വർഗീയതക്കെതിരെ ജാഗ്രത പാലിക്കുക

0
മുഖ്യമന്ത്രി പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം കേന്ദ്ര കമ്മറ്റി അംഗവുമാണ് ലേഖകൻ

രാജ്യത്ത്‌ ഇരുട്ട്‌ പരത്തുന്ന
വർഗീയ കലാപ നീക്കത്തിനെതിരെ ജാഗ്രതപാലിക്കുക…

രാജ്യതലസ്ഥാനനഗരി സമീപനാളുകളിലെ നിശ്ശബ്ദതയ്ക്കുശേഷം തീവ്രവർഗീയവൽക്കരണത്തിന് സാക്ഷ്യംവഹിച്ചിരിക്കുകയാണ്.  അതാണ് നിരവധി കേന്ദ്രങ്ങളിൽ ക്രിസ്ത്യൻ-മുസ്ലീം മതവിശ്വാസികളുടെ ആരാധനയെ തടഞ്ഞുകൊണ്ട് സംഘപരിവാർ നടത്തിയ നടപടികൾ തെളിയിക്കുന്നത്.  പത്തിടങ്ങളിൽ മുസ്ലീംമതവിശ്വാസികളുടെ നമാസ് തടഞ്ഞു.  പ്രസിദ്ധമായ ഡൽഹി സെന്റ് സ്റ്റീഫൻസ് പള്ളിയുടെ പ്രധാന കവാടത്തിൽ ‘ഇവിടെ ക്ഷേത്രം നിർമ്മിക്കും’ ‘ഓം’ എന്നിങ്ങനെ എഴുതുകയും കുരിശ് വികൃതമാക്കുകയും ചെയ്തു.  സഫ്ദർജംഗ് എൻക്ലേവിലെ മുസ്ലീം ശവകുടീരത്തിൽ കാവി പെയിന്റടിച്ച് ശിവവിഗ്രഹം കൊണ്ടുവച്ചു.  ഇതെല്ലാം വർഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണ്.

കേരളത്തിൽ വാട്ട്‌സ്ആപ്പ് ഹർത്താൽ ആഹ്വാനം വോയ്‌സ് ഓഫ് യൂത്ത് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പാണ് നേതൃത്വംകൊടുത്തത് എന്ന് തെളിഞ്ഞതുകൊണ്ട്മാത്രമാണ് വർഗീയകലാപനീക്കം പൊളിഞ്ഞത്.  കേരളത്തിൽ പോലീസാണ് ഈ സത്യം കണ്ടെത്തിയത്.  അതുകൊണ്ട് കുറ്റക്കാരെയെല്ലാം ജയിലിലടക്കാൻ കഴിഞ്ഞു. ഡൽഹി ഭരിക്കുന്നത് ആംആദ്മി പാർട്ടിയാണെങ്കിലും പോലീസിനെ ഭരിക്കുന്നത് കേന്ദ്ര ബിജെപി സർക്കാരാണ്.  ബിജെപി സർക്കാരാവട്ടെ എല്ലായിടത്തും വർഗീയകലാപം സ്‌പോൺസർ ചെയ്യുന്നതാണെന്ന് നിരവധി അനുഭവങ്ങളിലൂടെ തെളിഞ്ഞതാണ്.  തലസ്ഥാനനഗരിയിൽ വിവിധ പ്രദേശങ്ങളിൽ സിസിടിവിയുണ്ട്.  അതിലൂടെ ന്യൂനപക്ഷ ആരാധനാലയങ്ങൾ തകർക്കാൻ ശ്രമിച്ചവരെ തിരിച്ചറിയാൻകഴിയുകതന്നെ ചെയ്യും.  എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല.  34 സ്ഥലങ്ങളിലെ നമാസ് ഒഴിവാക്കണമെന്ന് ഭിഷണിപ്പെടുത്തുകയും പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ചെയ്തവർ ആരെന്ന് കൃത്യമായ വിവരം പോലീസിന് നൽകിയതാണ്.  വി.എച്ച്.പി., ബജ്രംഗ് ദൾ, ശിവസേന, ഹിന്ദുസേന, സ്വദേശി ജാഗരൺ മഞ്ച്, അഖിലഭാരതീയ ഹിന്ദു ക്രാന്തി ദൾ, തുടങ്ങിയ 12 സംഘടനകൾ രൂപീകരിച്ച സംയുക്ത ഹിന്ദു സമരസമിതിയുടെ പേരിലാണ് നമാസിനും കൃസ്ത്യൻ പള്ളിക്കുമെതിരായ നീക്കങ്ങൾക്ക് പിന്നിൽ.  പൊതുസ്ഥലങ്ങളിൽ പ്രാർത്ഥനാസ്വാതന്ത്ര്യം അനുവദിക്കാനാകില്ലെന്നാണ് ഇക്കൂട്ടർ പറയുന്നത്.  മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ദൈവം തൂണിലും തുരുമ്പിലുമുണ്ടെന്നാണ് കണക്കാക്കുന്നത്.  വിശ്വാസികൾ എവിടെനിന്നായാലും പ്രാർത്ഥിക്കുന്നത് ആ വിശ്വാസിയുടെ ആചാരാനുഷ്ഠാനങ്ങളനുസരിച്ചാണ്.

ഏത് മതത്തിൽ വിശ്വസിക്കണമെന്നും ഏത് രീതിയിലുള്ള ആരാധന നടത്തണമെന്നും പൗരന്മാർക്ക് തീരുമാനിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്.  അതിന് സംഘപരിവാറിന്റെ ഔദാര്യം വേണ്ടതില്ല.  ഇവിടെ അധികാരത്തിന്റെ ഹുങ്കിലൂടെയാണ് ഭരണഘടന നൽകുന്ന അവകാശം പോലും നിഷേധിക്കുന്നത്.  ഇത് ന്യൂനപക്ഷ മതവിശ്വാസികളുടെ മാത്രം പ്രശ്‌നമല്ല.  എല്ലാമതത്തിലെയും മതവിശ്വാസികളുടേതും മതേതരവിശ്വാസികളുടെയും സർവ്വോപരി എല്ലാ മനുഷ്യരുടെയും പ്രശ്‌നമാണ്.  കൂട്ടായി നമുക്ക് സംഘപരിവാർ നീക്കത്തെ തടയാൻ കഴിയണം.
– എം.വി. ജയരാജൻ

You might also like

-