ആറ്റുകാല്‍പൊങ്കാല: ഭക്ഷ്യസുരക്ഷ കണ്‍ട്രോള്‍ റൂം ; പരാതികള്‍ വിളിച്ചറിയിക്കാം
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതിനുവേണ്ടി ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ നിയന്ത്രണത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വീണ എന്‍ മാധവന്‍ നിര്‍വഹിച്ചു.
ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് അന്നദാനത്തിനും ലഘുഭക്ഷണ വിതരണത്തിനുമുള്ള താല്‍ക്കാലിക രജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ സംവിധാനം കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാണ്. താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ആവശ്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും രജിസ്‌ട്രേഷന്‍ ഫീസുമായി കണ്‍ട്രോള്‍ റുമില്‍ ബന്ധപ്പെടണം. രജിസ്‌ട്രേഷനുകള്‍ വേഗം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിലെ 25 ഭക്ഷണ ഉല്‍പാദന വിതരണ വില്‍പ്പന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത നാല് സ്ഥാപനങ്ങള്‍ക്ക് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നോട്ടീസ് നല്‍കി. ഗുരുതരമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡലംഘനം കണ്ടെത്തിയ പഴവങ്ങാടിയിലെ ദേവന്‍ ഫ്രഷ്ജ്യൂസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു. രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ തുടരുമെന്നും കമ്മീഷണര്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ താഴെ പറയുന്ന നമ്പരുകളില്‍ അറിയിക്കാം. പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. മൊബൈല്‍ നമ്പര്‍: 8943346198, 8943346526, 8943346582, 7593873324, 7593862806, 8943346181, 8943346195, 8592999666, 7593873351.