മാതാപിതാക്കളെ പീഡിപ്പിക്കുന്നവർക്ക് 6 മാസം തടവ്
ഡൽഹി: പ്രായമായ മാതാപിതാക്കളെയും മുതിർന്നവരെയും സംരക്ഷണം നൽകാതെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്ന മക്കൾക്കും ബന്ധുക്കൾക്കുമുള്ള ജയിൽ ശിക്ഷ ആറു മാസമാക്കി ഉയർത്താൻ കേന്ദ്ര സർക്കാർ. നിലവിൽ മൂന്നു മാസം വരെയാണ് ഇത്തരം കേസുകളിൽ തടവ്ശിക്ഷ. ഇതു സംബന്ധിച്ച നിയമത്തിൽ ഭേദഗതി വരുത്തി 60 വയസിനു മുകളിലുള്ളവരെ മുഴുവൻ മുതിർന്ന പൗരന്മാരായി കണക്കാക്കണമെന്നും ഇവർക്കു സംരക്ഷണം നൽകാതെ ഉപദ്രവിക്കുന്നവർക്കുള്ള ജയിൽ ശിക്ഷ ആറു മാസമായി ഉയർത്തണമന്നുമാണു നിർദേശിക്കുന്നത്.
നിയമത്തിലെ മക്കൾ എന്ന നിർവചനം മകൾ, മകൻ എന്നതിൽ നിന്ന് ദത്തെടുത്തു വളർത്തിയ മക്കൾ, മരുമകൾ, മരുമകൻ എന്നു കൂടി കൂട്ടിച്ചേർക്കണമെന്നും കരട് ഭേദഗതിയിൽ പറയുന്നു. ഇതിനു പുറമേ സംരക്ഷണം നൽകാതെ വയസായ മാതാപിതാക്കളെ പീഡിപ്പിച്ചാൽ ആദ്യവിവാഹത്തിലെ മകൾക്കും മകനും ശിക്ഷ ലഭിക്കും. മാത്രമല്ല സംരക്ഷണം നൽകുന്നില്ലെന്നു കണ്ടെ ത്തിയാൽ മക്കളുടെ പേരിൽ എഴുതിവച്ച സ്വത്തുവകകൾ മാതാപിതാക്കൾക്കു തിരികെനൽകേണ്ടിയും വരും.
ഇതിനായി 2007ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ചെലവിനും ക്ഷേമത്തിനുമുള്ള നിയമത്തിന്റെ (മെയിന്റനൻസ് ആൻഡ് വെൽഫയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസണ്സ് ആക്ട് 2007) കരട് ഭേദഗതി കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് അഭിപ്രായ രൂപീകരണത്തിനായി മന്ത്രാലയത്തിന്റെ ഒൗദ്യോഗിക വെബ്സൈറ്റിലും കരട് ഭേദഗതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യുപിഎ സർക്കാർ കൊണ്ടുവന്ന 2007ലെ നിയമത്തിൽ മാതാപിതാക്കളുടെ പരാതിയിൽ ട്രൈബ്യൂണലുകൾക്കു വാദം കേൾക്കാനും സംരക്ഷണത്തിന് ഉത്തരവിടാനോ അല്ലെങ്കിൽ പ്രതിമാസം 10,000 രൂപ ചെലവിന് നൽകാൻ ഉത്തരവിടാനോ അധികാരം നൽകുന്നുണ്ട്. ഇതു മക്കളുടെ വരുമാനത്തിന് ആനുപാതികമാക്കും. മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്ന സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള പ്രവർത്തന മാനദണ്ഡങ്ങളും കരട് ഭേദഗതിയിൽ വിശദീകരിക്കുന്നുണ്ട്.
മക്കൾ സംരക്ഷിക്കുന്നില്ലെന്നും ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നുവെന്നും പരാതി ലഭിച്ചാൽ ട്രൈബ്യൂണലിന് അനുരഞ്ജനത്തിനായി ഒരു സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കാം. ഈ ഉദ്യോഗസ്ഥൻ വിഷയത്തിന്മേൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. അനുരഞ്ജനം സാധ്യമായ കേസ് ആണെങ്കിൽ ട്രൈബ്യൂണൽ ഇടപെട്ട് അതു നടപ്പാക്കണം. അനുരഞ്ജനം സാധ്യമല്ലാത്ത കേസുകളിൽ മാതാപിതാക്കളുടെ ചെലവിനായി പ്രതിമാസം പണം ലഭ്യമാക്കുന്നതിനുള്ള നടപടികളിലേക്കു ട്രൈബ്യൂണൽ നീങ്ങണം.
