പി ആർ അരവിന്ദാക്ഷന്റെ 1600 രൂപയുടെ ക്ഷേമ പെൻഷൻ അക്കൗണ്ടിൽ 63.56 ലക്ഷം രൂപ, തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതി ജിൽസ് ഭാര്യ ശ്രീലതയുടെ പേരിൽ ആറ് വസ്തുവകകളുടെ ഇടപാട് നടത്തിയെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഇ.ഡി അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്‍റ് ഡയറക്ടർ എസ് ജി കവിത്കർ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

0

തൃശൂർ| കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിൽ ഇ ഡി അറസ്റ്റ് ചെയ്ത സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷനെതിരെ കൂടുതൽ തെളിവുകൾ. 1600 രൂപയുടെ ക്ഷേമ പെൻഷൻ വാങ്ങുന്ന അമ്മ ചന്ദ്രമതിയുടെ പേരിലുള്ള അക്കൗണ്ടിൽ 63.56 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് ഇ.ഡി കണ്ടെത്തി.അക്കൗണ്ടിന്‍റെ നോമിനിയായി കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാറിന്‍റെ സഹോദരനെയാണെന്നും ഇ ഡി പറയുന്നു. അരവിന്ദാക്ഷന്‍റെ ഭാര്യയ്ക്ക് 85 ലക്ഷത്തിന്‍റെ ബിസിനസ് ഇടപാടുണ്ടെന്നും കണ്ടെത്തി. പ്രവാസിയായ അജിത്ത് മേനോൻ എന്നയാളുമായാണ് ഈ ഇടപാട്. ഈ പണത്തിന്‍റെ ഉറവിടം വ്യക്തമാക്കിയിട്ടില്ല.

കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതി ജിൽസ് ഭാര്യ ശ്രീലതയുടെ പേരിൽ ആറ് വസ്തുവകകളുടെ ഇടപാട് നടത്തിയെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഇ.ഡി അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്‍റ് ഡയറക്ടർ എസ് ജി കവിത്കർ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. അരവിന്ദാക്ഷനെയും ജിൽസിനെയും വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡി തുടരണമെന്നും ഇ ഡി കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് ഇരുവരെയും കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.

ബുധനാഴ്ചയാണ് കള്ളപ്പണ നിരോധനനിയമപ്രകാരം പി ആർ അരവിന്ദാക്ഷനെ ഇ ഡി അറസ്റ്റ് ചെയ്തത്. ബിനാമികളുടെ പേരിൽ 150 ോടി രൂപ വായ്പയെടുത്തുള്ള തട്ടിപ്പിന് കൂട്ടുനിന്നെന്നാണ് പ്രതികൾക്കെതിരായ ആരോപണം. വായ്പ എടുക്കുന്നതിനായി ഇടപാടുകൾ നൽകിയ രേഖകൾ പ്രതികൾ ദുരുപയോഗം ചെയ്തെന്നും ഇഡി കണ്ടെത്തി. പ്രതികൾക്ക് ഉന്നതബന്ധങ്ങളുണ്ടെന്നും സംസ്ഥാനതലം വരെ അധികാരശ്രേണിയിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക് ബന്ധമുണ്ടെന്നും ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു

തൃശൂരിലെ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്‍റെ അറസ്റ്റോടെ ഇ ഡി അന്വേഷണം ഇനി ആരിലേക്കെന്ന ചോദ്യമാണ് ഉയർന്നത്. അരവിന്ദാക്ഷൻ ഒറ്റയ്ക്കല്ലെന്നും കേസിൽ ഇനിയും പ്രതികളുണ്ടെന്നുമാണ് എൻഫോഴ്സ്മെന്‍റ് കോടതിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. പല ഉന്നതരുമായും അരവിന്ദാക്ഷന് ബന്ധമുണ്ട്. ഇവരിൽ ആരൊക്കെ തട്ടിപ്പിന്‍റെ പങ്ക് പറ്റി എന്ന് കണ്ടെത്താനാണ് ഇഡി ശ്രമിക്കുന്നതത്. ഇഡിയുടെ തുടർ നടപടി എം കെ കണ്ണനെയും എ സി മൊയ്തീനെയും ലക്ഷ്യമിട്ടാണെന്ന് ഉറപ്പായതോടെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം.

You might also like

-