ഇരട്ടക്കുട്ടികളുടെ കൊലപാതകം അമ്മക്ക് ജീവപര്യന്തം

0

തൊടുപുഴ:കോലാഹലമേട്ടില്‍ ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന കേസില്‍
മാതാവിന് ജീവപര്യന്തം തടവും പിഴയും. വാഗമണ്‍ മൊട്ടക്കുന്ന് ഭാഗത്ത് നിരാത്തില്‍ പ്രവീണിന്റെ ഭാര്യ വിജീഷയെയാണ് ജീവപര്യന്തം തടവിനും 25,000 രൂപ പിഴയൊടുക്കാനും
പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം കഠിനതടവിനും ശിക്ഷിച്ച് ജില്ലാ സെഷന്‍സ് ജഡ്ജി വി ജി അനില്‍കുമാര്‍ വിധി പ്രസ്താവിച്ചത്. 2013 ഒക്‌ടോബര്‍ 17 നാണ് കേസിനാസ്പദമായ സംഭവം. കുളിമുറിയില്‍ ഇരട്ടക്കുട്ടികളെ പ്രസവിച്ച ഉടന്‍തന്നെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.സ്‌നേഹത്തിലായിരുന്ന വിജിഷയുടേയും പ്രവീണിന്റെയും വിവാഹത്തിന് വിജിഷയുടെ
വീട്ടുകാര്‍ എതിരായിരുന്നു. ഇതിനാല്‍ വിവാഹം കഴിക്കാതെ തന്നെ പ്രവീണിന്റെ
വീട്ടില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരെപ്പോലെ ഒരുവര്‍ഷത്തോളം ജീവിച്ചു വരികയായിരുന്നു. തുടര്‍ന്ന് 2013 ഒക്‌ടോബര്‍ 17ന് ആലപ്പുഴ കളര്‍കോട് പുതുതായി തുടങ്ങിയ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിര്‍ധനരായ യുവതീ യുവാക്കള്‍ക്കായി നടത്തിയ സമൂഹ വിവാഹത്തിലായിരുന്നു ഇരുവരുടേയും വിവാഹം.

ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുവച്ച് നിറവയറുമായാണ് വിജിഷ കതിര്‍മണ്ഡപത്തില്‍ എത്തിയത്. അഞ്ചു ദമ്പതികളാണ് ചടങ്ങില്‍ ഉണ്ടായിരുന്നത്. വിവാഹിതരായ ദമ്പതികള്‍ക്ക് 25,000 രൂപയും അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപ വില വരുന്ന വസ്ത്രങ്ങളും ഓഡിറ്റോറിയം അധികൃതര്‍ നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് വൈകീട്ട് ആറുമണിയോടെ
വീട്ടിലെത്തിയ ഉടന്‍തന്നെ വിജിഷ കുളിമുറിയില്‍ ഇരട്ടക്കുട്ടികളെ പ്രസവിച്ചു. ഈ സമയം പ്രവീണിന്റെ അമ്മയും കുഞ്ഞമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. പ്രവീണ്‍ വിവാഹത്തിന് ഓട്ടം പോയ ജീപ്പുകൂലി കൊടുക്കാനും പിതാവ് സാധനങ്ങള്‍ വാങ്ങാനും പോയിരിക്കുകയായിരുന്നു.

കുളിമുറിയില്‍ കയറിയ വിജിഷ പാവടവള്ളി കെട്ടുവീണു എന്നുപറഞ്ഞ് ഇത് മുറിക്കുന്നതിനായി കത്തി ആവശ്യപ്പെട്ടു. അമ്മ ഇതെടുത്തു നല്‍കുകയും
ചെയ്തു. തുടര്‍ന്ന് അമിത രക്തസ്രാവത്തെ തുടര്‍ന്ന് വിജിഷ കുളിമുറിയില്‍ വീണു. ശബ്ദം കേട്ടെത്തിയ അമ്മയും കുഞ്ഞമ്മയും ഭര്‍ത്താവിനെ വിളിച്ചുവരുത്തിയ വിജിഷയെ ആശുപത്രിയിലെത്തിച്ചു. ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചതിനാല്‍ വിജിഷ പ്രസവിച്ച കാര്യവും കഴുത്തറുത്തതും അപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനയ്ക്കിടെ വിജിഷ പ്രസവിച്ചിട്ടുണ്ടെന്നും കുട്ടിയെ കൊണ്ടുവന്നാല്‍ മാത്രമേ ചികിത്സിക്കുകയുള്ളൂവെന്നും ഡോക്ടര്‍ പറഞ്ഞതോടെ പ്രവീണ്‍ വീട്ടിലുണ്ടായിരുന്ന പിതാവിനെ വിവരം അറിയിച്ചു. ഇദ്ദേഹം നടത്തിയ
പരിശോധനയിലാണ് ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്നശേഷം തുണിയില്‍
പൊതിഞ്ഞുവച്ചതായി കണ്ടെത്തിയത്. രണ്ടുകുട്ടികളേയും മൃതദേഹം മെഡിക്കല്‍
കോളജില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. വിജിഷയെ ആശുപത്രിയില്‍
നിന്ന് ഡിസ്ചാര്‍ജ് ചെയ്തതോടെ പോലീസ് അറസ്റ്റ് ചെയ്യകുയായിരുന്നു. താന്‍
ഗര്‍ഭിണിയായിട്ടില്ലെന്നും പ്രസവിച്ചിട്ടില്ലെന്നും കുട്ടികളെ കൊന്നിട്ടില്ലെന്നുമായിരുന്നു ഇവര്‍ കോടതിയില്‍ ബോധിപ്പിച്ചത്.കഴുത്തറുത്ത നിലയില്‍ പൊലീസുകാര്‍ എവിടെനിന്നോ കൊണ്ടുവന്ന കുട്ടികളുടെ
മൃതദേഹം മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ സഹായത്തോടെ താന്‍ പ്രസവിച്ചതായി
തെളിവുണ്ടാക്കി പൊലീസ് കുറ്റപത്രം നല്‍കിയെന്നാണ് വിജിഷ വാദിച്ചത്. എന്നാല്‍ വിജിഷ ഗര്‍ഭിണിയാണെന്ന കാര്യം തനിക്കറിയാമായിരുന്നെന്നും വിവാഹം കഴിക്കാത്തതിനാല്‍ മാനക്കേടോര്‍ത്ത് മറ്റാരോടും ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നും വണ്ണം കൂടുതലായതിനാല്‍ ഗര്‍ഭിണിയാണെന്ന കാര്യം മറ്റാരുടേയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും പ്രവീണ്‍ കോടതിയില്‍
മൊഴിനല്‍കിയിരുന്നു.പ്രവീണിന്റെയും ചികിത്സിച്ച ഡോക്ടറുടേയും മൊഴികളും മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകളും മറ്റ് സാഹചര്യ തെളിവുകളുമാണ് വിജിഷ കുറ്റക്കാരിയാണെന്ന് കണ്ടെത്തുന്നതിന് സഹായിച്ചത്. പീടുമേട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന പി വി മനോജ്കുമാറാണ് കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ബി.സുനില്‍ദത്ത് ഹാജരായി.

You might also like

-