പിക്കണം. കോവാക്സീന്‍, കോവിഷീല്‍ഡ് വാക്സീനുകളുടെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്ക് പൊതുപണം ഉപയോഗിച്ചിട്ടുണ്ട്. ഈ വാക്സീനുകള്‍ മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നത് എത്ര രൂപയ്‍ക്കാണെന്ന് വ്യക്തമാക്കണം. കോവിന്‍ പോര്‍ട്ടല്‍ ഉപയോഗിക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക്് ബുദ്ധിമുട്ടുണ്ടെന്ന് വിമര്‍ശിച്ച കോടതി, കോവിന്‍ പോര്‍ട്ടല്‍ റജിസ്ട്രേഷനിലൂടെ സാര്‍വത്രിക വാക്സിനേഷന്‍ കൈവരിക്കാനാവില്ലെന്ന് വ്യക്തമാക്കി. രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടാഴ്ചയ്‍ക്കകം ഹാജരാക്കണം. കേസ് ഈ മാസം വീണ്ടും പരിഗണിക്കും.പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഭരണകൂട നയങ്ങൾ മൂലം ലംഘിക്കപ്പെടുമ്പോൾ കോടതികൾക്ക് നിശബ്ദമായി കണ്ടുകൊണ്ടിരിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

You might also like

-