വിദേശ ഉടമസ്ഥത ആലത്തൂർ എസ്റ്റേറ്റ് സർക്കാർ ഏറ്റടുത്തു
മാനന്തവാടി (വയനാട്0: വയനാട് ജില്ലയിലെ ആലത്തൂർ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്തു. 211 ഏക്കർ കാപ്പിത്തോട്ടം ഏറ്റെടുത്തു ജില്ലാ കളക്ടർ ഉത്തരവിറക്കി.
വിദേശപൗരനായ എഡ്വിൻ ജുബർട്ട് വാൻ ഇങ്കൻ കൈവശംവച്ചിരുന്നതാണ് ആലത്തൂർ എസ്റ്റേറ്റ്. 253 ഏക്കർ വരുന്ന ഈ കാപ്പിത്തോട്ടത്തിൽ 33.5 ഏക്കർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുവാദത്തോടെ 2005ൽ കോഴിക്കോടുള്ള ലോഡ് സ്റ്റാർ ഹെൽത്ത് ആൻഡ് ടൂറിസം കന്പനിക്ക് വിറ്റതാണ്.
ബാക്കി 220 ഏക്കർ അവകാശികളില്ലാതെ 2013 മാർച്ചിൽ മരിച്ച വാൻ ഇങ്കന്റെ ദത്തുപുത്രനെന്ന് അവകാശപ്പെടുന്ന മൈക്കിൾ ഫ്ളോയിഡ് ഈശ്വറിന്റെ കൈവശത്തിലായിരുന്നു. 2006 ഫെബ്രുവരി രണ്ടിന് മാനന്തവാടി സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്ത 267/2006 നന്പർ ദാനാധാരം അനുസരിച്ചാണ് ഭൂമി മൈക്കിൾ ഫ്ളോയിഡ് ഈശ്വറിന്റെ കൈവശമെത്തിയത്.
അവകാശികളില്ലാതെ മരിക്കുന്ന വിദേശപൗരന്റെ സ്വത്ത് രാജ്യത്തെ നിയമം അനുസരിച്ച് സർക്കാരിനു ലഭിക്കേണ്ടതാണ്. ഈ നിയമത്തിന്റെ ചുവടുപിടിച്ച് ആലത്തൂർ എസ്റ്റേറ്റ് അന്യംനിൽപ്പ് വസ്തുവായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് മാനന്തവാടി സബ്കളക്ടർ 2013 സെപ്റ്റംബർ ഒൻപതിനു ജില്ലാ കളക്ടർക്ക് കത്തു നൽകിയിരുന്നു. ഭൂമിയുടെ രേഖകൾ പരിശോധിച്ചും ജുബർട്ട് വാൻ ഇങ്കന്റെ സഹോദരൻ ബോത്താവാൻ ഇളയ മകനും തിരുനെല്ലിയിലെ ബ്രഹ്മഗിരി ബി എസ്റ്റേറ്റ് ഉടമയുമായ മൈക്കിൾ വാൻ ഇങ്കൻ, മൈക്കിൾ ഫ്ളോയിഡ് ഈശ്വർ എന്നിവരെ വിചാരണ ചെയ്തും ശേഖരിച്ച വിവരം ഉൾപ്പെടുത്തിയാണ് സബ്കളക്ടർ കത്തു തയാറാക്കിയത്.
ജുബർട്ട് വാൻ ഇങ്കൻ ആലത്തൂർ എസ്റ്റേറ്റ് മൈക്കിൾ ഫ്ളോയിഡ് ഈശ്വറിനു ദാനാധാരം ചെയ്തു നൽകിയതു പ്രലോഭനത്തിനോ ഭീഷണിക്കോ വഴങ്ങിയാണെന്ന് മൈക്കിൾ വാൻ ഇങ്കൻ സബ് കളക്ടർക്ക് മൊഴി നൽകിയിരുന്നു. ജുബർട്ട് വാൻ ഇങ്കനെ മൈക്കിൾ ഫ്ളോയിഡ് ഈശ്വർ വീട്ടുതടങ്കലിലാക്കിയെന്നും മൈക്കിൾ വാൻ ഇങ്കന്റെ മൊഴിയിലുണ്ട്. 2011 നവംബർ ഒന്നിനായിരുന്നു മൈക്കിൾ വാൻ ഇങ്കന്റെ വിചാരണ.
നടപടിക്രമങ്ങളുടെ ഭാഗമായി സബ്കളക്ടർ വിചാരണ ചെയ്തപ്പോൾ ദാനാധാരത്തിന്റെയും ദത്തെടുപ്പ് രേഖയുടേയും ഒറിജിനലിനു പകരം ഫോട്ടോ കോപ്പികളാണു മൈക്കിൾ ഫ്ളോയിഡ് ഈശ്വർ ഹാജരാക്കിയത്. രേഖകൾ അനുസരിച്ച ദാനാധാരം 2006 ഫെബ്രുവരി ഒന്നിനും ദത്തെടുപ്പ് 2007 ഒക്ടോബർ 10നുമാണ് നടന്നത്. കളക്ടർക്കുള്ള കത്തിൽ ഈ വൈരുധ്യവും സബ്കളക്ടർ ചൂണ്ടിക്കാട്ടുകയുണ്ടായി.
മൈക്കിൾ ഫ്ളോയിഡ് ഈശ്വറിനെതിരെ മരണപ്പെടുന്നതിന്റെ തലേന്ന് ജുബർട്ട് വാൻ ഇങ്കൻ മൈസൂരു നസർബാദ് പോലീസ് സ്റ്റേഷനിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 403,409,420,464 വകുപ്പുകൾ പ്രകാരം കേസ് ഫയൽ ചെയ്തിരുന്നു. ജുബർട്ട് വാൻ ഇങ്കന്റെ മരണശേഷം മൈസൂരുവിൽ അദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തുക്കൾ കർണാടക സർക്കാർ ഏറ്റെടുക്കുകയുമുണ്ടായി.