സർക്കാർ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് അനിശ്ചിതകാല സമരം ആരോഗ്യമേഖല സ്തംഭനത്തിലേക്ക്
തിരുവനന്തപുരം: ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാതെ കുടുംബാരോഗ്യകേന്ദ്രങ്ങളിൽ സായാഹ്ന ഒപി ആരംഭിച്ചതിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് അനിശ്ചിതകാല സമരം ആരംഭിച്ചു.പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ ജില്ല, ജനറൽ ആശുപത്രികൾ വരെയുള്ള സ്ഥലങ്ങളിൽ ഡോക്ടർമാർ സമരം ചെയ്യുന്നതറിയാതെ എത്തിയ ആയിരക്കണക്കിനു രോഗികൾ ദുരിതത്തിലായി. എന്നാൽ, ചില സ്ഥലങ്ങളിൽ പ്രത്യേക കൗണ്ടർ ക്രമീകരിച്ച് സമരത്തിൽ പങ്കെടുത്ത ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. അടിയന്തര സേവനങ്ങളെയും കിടത്തിചികിത്സയേയും സമരം കാര്യമായി ബാധിച്ചില്ല.
അതേസമയം താലൂക്ക് ആശുപത്രികൾ മുതൽ മുകളിലേക്കുള്ള ആശുപത്രികളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ സമരത്തിൽ പങ്കെടുത്തില്ല. അവരുടെ സേവനം രോഗികൾക്കു പ്രയോജനകരമായി.സമരം ഒത്തുതീർപ്പാക്കാത്തപക്ഷം 18 മുതൽ കിടത്തിചികിത്സാ സേവനവും ബഹിഷ്കരിക്കുമെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചിട്ടുണ്ട്. നാലായിരത്തിലധികം ഡോക്ടർമാർ സമരത്തിൽ പങ്കെടുത്തതായി കെജിഎംഒഎ അവകാശപ്പെടുന്നു.പുതുതായി ആരംഭിച്ച കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഒപി സമയം കൂട്ടിയതിലും ആവശ്യത്തിനു ഡോക്ടർമാരെ നിയമിക്കാത്തതിലും സർക്കാരിന്റെ ആരോഗ്യനയങ്ങളിൽ പ്രതിഷേധിച്ചുമാണ് കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ഇന്നലെ അനിശ്ചിതകാലസമരം ആരംഭിച്ചത്. ആർദ്രം പദ്ധതിയുടെ പേരിൽ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റിയ ആശുപത്രികളിൽ ഒപി സമയം കൂട്ടിയതായി ഡോക്ടർമാർ പറയുന്നു. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച പാലക്കാട് കുമരംപുത്തൂരിലെ ഒരു ഡോക്ടറെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
പൊതുജനാരോഗ്യ രംഗത്തെ പിന്നോട്ടുനയിക്കുന്ന ആരോഗ്യ നയങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും സമരം ചെയ്യുന്ന ഡോക്ടർമാർ ആരോപിക്കുന്നു. ഓരോ രോഗിക്കും ആവശ്യമായ സമയം നൽകി പരിശോധന നടത്താൻ വേണ്ടത്ര ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കാതെ, രോഗികളെ പറ്റിക്കുന്ന താത്കാലിക സംവിധാനത്തിനെതിരെയാണ് സമരമെന്ന് കെജിഎംഒഎ ഭാരവാഹികൾ പറയുന്നു.താത്കാലിക നിയമനങ്ങൾകൊണ്ട് ആർദ്രം പദ്ധതി വിഭാവനം ചെയ്യുന്ന സേവനം നൽകാനാവില്ലെന്ന് തുടക്കത്തിൽത്തന്നെ വ്യക്തമാക്കിയിരുന്നു. ചില ആശുപത്രികളിൽ ഒരു ഡോക്ടർ 100 മുതൽ മുന്നൂറോ അതിലധികമോ രോഗികളെവരെ പരിശോധിക്കേണ്ട അവസ്ഥയാണ്. ഇതുമൂലം രോഗികൾക്കു വളരെയധികം സമയം കാത്തുനിൽക്കേണ്ടതായും വരുന്നു. വളരെ പെട്ടന്ന് രോഗപരിശോധന നടത്തി ചികിത്സ നിർണയിക്കേണ്ട അവസ്ഥ രോഗികളിൽ അസംതൃപ്തിയും ഡോക്ടർമാരിൽ മാനസിക സമ്മർദവും ഉണ്ടാക്കുന്നുണ്ടെന്നും കെജിഎംഒഎ ഭാരവാഹികൾ പറയുന്നു.രോഗികൾക്കു മതിയായ ചികിത്സ നൽകുന്നതിനും മറ്റുപ്രവർത്തനങ്ങൾക്കുമായി നാലു ഡോക്ടർമാരെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉണ്ടാകണം. ഒപി സമയം നീട്ടണമെങ്കിൽ മിനിമം അഞ്ച് സ്ഥിരം ഡോക്ടർമാരുടെ തസ്തികകൾ ഉണ്ടാകണമെന്നും അവർ ആവശ്യപ്പെടുന്നു.
സമരം നിയമവിരുദ്ധമാണെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് നടത്തുന്ന സമരത്തിനെതിരേ കർശന നടപടിയുമായി ആരോഗ്യവകുപ്പ്. രോഗീപരിചരണത്തിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കുമായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഡോക്ടർമാർ ജോലിയിൽ നിന്നു മാറിനിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് ആരോഗ്യവകുപ്പ് ഇറക്കിയ സർക്കുലറിൽ പറയുന്നു.
മുൻകൂട്ടി അവധി എടുക്കാതെ ജോലിക്കു ഹാജരാകാതിരിക്കുന്നത് അനധികൃത അവധിയായി കണക്കാക്കുമെന്നും ഈ ദിവസങ്ങളിലെ ശമ്പളം നൽകരുതെന്നും ബ്രേക് ഇൻ സർവീസ് ആയി കണക്കാക്കണമെന്നും സർക്കുലറിൽ പറയുന്നു. ഇതു ശമ്പളം, പ്രമോഷൻ, ട്രാൻസ്ഫർ എന്നിവയ്ക്കും പരിഗണിക്കും.
ജോലി ക്രമീകരണം പ്രകാരം സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ മുൻകൂട്ടി അനുമതിയില്ലാതെ ജോലിയിൽ നിന്നു വിട്ടുനിന്നാലും നടപടി സ്വീകരിക്കും. പ്രൊബേഷണർ ആയ അസിസ്റ്റന്റ് സർജൻ മുൻകൂട്ടി അവധിയെടുക്കാതെ സർവീസിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിൽ ഇത്തരം ഉദ്യോഗസ്ഥരുടെ സേവനം അവസാനിപ്പിക്കുന്നതിനായി കാരണം കാണിക്കൽ നോട്ടീസ് നൽകണമെന്നും സർക്കുലറിൽ പറയുന്നു.