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും അടിസ്ഥാന ജീവിത സൗകര്യങ്ങളും ചികിത്സാച്ചെലവുകളും കണക്കാക്കി വേണം ഈ തുക ട്രൈബ്യൂണൽ കണക്കാക്കേണ്ട ത്. ഈ തുക നൽകുന്നതിൽ പിന്നീടു വീഴ്ച വരുത്തുന്നതായി കണ്ടെ ത്തിയാൽ ട്രൈബ്യൂണലിന് സ്വമേധയാ ഇടപെടാവുന്നതാണ്. ഇപ്രകാരം ഉത്തരവിട്ടതിനു ശേഷം മാതാപിതാക്കൾക്കുള്ള ജീവിതച്ചെലവുകൾ നൽകിക്കൊണ്ട ിരിക്കുന്ന മക്കളിൽ ഒരാൾ മരണപ്പെട്ടാലും ബാക്കിയുള്ള മക്കൾ ഈ തുക നൽകുന്നതിൽ നിന്നു പിന്നോട്ടു പോകാനാകില്ല. ഇത്തരം പരാതികളിൽ മുതിർന്ന പൗരന്മാർക്കുള്ള എല്ലാ നിയമ സേവനങ്ങളും സൗജന്യമായി ലഭ്യമാക്കണമെന്നും കരട് ഭേദഗതിയിൽ നിർദേശിക്കുന്നു.
മതാപിതാക്കൾക്കുള്ള ചെലവ് നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ട്രൈബ്യൂണലിന് മക്കളുടെ പേരിൽ വാറന്റ് അയയ്ക്കാം. എന്നിട്ടും തുടർച്ചയായി വീഴ്ച വരുത്തുകയാണെങ്കിൽ കേസ് ജില്ലാ മജിസ്ട്രേറ്റിന്റെ മുന്നിൽ വിചാരണക്കായി എത്തിക്കാം. ഈ ഉത്തരവുകൾ നടപ്പാക്കുന്നുണ്ട് എന്നുറപ്പു വരുത്താൻ തഹസീൽദാരുടെ തലത്തിലുള്ള ഉദ്യോഗസ്ഥനെയോ ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറെയോ ചുമതലപ്പെടുത്തണം. പ്രായമായ മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും വേണ്ടി ആശുപത്രികളുമായും പോലീസ് സ്റ്റേഷനുകളുമായും ബന്ധപ്പെടുത്തി പൊതു ഹെൽപ് ലൈൻ നന്പർ ഏർപ്പെടുത്തണമെന്നും നിർദേശിക്കുന്നു.
ഇന്ത്യയിൽ വയസ്സായവർക്കെതിരെയുള്ള പീഡനങ്ങളും പരാതികളും കൂടുന്നു
മുൻകാലങ്ങളെ അപേക്ഷിച്ചു മാതാപിതാക്കളെയും കുടുംബത്തിലെ മുതിർന്നവരെയും പരിചരിക്കാതെയും സംരക്ഷിക്കാതെയും ഉപേക്ഷിക്കാതെ വരുന്ന സംഭവങ്ങൾ കൂടി വരുന്നുണ്ടെ ന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്. ഹെൽപ് ഏജ് ഇന്ത്യ നടത്തിയ പഠനത്തിൽ രാജ്യത്ത് 44 ശതമാനത്തോളം വരുന്ന പ്രായമായ മാതാപിതാക്കൾ ശാരീരികവും മാനസികവുമായി പീഡനങ്ങൾ ഏറ്റുവാങ്ങിയാണു കുടുംബങ്ങളിൽ കഴിയുന്നതെന്നാണു വ്യക്തമാകുന്നത്.
മക്കളില്ലാത്ത മുതിർന്ന പൗരന്മാരെ ഏറ്റവും അടുത്ത പ്രായപൂർത്തിയായ ബന്ധുക്കൾ സംരക്ഷിക്കണം. 60 വയസിനു മുകളിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരെയും മുതിർന്ന പൗരൻമാരായി കണക്കാക്കും. ഈ പ്രായപരിധി മുതിർന്നവർക്കുള്ള എല്ലാ വിധ സർക്കാർ സേവനങ്ങളും സബ്സിഡികളും ലഭ്യമാകുന്നതിനും ബാധകമാണ്.
മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാരുകളുടെ മേൽനോട്ടത്തിൽ സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ രൂപീകരിക്കാം. ഓൾഡേജ് ഹോമുകൾക്കും കരട് ഭേദഗതിയിൽ നിയന്ത്രണങ്ങളും നിർദേശങ്ങളുമുണ്ട്.