കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെതന്നെ ഉന്നംവെക്കുന്നു – എ.വിജയരാഘവന്‍
കേസുകളില്‍ ശരിയായ അന്വേഷണം നടക്കണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിച്ചത്. വളഞ്ഞവഴി സ്വീകരിക്കാത്ത രാഷ്ട്രീയ നേതൃത്വ ശൈലിയാണ് മുഖ്യമന്ത്രിയുടേത്.
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സത്യം കണ്ടെത്തുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യവുമായി മുന്നോട്ടുപോകുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന എ.വിജയരാഘവന്‍. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനരീതി നോക്കിയാല്‍ മുഖ്യമന്ത്രിയെത്തന്നെ കേസുകളില്‍ കുടുക്കാനാവുമോ എന്ന് തരത്തിലുള്ള നീക്കമാണ് നടന്നതെന്ന് വ്യക്തമാണ്. അത് മനസിലാക്കിയാണ് പ്രതിരോധം ശക്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
കേസുകളില്‍ ശരിയായ അന്വേഷണം നടക്കണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിച്ചത്. വളഞ്ഞവഴി സ്വീകരിക്കാത്ത രാഷ്ട്രീയ നേതൃത്വ ശൈലിയാണ് മുഖ്യമന്ത്രിയുടേത്. ആ നിലയിലാണ് ഏത് അന്വേഷണ ഏജന്‍സിയേയും കേരളത്തിലേക്ക് സ്വാഗതം ചെയ്തത്. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ സത്യം കണ്ടെത്തുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യവുമായി മുന്നോട്ടുപോയാല്‍ എതിര്‍ക്കേണ്ടിവരും.
അന്വേഷണ ഏജന്‍സികള്‍ തെറ്റായ രീതിയില്‍ മൊഴികളുണ്ടാക്കാന്‍ ശ്രമം നടത്തുന്നുവെന്ന് കോടതിതന്നെ വ്യക്തമാക്കി. ഏജന്‍സികള്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു എന്നകാര്യം വ്യക്തമാണെന്നും സ്വപ്‌നയുടെ പേരിലുള്ള ശബ്ദരേഖ പുറത്തുവന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അതിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. പുറത്തുവന്നത് സ്വപ്‌നയുടെ ശബ്ദരേഖ തന്നെയാണോ എന്നകാര്യം ബന്ധപ്പെട്ടവര്‍ പരിശോധിക്കട്ടെ. ആ വനിതയുടെ ഒരുപാട് പ്രസ്താവനകള്‍ നേരത്തെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അവ ആവര്‍ത്തിച്ചിരുന്നു. ആ ആധികാരികത തന്നെയാണ് പുറത്തുവന്ന ശബ്ദരേഖയ്ക്കും ഉള്ളത്.
സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള അന്വേഷണ ഏജന്‍സികളുടെ ശ്രമങ്ങള്‍ പരിധി ലംഘിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിച്ച് അധികാരം പിടിക്കാന്‍ മികച്ച ആസൂത്രണമാണ് ബി.ജെ.പി. പ്രകടിപ്പിച്ചത്. ബി.ജെ.പി.യുടെ ഇത്തരത്തിലുള്ള ആസൂത്രണത്തിന്റെ ഇരകളാണ് വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍. എന്നാല്‍ കേരളത്തില്‍ എം.എല്‍.എ.മാരെ വിലയ്ക്കുവാങ്ങി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ടാണ് കേന്ദ്ര ഏജന്‍സികളെ ദുര്‍വിനിയോഗം ചെയ്തുകൊണ്ടുള്ള നീക്കം നടത്തുന്നത്. വിവിധ ഏജന്‍സികള്‍ അധികാര ദുര്‍വിനയോഗം നടത്തി സംസ്ഥാനത്ത് വട്ടമിട്ട് പറക്കുകയാണ്. ഇ.ഡി. തലവന്റെ കാലാവധി നീട്ടിയ നടപടി ഇതിന്റെയൊക്കെ ഭാഗമാണ്. സമൂഹത്തിലെ ധിഷണാശാലികളായ പൊതുപ്രവര്‍ത്തകരെ വന്‍തോതില്‍ കളളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചിരിക്കുകയാണ്. ഇതിനൊപ്പമാണ് കേന്ദ്ര ഏജന്‍സികളുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍. ഇതിനെല്ലാം എതിരേ കേരളത്തില്‍ പൊതുജനാഭിപ്രായം ഉയര്‍ന്നുവരും.
കേരള കോണ്‍ഗ്രസും എല്‍ജെഡിയും മുന്നണി വിട്ടതോടെ യു.ഡി.എഫ്. ക്ഷീണത്തിലാണ്. മുന്നണി ദുര്‍ബലപ്പെട്ടതിന്റെ നിരാശ തീര്‍ക്കാന്‍ അവര്‍ തെറ്റായ നിലപാടിലേക്ക് നീങ്ങുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍തന്നെ അക്കാര്യം വ്യക്തമായതാണ്. മുസ്‌ലീം മതമൗലിക വാദികളുമായി അവര്‍ കൂട്ടുകെട്ടുണ്ടാക്കുന്നു. യു.ഡി.എഫിന്റെ രണ്ട് എംഎല്‍എ.മാരാണ് തെറ്റായ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് കേസുകളില്‍ പ്രതിയാക്കപ്പെട്ടത്. യു.ഡി.എഫിന്റെ രാഷ്ട്രീയ ജീര്‍ണതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് കണ്ടത്. ലീഗ് മന്ത്രി എത്രവലിയ അഴിമതിയാണ് നടത്തിയതെന്ന് എല്ലാവര്‍ക്കും അറിയാം.
മതനിരപേക്ഷതയാണ് കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത്. വലിയതോതില്‍ ന്യൂനപക്ഷങ്ങള്‍ അധിവസിക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നടത്തിയ എല്ലാ ന്യൂനപക്ഷ വിരുദ്ധ നിയമ നിര്‍മാണങ്ങള്‍ക്കുമെതിരെ പ്രതിരോധം തീര്‍ത്ത സംസ്ഥാനമാണ് കേരളം. അവയെല്ലാം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു. എല്ലാവിഭാഗം ജനങ്ങള്‍ക്കും ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ കഴിയുന്ന കേന്ദ്രമായി കേരളം മാറി. ഇടതുമുന്നണി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണ് അതെന്നും എ.വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.